‘സ്ത്രീപക്ഷ കേരളം’; വി.എസിൽ നിന്ന് കേരളം ഏറ്റുവിളിച്ച മുദ്രാവാക്യം
text_fieldsതിരുവനന്തപുരം: പോരാട്ടത്തിന്റെ പ്രതീകമായ വി.എസ്. അച്യുതാനന്ദന്റെ സംഭാവനയാണ് ‘സ്ത്രീപക്ഷ കേരളം’എന്ന മുദ്രാവാക്യം. വി.എസ് മുഖ്യധാരയിലുള്ളപ്പോഴാണ് കവിയൂർ, കിളിരൂർ, സൂര്യനെല്ലി, വിതുര, ഐസ് ക്രീം പാർലർ തുടങ്ങി നിരവധി പേർ പ്രതികളായ സ്ത്രീ പീഡന, പെൺവാണിഭ കേസുകളുണ്ടാകുന്നത്. മുഖം നോക്കാതെ നിലപാട് പ്രഖ്യാപിച്ച് ഇവയിലെല്ലാം ഇരകൾക്കുവേണ്ടി നിലകൊള്ളുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ഒരുപക്ഷേ അക്കാലംവരെ സ്ത്രീ പീഡന കേസുകളിൽ രാഷ്ട്രീയ നേട്ടത്തിനപ്പുറം ഇരകളുടെ നീതിക്കുവേണ്ടി ഒരു രാഷ്ട്രീയ നേതാവും നിലകൊണ്ടിരുന്നില്ല. ആ വേളയിലാണ് സ്ത്രീ സുരക്ഷ പൊതുവിഷയമായി വി.എസ് ഉയർത്തുന്നത്. ഇതോടെ രാഷ്ട്രീയ ഭേദമെന്യേ കേരളത്തിന്റെ വീട്ടകങ്ങളിലെ സ്ത്രീകൾ തങ്ങളുടെ രക്ഷകനായി വി.എസിനെ കണ്ടു.
വനിത സംഘടനകളാകെ രാഷ്ട്രീയത്തിനപ്പുറം വി.എസിനൊപ്പം അണിചേർന്നു. പാർട്ടിയെ പ്രതിസന്ധിയിലാക്കുമോ എന്നുനോക്കാതെയുള്ള സ്ത്രീ പക്ഷ നിലപാടായിരുന്നു വി.എസിന്. കിളിരൂർ കേസിൽ സി.പി.എം കുടുംബത്തിലെ ചിലർ പ്രതിസ്ഥാനത്താവുകയും പാർട്ടിയിലെ ഒരു വനിത നേതാവ് ഇടപെട്ടെന്ന ആക്ഷേപമുയരുകയും ചെയ്തിട്ടും, അതൊന്നും വകവെക്കാതെയാണ് വി.എസ് ഇരക്കു വേണ്ടി നിലകൊണ്ടത്. ഇങ്ങനെയുള്ള ഉറച്ച നിലപാടാണ് വി.എസിനെ ആഭ്യന്തര വകുപ്പില്ലാത്ത മുഖ്യമന്ത്രിയാക്കിയതെന്ന ആക്ഷേപവും അന്ന് ഉയർന്നിരുന്നു.
‘സത്രീ പീഡകരെ കൈയാമം വെച്ച് തെരുവിലൂടെ നടത്തും’എന്നുള്ള വി.എസിന്റെ കൂരമ്പായ പ്രസ്താവനയെ ഇരുകൈയും നീട്ടിയാണ് കേരളം വരവേറ്റത്. പിന്നാലെയാണ് സ്ത്രീ സുരക്ഷ എല്ലാ രാഷ്ട്രീയ പാർട്ടികളും മുഖ്യ മുദ്രാവാക്യമായി ഏറ്റെടുത്തതും തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ‘സ്ത്രീപക്ഷ കേരളം’ഉൾപ്പെടുത്തിയതും. വാളയാർ പെൺകുട്ടികളുടെ പീഡന മരണ കേസിലെ അന്വേഷണ വീഴ്ച ചൂണ്ടിക്കാട്ടിയ വി.എസ്, ഒഞ്ചിയത്ത് വെട്ടേറ്റ് മരിച്ച ടി.പി ചന്ദ്രശേഖരന്റ പത്നി കെ.കെ. രമയെ ആശ്വസിപ്പിച്ച് ചേർത്തു നിർത്തിയതിലും സ്ത്രീ സാന്ത്വന നിലപാട് കാണാം. രാഷ്ട്രീയ കോളിളക്കമായ ഐസ്ക്രീം പാർലർ കേസിൽ പാർട്ടിയടക്കം കൈയൊഴിത്തിട്ടും വി.എസ് സുപ്രീം കോടതി വരെ നിയമ പോരാട്ടം നടത്തി.
വിതുരയിൽ പീഡനത്തിനിരയായ പെൺകുട്ടി വി.എസിന് നൽകിയ പരാതിയിൽ മലയാള സിനിമയിലെ ഒരു നടന്റെ പേരുണ്ടായിരുന്നു. അക്കാരണത്താൽ തന്നെ ആ നടനുള്ള അവാർഡ് ദാനത്തിന് പോകാൻ വി.എസ് കൂട്ടാക്കിയില്ല. ഇക്കാര്യത്തിൽ നിർബന്ധം പിടിച്ച പേഴ്സനൽ അസിസ്റ്റൻറ് എ. സുരേഷിനോട് ‘ഞാൻ പോകുന്നത് രാഷ്ടീയമായി ശരിയല്ല’എന്നായിരുന്നു വി.എസിന്റെ മറുപടി. അതേസമയം രാഷ്ട്രീയ രംഗത്തെ ചില വനിതകൾക്കെതിരെ നടത്തിയ മോശം പരാമർശങ്ങളുടെ പേരിൽ വി.എസ് വലിയ പഴി കേട്ടിട്ടുമുണ്ട്.