കല്ലറ-പാങ്ങോട് വിപ്ലവത്തിന് ഇന്ന് 87 വയസ് തികയുന്നു
text_fieldsകല്ലറ-പാങ്ങോട് സമരത്തില്‍ പൊലീസ് വെടിവെപ്പ് നടന്ന പാങ്ങോട് പൊലീസ് സ്റ്റേഷന്
വെഞ്ഞാറമൂട്: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പ്രാദേശിക ചരിത്ര പട്ടികയില്‍ ഇടംപിടിച്ച ഐതിഹാസികമായ കല്ലറ-പാങ്ങോട് സമരത്തിന്റെ ഭാഗമായ പാങ്ങോട് പൊലീസ് സ്റ്റേഷന് മന്ദിരത്തിന് നേരെയുള്ള വെടിവെപ്പിന് ചൊവ്വാഴ്ച 87 വയസ് തികയുന്നു.
കല്ലറ ചന്തയിലെ അനധികൃത ചുങ്ക പിരിവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സായുധ വിപ്ലവത്തിലേക്ക് നയിച്ചത്. അന്നുണ്ടായ പൊലീസ് വെടിവെപ്പില്‍ സമരനേതാക്കളായ പ്ലാങ്കീഴ് കൃഷ്ണപിള്ളയും കൊച്ചുനാരായണന് ആശാരിയും മരിക്കുകയും അനശ്വര രക്തസാക്ഷികളുടെ പട്ടികയില്‍ ഇടംനേടുകയുമുണ്ടായി. അവരുടെ മൃതദേഹങ്ങള്‍ സമര ഭടന്മാരിലൊരാളായ ഘാതകന് ഗോപാലനാണ് പൊലീസ് സ്റ്റേഷന് മുന്നില്‍ കുഴിയെടുത്ത് സംസ്കരിച്ചത്. അടുത്ത ദിവസം കൂടുതല്‍ പൊലീസെത്തി സമരക്കാരെ നേരിടുകയും പലരെയും കൊലപ്പെടുത്തുകയും ചെയ്തു. പൊലീസ് അതിക്രമത്തെത്തുടര്‍ന്ന് പലരും നാടുവിട്ടു. സമരം ക്രൂരമായി അടിച്ചമര്‍ത്തപ്പെടുകയും ചെയ്തു.
സമരത്തിന് നേതൃത്വം നല്‍കിയിരുന്ന കൊച്ചപ്പി പിള്ളയേയും പട്ടാളം കൃഷ്ണനേയും 1940 ഡിസംബര്‍ 17നും 18 നുമായി തിരുവിതാംകൂര്‍ ഭരണകൂടം തൂക്കിലേറ്റി. അധികാരികളുടെ നിര്‍ദ്ദേശം അനുസരിച്ച് മാപ്പ് എഴുതി നല്കിയതിനാല് ശിക്ഷ റദ്ദാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും സി.പിയുടെ ഭരണകൂടം നീതികാട്ടിയില്ല. മറ്റൊരു പ്രതിയായ രാമേലിക്കോണം പദ്മനാഭന്, പൊലീസ് വീട് വളഞ്ഞപ്പോള്‍ ആത്മഹത്യ ചെയ്തു.
പാലുവള്ളി അബ്ബാസ് ചട്ടമ്പി, മഠത്തുവാതുക്കല്‍ ശങ്കരന് മുതലാളി, മാങ്കോട് ഹനീഫ ലബ്ബ, ഡ്രൈവര്‍ വാസു, ഗോപാലന്, പനച്ചക്കോട് ജമാല്‍ ലബ്ബ, കല്ലറ പദ്മനാഭപിള്ള, മാധവക്കുറുപ്പ്, കൊച്ചാലുംമൂട് അലിയാരുകുഞ്ഞ്, മുഹമ്മദാലി, വാവാക്കുട്ടി, കുഞ്ഞന്‍ പിള്ള, പാറ നാണന് തുടങ്ങിയവരായിരുന്നു സമര നേതാക്കള്‍. എന്നാല്‍ ചരിത്രത്തിലിടം പിടിച്ച കല്ലറ-പാങ്ങോട് സ്വാതന്ത്ര്യ സമരത്തിന് ഇനിയും ഉചിതമായ സ്മാരകം ഉണ്ടായിട്ടില്ല. സമര ചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഇനിയും വനരോദനമായി തുടരുകയാണ്.


