അമിതവെളിച്ചം ഉപയോഗിച്ച് മീൻപിടിത്തം; തമിഴ്നാട് ട്രോളർ ബോട്ട് പിടിയിൽ
text_fieldsപിടികൂടിയ ട്രോളർ ബോട്ട്
വിഴിഞ്ഞം: നിയമവിരുദ്ധമായ ലൈറ്റ് ഫിഷിങ്ങിനായി അതിർത്തി കടന്നെത്തിയ തമിഴ്നാട് ട്രോളർ ബോട്ട് വിഴിഞ്ഞം മറൈൻ എൻഫോഴ്സ്മെന്റ് പിടികൂടി. മൂവായിരത്തിൽപ്പരം വാട്സ് ശക്തിയുള്ള 15 എൽ.ഇ.ഡി ബൾബുകളും കണ്ടെത്തി.
വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എസ്. രാജേഷിന്റെ നിർദേശപ്രകാരം മറൈൻ എന്ഫോഴ്സ്മെന്റ് സിവിൽ പൊലീസ് ഓഫിസർ അനന്തു, ലൈഫ് ഗാർഡുമാരായ ബനാൻഷ്യസ്, രാജൻ ക്ലീറ്റസ്, വിൽസൻ എന്നിവർ മറൈൻ ആംബുലൻസിൽ നടത്തിയ പട്രോളിങ്ങിനിടെയാണ് തമിഴ്നാട് തൂത്തൂർ സ്വദേശിയായ ജെയിൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ട്രോളർ ബോട്ട് കസ്റ്റഡിയിൽ എടുത്തത്. വിഴിഞ്ഞത്തു നിന്ന് ആറ് കിലോമീറ്റർ ഉള്ളിലായിരുന്നു പരിശോധന. അനധികൃതവും അശാസ്ത്രീയവുമായ മത്സ്യബന്ധനം തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.
രാത്രിയിൽ അമിത വെളിച്ചം ഉപയോഗിച്ചു മത്സ്യക്കൂട്ടങ്ങളെ ആകർഷിച്ച് ചെറുമത്സ്യങ്ങൾ ഉൾപ്പെടെയാണ് ഇവർ പിടിച്ചെടുക്കുന്നത്. ബോട്ടിന്റെ ഉടമയ്ക്കെതിരെ കേരള മത്സ്യബന്ധന നിയന്ത്രണ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് അധികൃതർ അറിയിച്ചു.