വെഞ്ഞാറമൂട്ടില്‍ വൻ കവർച്ച; കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍നിന്ന് 40 പവനും പണവും നഷ്ടമായി
text_fields1. കവര്‍ച്ച നടന്ന വീടിന്റെ വാതിലിലെ കുറ്റി നശിപ്പിച്ച നിലയില്‍ 2. ആഭരണങ്ങള്‍ എടുത്തശേഷം പെട്ടികള്‍ മുറിയില്‍ ഉപേക്ഷിച്ച നിലയില്‍
വെഞ്ഞാറമൂട്: കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. 40 പവന് സ്വര്‍ണാഭരണങ്ങളും 5,000 രൂപയും നഷ്ടമായി. ഡി.സി.സി അംഗവും നെല്ലനാട് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ വലിയകട്ടയ്ക്കാല്‍ പാലത്തറ സുരേഷ് ഭവനില്‍ ആര്. അപ്പുക്കുട്ടന്‍പിള്ളയുടെ വീട്ടിൽ വ്യാഴാഴ്ചയായിരുന്നു മോഷണം.
വീടിന്റെ പിന്‍വശത്തും ഉള്ളിലുമുള്ള രണ്ട് വാതിലുകള്‍ കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. ഒന്നാംനിലയിലെത്തി കൊച്ചുമക്കള്‍ ഉറങ്ങുകയായിരുന്ന മുറിയിലുള്ള അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും അപഹരിക്കുകയായിരുന്നു.
അപ്പുക്കുട്ടന്‍പിള്ളയുടെ മരുമകളുടേതായിരുന്നു ആഭരണങ്ങള്‍. അധ്യാപികയായ ഇവര്‍ പുലര്‍ച്ച അഞ്ചോടെ ഉണര്‍ന്നെണീറ്റ് വന്നപ്പോള്‍ മുറിക്കുപുറത്ത് ഒരാള്‍ നില്‍ക്കുന്നത് കണ്ട് നിലവിളിച്ചു. ശബ്ദം കേട്ട് മറ്റംഗങ്ങള്‍ എത്തിയപ്പോഴേക്കും മോഷ്ടാവ് പുറത്തേക്കോടി രക്ഷപ്പെട്ടു.
തുടര്‍ന്ന് നടന്ന പരിശോധനയില്‍ മറ്റൊരുമുറിയില്‍ ആഭരണങ്ങള്‍ എടുത്ത ശേഷം പെട്ടികൾ ഉപേക്ഷിച്ചതായി കണ്ടെത്തി. വീടിന്റെ പിന്‍വശത്തെയും അകത്തേക്കുമുള്ള വാതിലുകള്‍ പൊളിച്ച നിലയിലും കണ്ടെത്തി. രാവിലെ നടന്ന പരിശോധനയില്‍ ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന മറ്റ് പെട്ടികളും ബാഗും വാതില്‍ കുത്തിപ്പൊളിക്കാന്‍ ഉപയോഗിച്ച കമ്പിപ്പാരയും പുരയിടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വിവരം അറിയിച്ചതിനെത്തുടർന്ന് വെഞ്ഞാറമൂട് എസ്.എച്ച്.ഒ. അനൂപ് കൃഷ്ണ, എസ്.ഐ സജിത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. തുടർന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പി. മഞ്ജുലാല്‍, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്ക്വാഡ് എന്നിവരെത്തി പരിശോധിച്ചു. പൊലീസ് നായ് വീട്ടില്‍നിന്ന് 250 മീറ്റര്‍ അകലെയുള്ള തോട് വരെ പോയി നിലയുറപ്പിച്ചു. തോട് മുറിച്ചുകടന്നാവും മോഷ്ടാക്കള്‍ പോയിട്ടുള്ളതെന്ന അനുമാനത്തിലാണ് പൊലീസ്.