കഞ്ചാവ് ഉപയോഗം എതിർത്തു; യുവാവിനെ ആക്രമിക്കാനെത്തിയ നാലുപേർ അറസ്റ്റിൽ
text_fieldsപിടിയിലായ പ്രതികൾ
വിഴിഞ്ഞം: കഞ്ചാവ് ഉപയോഗത്തെ എതിർത്ത യുവാവിനെ ആക്രമിക്കാൻ നാടൻ ബോംബും ആയുധവുമായെത്തിയ സംഘത്തിലെ നാല് പേർ അറസ്റ്റിൽ. വിഴിഞ്ഞം മുല്ലൂർ തോട്ടം അറപ്പുര പുത്തൻവീട്ടിൽ അനീഷ് (25), വിഴിഞ്ഞം നെട്ടത്താന്നി പ്രിയദർശിനി നാഗർ ആർ.വി. നിവാസിൽ ശരത് (19), വെങ്ങാനൂർ കോളിയൂർ കൈലിപ്പാറ വീട്ടിൽ അജിത് (23), വെങ്ങാനൂർ കല്ലുവെട്ടാൻ കുഴി എസ്.എഫ്.എസ് സ്കൂളിന് സമീപം അശ്വതി ഭവനിൽ ധനുഷ് (20) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞദിവസം രാത്രി തുറമുഖ നിർമാണ മേഖലക്ക് സമീപം കരിക്കാത്തി ബീച്ചിലായിരുന്നു അക്രമികൾ തമ്പടിച്ചത്. ഇവിടം കഞ്ചാവ് വിപണന സംഘങ്ങളുടെ കേന്ദ്രമാണെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു.
സംഘത്തെ പറഞ്ഞുവിലക്കാൻപോയ തോട്ടം സ്വദേശിയായ അഭിരാജും ലഹരിസംഘവുമായി തർക്കമുണ്ടായതായും പൊലീസ് പറയുന്നു. ഇതിന്റെ പ്രതികാരമായി യുവാക്കൾ നാടൻ ബോംബുമായി രാത്രിയിൽ കരിക്കാത്തി ബീച്ചിലെത്തി.
സ്ഥലത്തെത്തിയ പൊലീസിനെ കണ്ട് കൈയിൽ കരുതിയിരുന്ന നാടൻ ബോംബും കത്തിയും 30 ഗ്രാം കഞ്ചാവും ഉപേക്ഷിച്ച് കടന്ന നാലംഗ സംഘത്തിലെ മൂന്നുപേരെ രാത്രിയിൽ പിടികൂടി. ധനുഷിനെ കോവളത്ത് നിന്നും പിടികൂടി. ബോംബ് സ്ക്വാഡ് എത്തി ബോംബ് നിർവീര്യമാക്കി.