കരയോട് ചേർന്ന് മീൻ പിടിത്തം; ട്രോളർ ബോട്ട് പിടിയിൽ
text_fieldsകരയോട് ചേർന്ന് മത്സ്യബന്ധനം നടത്തിയ ബോട്ട്
വിഴിഞ്ഞം: പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പരാതിയെ തുടർന്ന് നിയമം ലംഘിച്ച് കരയോട് ചേർന്ന് മീൻ പിടിത്തം നടത്തിയ ട്രോളർ ബോട്ട് വിഴിഞ്ഞം മറൈൻ എൻഫോഴ്സ്മെന്റ് പിടികൂടി. കണവ ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ മീനും കസ്റ്റഡിയിലെടുത്തു. 15 തൊഴിലാളികളുമായി മീൻ പിടിത്തം നടത്തിയ കൊല്ലം നീണ്ടകര സ്വദേശി ഷീനിന്റെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി മാത എന്ന ബോട്ടാണ് ഇന്നലെ ഉച്ചക്ക് രണ്ടോടെ അധികൃതരുടെ പിടിയിലായത്. മറൈൻ ആംബുലൻസിനെ കണ്ട് ബോട്ടുമായി രക്ഷപ്പെടാൻ ശ്രമി ച്ചെങ്കിലും തീര സംരക്ഷണ സേനയുടെ പട്രോൾ ബോട്ട് വരുന്നത് ശ്രദ്ധയിൽപ്പെട്ട സംഘം ദൗത്യം ഉപേക്ഷിച്ചു. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു. മറൈൻ എൻഫോഴ്സ്മെന്റ് സി.പി.ഒ അനിൽകുമാർ, ലൈഫ് ഗാർഡുമാരായ പനിയടിമ, ജോണി, ആംബുലൻസ് ക്യാപ്റ്റൻ വാൾത്യൂസ് ശബരിയാർ, ചീഫ് അരവിന്ദ്, ശ്യാം മോഹൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. ബോട്ടും ജീവനക്കാരെയും വിഴിഞ്ഞത്ത് എത്തിച്ചു. പിടികൂടിയ മീൻ ലേലം ചെയ്ത് വിൽക്കുമെന്ന് അധികൃതർ അറിയിച്ചു.