വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവം: അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍
text_fieldsആത്മഹത്യ ചെയ്ത അനുഷ, അറസ്റ്റിലായ രാജം
വിഴിഞ്ഞം: അസഭ്യം പറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അയൽവാസിയായ വിഴിഞ്ഞം വെണ്ണിയൂർ നെല്ലിവിള സ്വദേശിനി രാജത്തിനെ (54) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞൽ കിഴക്കരികത്ത് വീട്ടിൽ അജുവിന്റെയും സുനിതയുടെയും മകളായ അനുഷയാണ് (18) കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
രാജത്തിന്റെ മകൻ രണ്ടാം വിവാഹം നടത്തിയതറിഞ്ഞ് ആദ്യ ഭാര്യ സ്ഥലത്തെത്തി. അവർ അനുഷയുടെ വീട്ടുവളപ്പിലൂടെയാണ് വീട്ടിലെത്തിയതെന്നും അതിന് സഹായം ചെയ്തതെന്നും പറഞ്ഞ് രാജം അസഭ്യം പറയുകയായിരുന്നു. ഇതിൽ മനംനൊന്ത് അനുഷ വിടിന്റെ ഒന്നാം നിലയിൽ കയറി മുറിയടച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.
ധനുവച്ചപുരം ഐ.ടി.ഐയിൽ ഒന്നാം വർഷം പ്രവേശനം നേടിയതായിരുന്നു അനുഷ. എസ്.എച്ച്.ഒ ആർ. പ്രകാശ്, എസ്.ഐ ദിനേശ്, എസ്.സി.പി.ഒ സാബു, വിനയകുമാർ, സുജിത എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.