വാമനപുരം നദി പുനര്‍ജീവന പദ്ധതി: മാതൃക നീര്‍ത്തട വികസന മാസ്റ്റര്‍ പ്ലാന്‍ തുടക്കം
text_fieldsവാമനപുരം ബ്ലോക്ക് നീർത്തട വികസന മാസ്റ്റര്‍ പ്ലാന്‍ പ്രകാശന ചടങ്ങിന്റെ ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവഹിക്കുന്നു
വെഞ്ഞാറമൂട്: വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന വാമനപുരം നദി പുനര്‍ജീവന പദ്ധതിയുടെ മാതൃക നീര്‍ത്തട വികസന മാസ്റ്റര്‍ പ്ലാന്‍ പ്രകാശന ചടങ്ങ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.
ചെറു നീര്‍ത്തടങ്ങള്‍ ഒഴുകി ഒരു കേന്ദ്രത്തിലെത്തി പുഴയായി മാറുന്നതിന്റെ പ്രതീക സൂചകമായി 12 ചെറുകുടങ്ങളില്നിന്നും വെള്ളം വലിയൊരു കുടത്തിലേക്ക് പകർന്നായിരുന്നു ഉദ്ഘാടനം. 2023 ലെ ദേശീയ ജലശക്തി പുരസ്ക്കാരം നേടിയ പുല്ലമ്പാറ പഞ്ചായത്തിനുള്ള ഉപഹാര സമര്‍പ്പണവും മന്ത്രി ചടങ്ങില്‍ നടത്തി. ഡി.കെ. മുരളി എം.എല്‍.എ അധ്യക്ഷനായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം സ്വാഗതം പറഞ്ഞു. നീര്‍ധാര കോഡിനേറ്റര്‍ ബി.ബിജു റിപ്പോര്‍ട്ടും ദേശീയ തൊഴിലുറപ്പ് പദ്ധതി മിഷന് ഡയറക്ടര്‍ നിസാമുദ്ദീന്‍ മുഖ്യ. പ്രഭാഷണവും നടത്തി.
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി, പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേഷ്, വാമനപുരം പഞ്ചായത്ത് പ്രസിഡന്റ് ജി.ഒ. ശ്രീവിദ്യ, കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ലിസി.ജി.ജെ, ജില്ല പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ എസ്. സുനിത, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എം. റാസി, ജില്ല പഞ്ചായത്തംഗം ഷീലാ കുമാരി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വൈ.വി.ശോഭകുമാര്‍, അസീന ബീവി, പഞ്ചായത്തംഗം പുല്ലമ്പാറ ദിലീപ്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.