റൗഡി ലിസ്റ്റിൽപെട്ട യുവാവ് പൊലീസുകാരെ ആക്രമിച്ചു
text_fieldsറോയ്
വിഴിഞ്ഞം: നാട്ടുകാരെ ഭീതിയിലാക്കി പ്രശ്നമുണ്ടാക്കിയ റൗഡി ലിസ്റ്റിൽപെട്ട യുവാവ് പിടികൂടാൻ എത്തിയ പോലീസുകാരെ ആക്രമിച്ചു; ജീപ്പിനും കേടുപാടുകൾ വരുത്തി. വിഴിഞ്ഞം അടിമലത്തുറ പുറമ്പോക്ക് പുരയിടത്തിൽ തുമ്പൻ റോയ് എന്ന റോയ് (28) ആണ് നാട്ടുകാരെയും പൊലീസുകാരെയും മുൽമുനയിലാക്കിയത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
നിരവധി കേസിലെ പ്രതിയായ റോയ് നാട്ടുകാരെ ആക്രമിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രേഡ് എസ്.ഐ സുചിത്ചന്ദ്രപ്രസാദിന്റെ നേതൃത്വത്തിൽ പോലീസ് സംഘം അടിമലത്തുറയിൽ എത്തിയത്. ഭീഷണി മുഴക്കി അഴിഞ്ഞാടിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി ജീപ്പിൽ കയറ്റി.
തുടർന്ന് ഇയാൾ കൂടുതൽ ജീപ്പിന്റെ ഗ്ലാസിനും സീറ്റുകൾക്കും കേടുപാടുകൾ വരുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച എസ്.ഐക്കും ക്യാമ്പിൽ നിന്നുള്ള രണ്ട് പോലീസുകാർക്കും മർദനമേറ്റു. ഏറെ സാഹസപ്പെട്ട് സ്റ്റേഷനിൽ എത്തിച്ച പ്രതിക്കെതിരെ നാട്ടുകാരെയും പൊലീസിനെയും ആക്രമിച്ചതുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ കൂടി എടുത്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തതായി വിഴിഞ്ഞം എസ്.എച്ച്.ഒ പ്രകാശ് പറഞ്ഞു.