വീടുകളിൽ വെള്ളം കയറുന്നു; ജനജീവിതം ദുരിതത്തിലേക്ക്
text_fieldsചിറയിൻകീഴ്: മുതലപ്പൊഴി മൂടിയതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നു. പുതിയ ഡ്രഡ്ജർ കണ്ണൂർ നിന്നു പുറപ്പെട്ടു. ഒന്നര പതിറ്റാണ്ടിന് ശേഷം മുതലപ്പൊഴിയിൽ മണൽ മൂടി കായലും കടലും വേർപ്പെട്ടതോടെ ആറ് പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിലേക്ക് നീങ്ങുന്നു.
അഞ്ചുതെങ്ങ്, വക്കം, കടയ്ക്കാവൂർ, കഠിനംകുളം, അഴൂർ, ചിറയിൻകീഴ് പഞ്ചായത്തുകളിലെ കായൽ തീരങ്ങളിൽ താമസിക്കുന്നവരുടെ വീടുകളിലും പുരയിടങ്ങളിലും വെള്ളം കയറിതുടങ്ങി. അഞ്ചുതെങ്ങ് പഞ്ചായത്തിലെ കായൽത്തീരമേഖലയിലെ വീടുകളുടെ പടിക്കെട്ടോളം വെള്ളം കയറി.
മുതലപ്പൊഴിയിൽ കായൽ കടലിൽ ചേരുന്ന ഭാഗത്ത് മണൽതിട്ട രൂപപ്പെട്ടത്തോടെ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുകയും കഴിഞ്ഞ ദിവസങ്ങളിൽ വേനൽ മഴ ശക്തമാക്കുകയും ചെയ്തതാണ് കായൽ കരകവിഞ്ഞൊഴുകി പ്രദേശങ്ങളിൽ വെള്ളം കയറാൻ കാരണം. വരുംദിവസങ്ങളിൽ മഴ ശക്തമാവുകയും തൽസ്ഥിതി തുടരുകയും ചെയ്താൽ വീടുകൾക്കുള്ളിൽ വെള്ളം കയറുകയും അഞ്ഞൂറോളം കുടുംബങ്ങൾ ദുരിതത്തിലാവുകയും ചെയ്യും.
നിലവിൽ അഞ്ചുതെങ്ങ് പഞ്ചായത്തിലെ കേട്ടുപുര, മാമ്പള്ളി, കായിക്കര, വക്കം പഞ്ചായത്തിലെ പണയിൽകടവ്, ഇറങ്ങുകടവ് പ്രദേശങ്ങളിൽ കായൽ തീര മേഖലയിൽ അഞ്ഞൂറ് മീറ്ററോളം ഉള്ളിലേക്ക് വെള്ളം കയറികഴിഞ്ഞു. ഇറങ്ങുകടവിൽ പതിനൊന്നു വീടുകളുടെ ചുറ്റുപ്രദേശം വെള്ളം കയറി ആളുകൾക്ക് പുറത്തേക്ക് പോകാൻ പ്രയാസമായി.
വീടുകളുടെ ഇരുവശങ്ങളിലും വലിയ തോടുകളുള്ളത് വെള്ളം കയറി മൂടുകയും പുരയിടവും തോടും തമ്മിൽ ഒന്നാകുകയും ചെയ്തു. പ്രദേശത്ത് ഇഴജന്തു ശല്യവും രൂക്ഷമാണ്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ മേഖലകളിൽ കിണറുകളും സെപ്റ്റിക് ടാങ്കുകളും ഓടയുമെല്ലാം ഒന്നായിത്തീരുന്ന അവസ്ഥയാണ്.
വർഷങ്ങളായി മുതലപ്പൊഴിയിൽ മണൽതിട്ട രൂപപ്പെട്ട് പൊഴി അടയാറില്ല. 14 വർഷങ്ങൾക്കു മുമ്പാണ് ഒടുവിൽ പൊഴിയടഞ്ഞത്. കായലോര പ്രദേശങ്ങളിൽ വീടുകളുടെ എണ്ണം വളരെയധികം വർധിച്ചിട്ടുണ്ട്. അഞ്ചുതെങ്ങ് പഞ്ചായത്തിൽ പുനർഗേഹം പദ്ധതിപ്രകാരം നിർമ്മിച്ച വീടുകൾ കൂടുതലും കേട്ടുപുര മാമ്പള്ളി കായിക്കര മേഖലകളിലാണ്.
മുതലപ്പൊഴിയിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുന്നതിന് കൂടുതൽ ശേഷിയുള്ള മറ്റൊരു ഡ്രഗ്ജർ കൂടി എത്തിക്കുന്നു. ചന്ദ്രഗിരി എന്ന പേരുള്ള ഡ്രഡ്ജർ കണ്ണൂരിൽ നിന്നു പുറപ്പെട്ടു. കടൽ മാർഗം വ്യാഴാഴ്ച വൈകുന്നേരത്തോടെ മുതലപ്പൊഴി എത്തിച്ചേരുമെന്നാണ് കരുതപ്പെടുന്നത്.
ഡ്രഡ്ജർ കടന്നുവരുന്നതിന് അഴിമുഖത്ത് നിന്ന് 75 ശതമാനം പൊഴിമുഖം ഭാഗം മണൽ നീക്കം ചെയ്യാൻ ധാരണയായി. കടലിലൂടെ കൊണ്ടുവരുന്ന ഡ്രഡ്ജർ പൊഴിമുഖത്ത് കടക്കണമെങ്കിൽ നിശ്ചിത അളവിൽ മണൽ നീക്കം ചെയ്യേണ്ടതുണ്ട്. എസ്കവേറ്റർ ഉപയോഗിച്ച് മണൽ നീക്കുന്നതിനാണ് തീരുമാനം.
ഇതിനുള്ള ജോലികൾ തിങ്കളാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ചു. മൂന്ന് മീറ്റർ ആഴത്തിലും 13 മീറ്റർ വീതിയിലും ആണ് പൊഴി മുറിക്കുന്നത്. മുതലപ്പൊഴി ഉൾകടലിൽ ഡ്രഡ്ജർ എത്തിയാൽ ബാക്കി 25 ശതമാനം കൂടി തുറന്ന് പൊഴി പൂർണമായി തുറക്കാമെന്നും മത്സ്യത്തൊഴിലാളികൾ സമ്മതിച്ചു.