മാലിന്യസംസ്കരണം; ‘കേന്ദ്രീകൃത’ സംവിധാനം വരുമെന്ന് കോർപറേഷൻ, ‘ഇൻഡോർ മോഡൽ’ പദ്ധതിയിൽ വ്യക്തതയില്ല
text_fieldsതിരുവനന്തപുരം: ജനരോഷം കാരണം വിളപ്പിൽശാല ഫാക്ടറി അടച്ചുപൂട്ടിയ ശേഷം തലസ്ഥാനം ഉപേക്ഷിച്ച ‘കേന്ദ്രീകൃത മാലിന്യ സംസ്കരണ’ പദ്ധതി വീണ്ടും നടപ്പാക്കാൻ ഒരുങ്ങി കോർപറേഷൻ ബി.ജെ.പി ഭരണസമിതി. മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ പദ്ധതി വീണ്ടും പാളുമോ എന്ന ആശങ്ക ഭരണസമിതിക്കുണ്ട്. കേന്ദ്രീകൃത സംവിധാനം പ്രായോഗികമല്ലെന്ന് കോർപറേഷൻ ഭരണസമിതികളും മാറിവന്ന സർക്കാറുകളും മുമ്പ് ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുള്ളതാണ്.
ബി.ജെ.പിയുടെ ‘ഇൻഡോർ മോഡൽ’ പദ്ധതിയാണ് ലക്ഷ്യമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, ഇത് നഗരത്തിനകത്ത് സ്ഥാപിക്കുമോ അതോ നഗരപരിധിക്ക് പുറത്താണോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വരുത്തിയിട്ടില്ല. നിലവിൽ വികേന്ദ്രീകൃത മാലിന്യസംസ്കരണമാണ് നഗരത്തിന് ഉചിതമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുമ്പോൾ, പുതിയ മാറ്റം രാഷ്ട്രീയ ചർച്ചകൾക്കും വഴിതുറന്നിട്ടുണ്ട്. നഗരത്തിലെ മാലിന്യപ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാൻ ഭരണസമിതിക്ക് കഴിയുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നതിനിടയിലാണ് പുതിയനീക്കം.
പ്രവർത്തിക്കുന്നത് രണ്ട് പ്ലാന്റുകൾ മാത്രം; മറ്റിടങ്ങളിൽ ലക്ഷങ്ങളുടെ നഷ്ടം
പാളയം, പേരൂർക്കട, ശ്രീകാര്യം, കഴക്കൂട്ടം, മുട്ടത്തറ പെരുനെല്ലി, മണക്കാട് തുടങ്ങി നഗരത്തിലെ പ്രധാന മാർക്കറ്റുകളിലെല്ലാം ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇതിൽ പാളയത്തും പെരുനെല്ലിയിലും മാത്രമാണ് പ്ലാന്റുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നത്.
പേരൂർക്കട: വർഷങ്ങൾക്ക് മുമ്പ് 25 ലക്ഷം രൂപ ചെലവാക്കി സ്ഥാപിച്ച പ്ലാന്റ് വെറും നാലു മാസം മാത്രമാണ് പ്രവർത്തിച്ചത്. അറ്റകുറ്റപ്പണിയുടെ പേരിൽ അടച്ചിട്ട ശേഷം ഇതുവരെ തുറന്നിട്ടില്ല. ഏഴ് ലക്ഷം രൂപ കൂടി മുടക്കിയാൽ മാത്രമേ പ്രവർത്തനസജ്ജമാകൂ എന്നാണ് എൻജിനീയറിങ് വിഭാഗത്തിന്റെ റിപ്പോർട്ട്.
മണക്കാട്: വാഴക്കുല മാർക്കറ്റിലെ പ്ലാന്റ് ആദ്യം മുതൽക്കേ അവതാളത്തിലായിരുന്നു. ഇല അവശിഷ്ടങ്ങൾ സംസ്കരിക്കാൻ പ്രയാസമായതിനാൽ വീട്ടിലെ മാലിന്യം കൊണ്ടുവന്ന് പ്രവർത്തനം ആരംഭിച്ചെങ്കിലും കുറച്ചു മാസങ്ങളായി ഇതും പൂട്ടിക്കിടക്കുകയാണ്.
മറ്റ് പ്ലാന്റുകൾ: ശ്രീകാര്യം, കഴക്കൂട്ടം മാർക്കറ്റുകളിലെ പ്ലാന്റുകളും നോക്കുകുത്തിയായി തുടരുന്നു. കുമരിച്ചന്ത ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പുതിയ സംവിധാനം വേണമെന്ന ആവശ്യവും അവഗണിക്കപ്പെട്ടു. നഗരത്തിലെ പ്രധാന പ്ലാന്റുകൾ നശിപ്പിക്കപ്പെടുകയും പുതിയ കേന്ദ്രീകൃത പദ്ധതികളെക്കുറിച്ച് അവ്യക്തത തുടരുകയും ചെയ്യുമ്പോൾ, തലസ്ഥാനത്തെ മാലിന്യനീക്കം വഴിമുട്ടുകയാണ്. വരും ദിവസങ്ങളിൽ വിഷയത്തിൽ പ്രതിപക്ഷ കക്ഷികൾ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.


