വിഴിഞ്ഞത്ത് മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്ക്: തുടർ നടപടികൾക്ക് അനുമതി
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്ക് സ്ഥാപിക്കാനുള്ള നടപടികൾക്ക് അനുമതി നൽകി സർക്കാർ. 50 ഏക്കർ ഭൂമിയാണ് ഇതിന് ആവശ്യമായി വരിക. പാർക്ക് ആരംഭിക്കാനുള്ള സന്നദ്ധത സെൻട്രൽ വെയർഹൗസിങ് കോർപറേഷൻ വിഴിഞ്ഞം സീപോർട്ട് ഇന്‍റർനാഷനൽ ലിമിറ്റഡിനെ (വിസിൽ) അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ വിസിൽ എം.ഡി സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് തുടർനടപടികൾ വേഗത്തിലാക്കാനുള്ള സർക്കാർ തീരുമാനം.
സെൻട്രൽ വെയർഹൗസിങ് കോർപറേഷന് അമരവിളഭാഗത്ത് റെയിൽവേ ലൈനിനോട് ചേർന്ന മേഖലയിൽ ഭൂമി കൈമാറാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. ഏക്കറിന് നാലരകോടി രൂപവരെ ഭൂമിക്ക് വില കണക്കാക്കുന്നു. സെൻട്രൽ വെയർഹൗസിങ് കോർപറേഷന് ഭൂമി ലഭ്യമാക്കി മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്ക് സജ്ജമാക്കുമ്പോഴുള്ള നേട്ടങ്ങളും വിസിൽ എം.ഡി സർക്കാറിന് നൽകിയ റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്. ഇതുപ്രകാരം പ്രതിമാസം ഒരേക്കറിന് ഒരു ലക്ഷം രൂപയാവും പാട്ടത്തുക. തുകയിൽ പ്രതിവർഷം അഞ്ച് ശതമാനം വർധനവും വരുത്തും.
പാർക്കിന്‍റെ പ്രവർത്തന വരുമാനത്തിന്‍റെ രണ്ട് ശതമാനം എല്ലാ മാസവും സർക്കാറിന് ലഭിക്കുമെന്ന വ്യവസ്ഥയും ഉൾപ്പെടുത്തും. ഇക്കാര്യങ്ങളടക്കം പാർക്കുമായി ബന്ധപ്പെട്ട തുടർപദ്ധതികൾ ചർച്ച ചെയ്ത് വ്യവസ്ഥകൾ തയാറാക്കാൻ വിസിൽ എം.ഡിയെ സർക്കാർ ചുമതലപ്പെടുത്തി. വരുംദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് വിസിൽ കടക്കും.


