തുറമുഖത്തിന് സമീപം ഏറ്റെടുത്ത സ്ഥലം കാട്മൂടി
text_fieldsവിസിൽ ഏറ്റെടുത്ത കാട് മൂടിയ സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടികിടക്കുന്നു
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് സമീപം മുല്ലൂർ വാർഡിൽ വിസിൽ ഏറ്റെടുത്ത് അദാനിക്ക് കൈമാറിയ സ്ഥലങ്ങൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കാട് മൂടിയതും പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുന്നതും പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. തുറസായിക്കിടക്കുന്ന പ്രദേശങ്ങളിൽ കാട് വെട്ടിത്തെളിക്കാത്തതിനാൽ ഈ പ്രദേശങ്ങൾ അണലി, മൂർഖൻ, കീരി, ഉടുമ്പ്, മരപ്പട്ടി, വള്ളിപ്പുലി തുടങ്ങിയവയുടെ ആവാസകേന്ദ്രമായി മാറി.
ഇത് പ്രദേശവാസികളെ ഭീതിയിലാക്കിയിരിക്കുകയാണെന്നും ഈ മേഖലയിൽ പാമ്പുകടി ഏൽക്കുന്നതും ആട്, കോഴി എന്നിവ നഷ്ടപെടുന്നതും പതിവാണെന്നും റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. കൂടാതെ വസ്തു ഏറ്റെടുത്ത പ്രദേശത്തെ കിണറുകളിലും സമീപ പ്രദേശങ്ങളിലും പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്നത് പതിവാണ്. ഇതും സമീപവാസികളെ ദുരിതത്തിലാക്കുന്നു.
പ്ലാസ്റ്റിക് നിക്ഷേപം തടയാൻ നടപടി വേണമെന്നും കാട് വെട്ടി തെളിക്കണമെന്നും ആവശ്യപ്പെട്ട് പലതവണ കോർപ്പറേഷൻ, വിസിൽ എന്നിവർക്കും ജില്ല കലക്ടർക്കും പരാതി നൽകിയിട്ടും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് പ്രദശ വാസികൾ പറഞ്ഞു.