അമ്പലംമുക്ക്-പിരപ്പന്‍കോട് ഔട്ടര്‍ റിങ് റോഡില്‍ കൂട്ടയിടി
text_fieldsഅമ്പലംമുക്ക്-പിരപ്പന്‍കോട് റിങ് റോഡിലുണ്ടായ അപകടങ്ങളില്‍ കേടുപറ്റിയ വാഹനങ്ങളും തകര്‍ന്ന മതിലും
വെഞ്ഞാറമൂട്: അമ്പലംമുക്ക് പിരപ്പന്‍കോട് ഔട്ടര്‍ റിങ് റോഡില്‍ വാനങ്ങളുടെ കൂട്ടിയിടി; നാലു വാഹനങ്ങള്‍ക്ക് കേടുപാട്, ഒരു വീടിന്റെ മതിലും ഗേറ്റും കാര്‍ ഷെഡ്ഡും തകര്‍ന്നു. മൂന്നു പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ 10.30 ന് വാമനപുരം അമ്പലംമുക്ക് പിരപ്പന്‍കോട് ഔട്ടര്‍ റിങ് റോഡില്‍ വട്ടയത്തായിരുന്നു അപകടങ്ങൾ.
പിരപ്പന്‍കോട് ഭാഗത്തുനിന്ന് കോണ്‍ക്രീറ്റ് മിക്‌സചറുമായി വന്ന മില്ലര്‍ വാഹനത്തില്‍ കെ.എസ്.ആര്‍.ടി.സി ബസിനെ മറികടന്നെത്തിയ കാര്‍ ഇടിച്ചതായിരുന്നു ആദ്യ അപകടം. ഇതോടെ നിയന്ത്രണംവിട്ട കോണ്‍ക്രീറ്റ് മിക്‌സ്ചറുമായെത്തിയ വാഹനം സമീപത്തെ മണ്‍തിട്ടയിലേക്ക് ഇടിച്ച് കയറുകയും വാഹനത്തിന് കേട് പറ്റുകയും ചെയ്തു. അപകടത്തില്‍പെട്ട കാറിലെ യാത്രക്കാരാണ് നിസാര പരിക്കുകളുണ്ടായത്.
കോണ്‍ക്രീറ്റ് മിക്‌സ്ചര്‍ വാഹനം നന്നാക്കാനെത്തിയ കരാര്‍ കമ്പനിയുടെ ജീവനക്കാര്‍ എത്തിയ പിക്കപ്പില്‍ പനവൂരില്‍ നിന്ന് വിവാഹ സംഘവുമായിത്തിയ ടൂറിസ്റ്റ് ബസ് ഇടിച്ചതാണ് രണ്ടാമത്തെ അപകടം. ഈ അപകടത്തില്‍ പിക്കപ്പിന് കേട് പറ്റുകയും ബസിന്റെ മുന്‍വശം തകരുകയുമുണ്ടായി. കൂടാതെ നിയന്ത്രണംവിട്ട ബസ് എതിര്‍ദിശയിലുള്ള കൈതറ വീട്ടില്‍ പുരുഷോത്തമന്‍ നായരുടെ വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറുകയും ചെയ്തു.
ഇടിയുടെ ആഘാതത്തില്‍ മതിലും ഗേറ്റും തകര്‍ന്നു. തകര്‍ന്ന മതിലിന്റെ സിമന്റുകട്ടകള്‍ വീണാണ് 10 അടി താഴ്ചയിലുള്ള വീടിന്റെ കാര്‍ ഷെഡ് തകര്‍ന്നത്. ഒരാഴ്ചക്കുള്ളില്‍ ചെറുതും വലുതുമായി ഒട്ടേറെ അപകടങ്ങള്‍ അമ്പലംമുക്ക് പിരപ്പന്‍കോട് റിങ് റോഡിലുണ്ടായിട്ടുണ്ട്.
വെഞ്ഞാറമൂട്ടിലെ മേല്‍പ്പാലം നിര്‍മ്മാണം ആരംഭിച്ചതിനു ശേഷം അമ്പലംമുക്കില്‍ നിന്നു തിരിച്ച് വിടുന്ന വാഹനങ്ങളാണ് റിങ് റോഡ് വഴി കടന്നു പോകുന്നത്. കയറ്റിറങ്ങളും വളവുകളും ഏറെയുള്ള റോഡില്‍ വേഗതനിയന്ത്രണ മുന്നറിയിപ്പ്, വളവ്, കയറ്റിറങ്ങള്‍ എന്നിവയെ സംബന്ധിച്ചുള്ള സൂചന നല്കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ല.


