കോവളം-വിഴിഞ്ഞം മേഖലയിൽ കവർച്ചയും അക്രമവും; നാട്ടുകാർ ഭീതിയിൽ
text_fieldsവിഴിഞ്ഞം: കോവളം-വിഴിഞ്ഞം മേഖലയിൽ കവർച്ചക്കാരും അക്രമികളും സാമൂഹികവിരുദ്ധരും പിടിമുറുക്കിയത് ജനങ്ങളെ ഭീതിയിലാക്കുന്നു. കഴിഞ്ഞദിവസം രാത്രി വിഴിഞ്ഞം ഹാർബറിൽ നിർത്തിയിട്ടിരുന്ന മൂന്ന് കാറുകൾ അക്രമി അടിച്ചുതകർത്തതാണ് ഒടുവിലത്തെ സംഭവം. വിഴിഞ്ഞം പൊലീസ് സ്റ്റേഷന് സമീപത്ത് ഒരു തടിമില്ലിലും മറ്റ് രണ്ട് കടകളിലും മോഷണവും നടന്നു. പൊലീസ് ജാമ്യത്തിൽ വിട്ടയാളാണ് വാഹനങ്ങൾ അടിച്ചുതകർത്തതെന്നും ഇയാൾ നിരവധി കേസുകളിലെ പ്രതിയാണെന്നും നാട്ടുകാർ പറയുന്നു.
കോവളം-വിഴിഞ്ഞം സ്റ്റേഷൻ പരിധികളിൽ പൊലീസ് പട്രോളിങ് നിലച്ചത് ലഹരി മാഫിയക്കും അക്രമികൾക്കും അനുകൂല സാഹചര്യമൊരുക്കുന്നു. അക്രമികളെ അമർച്ച ചെയ്യാൻ ഒരു നടപടിയും അധികൃതർ സ്വീകരിക്കുന്നില്ല. പൊലീസിന്റെ നിഷ്ക്രിയത്വം മുതലെടുക്കുകയാണ് അക്രമികളും മോഷ്ടാക്കളും. കടകളിൽ നിന്ന് പണം ലഭിച്ചില്ലെങ്കിൽ അക്രമികൾ കടകളും വാഹനങ്ങളും അടിച്ചുതകർക്കുന്നത് പതിവാണെന്നും പരാതിപ്പെടുന്നവരുടെ വീടുകളിൽ കയറി ആക്രമിച്ച സംഭവങ്ങളുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. ഇതിനാൽ പരാതി നൽകാൻ ആരും തയാറാകാത്ത അവസ്ഥയുമുണ്ട്.
പൊലീസിന്റെയും പ്രാദേശിക രാഷ്ട്രീയത്തിലുമുള്ള ചിലരുടെ പിന്തുണയും സാമൂഹിക വിരുദ്ധർക്കുണ്ടെന്ന ആരോപണവും ശക്തമാണ്. ലഹരി മാഫിയയെയും സാമൂഹികവിരുദ്ധരെയും അമർച്ച ചെയ്ത് ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പുവരുത്താൻ പൊലീസ് പട്രോളിങ്ങും നടപടികളും ശക്തമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.