വിഴിഞ്ഞത്ത് കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്
text_fieldsഅപകടത്തിൽപെട്ട ബസുകൾ
വിഴിഞ്ഞം: വിഴിഞ്ഞത്ത് കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് 25ഓളംപേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ഡ്രൈവർമാരും കണ്ടക്ടർമാരും യാത്രക്കാരുമുൾപ്പെടെ ആറ് പേരെ മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ വിഴിഞ്ഞം സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകീട്ട് ആറരയോടെ വിഴിഞ്ഞം-മുക്കോല റോഡിൽ പുതിയ പാലത്തിന് സമീപം പട്രോൾ പമ്പിന് മുന്നിലെ വളവിലായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് പൂവാറിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് നിയന്ത്രണം തെറ്റി പൂവാറിൽനിന്ന് യാത്രക്കാരുമായി വിഴിഞ്ഞത്തേക്ക് വരുകയായിരുന്ന ഓർഡിനറി ബസിൽ ഇടിക്കുകയായിരുന്നു. ഓർഡിനറി ബസിന്റെ മുൻവശം ഇടിച്ച് തകർത്ത സ്വിഫ്റ്റ് ബസ് സമീപത്തെ വൈദ്യുതി പോസ്റ്റും തകർത്താണ് നിന്നത്.
ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ സ്വിഫ്റ്റ് ബസിലെ ഡ്രൈവർ ജിനീഷ് (45), കണ്ടക്ടർ അനില (34), ഓർഡിനറി ബസ് ഡ്രൈവർ ബിജു (47), കണ്ടക്ടർ അരുൺ (36), യാത്രക്കാരായ മണക്കാട് സ്വദേശി മഹേശ്വരി (29), എറണാകുളം സ്വദേശി ഗായത്രി (22) എന്നിവരെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബിജുവിന്റെ പരിക്ക് ഗുരുതരമെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റ യാത്രക്കാരെ വിഴിഞ്ഞം പൊലീസും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. ഇരു ബസുകളുടെയും മുൻഭാഗങ്ങൾ പൂർണമായും തകർന്നു. ഇതുവഴിയുള്ള ഗതാഗതം മണിക്കൂറോളം സ്തംഭിച്ചു. രാത്രി എട്ടരയോടെ ക്രെയിനിന്റെ സഹായത്തോടെ വാഹനങ്ങൾ മാറ്റിയാണ് ഗതാഗത തടസ്സം ഒഴിവാക്കിയത്.