അമ്പമ്പോ എന്തൊരടിയടേയ്.... ജില്ല ഫുട്ബാൾ ലീഗിന് തുടക്കം
text_fieldsതിരുവനന്തപുരം ജില്ല ഫുട്ബാൾ ലീഗ് ജി.വി. രാജ സ്പോർട്സ് സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ
എം.കെ. സുരേന്ദ്രൻ കിക്കോഫ് ചെയ്ത് ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: ജി.വി. രാജയുടെ പുൽമൈതാനത്തെ തുകൽപന്തുകൊണ്ട് തീപിടിപ്പിച്ച് തിരുവനന്തപുരം ജില്ല ഫുട്ബാൾ ലീഗിന് ആവേശകരമായ തുടക്കം. ജില്ലയിലെ കൗമാരതാരങ്ങൾ ഗോൾമഴ വർഷിച്ചപ്പോൾ ഫുട്ബാൾ പ്രേമികൾ ആവേശത്തോടെ വിളിച്ചുകൂവി, അമ്പമ്പോ... എന്തൊരടിയടേയ്... വെള്ളിയാഴ്ച നടന്ന മത്സരങ്ങളിൽ പി.എസ്.എ പൂന്തുറ ക്ലബ് ട്രിവാൻഡ്രം സിറ്റി ഫുട്ബോൾ ക്ലബിനെ 20-0 ന് തോൽപ്പിച്ചു. പുന്തുറയുടെ ചുണക്കുട്ടികളെ ഒന്ന് വിറപ്പിക്കാൻപോലും സിറ്റി ഫുട്ബാളിന് കഴിഞ്ഞില്ല. പൂന്തുറക്കായി ബോയിറ്റ് ഏഴ് ഗോളും ഷൈജൻ അഞ്ചു ഗോളും നേടി.
മറ്റൊരു മത്സരത്തിൽ എമിറേറ്റ്സ് എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കൊമ്പൻസ് എഫ്.സി തോൽപിച്ചു. കൊമ്പൻസിനായി സച്ചിൻ രണ്ടും അലൻ ഒരു ഗോളും നേടി. വിജയ്യുടെ വകയായിരുന്നു എമിറേറ്റിന്റെ ആശ്വാസഗോൾ. ഇ ഡിവിഷൻ ലീഗ് മത്സരത്തിൽ അനന്തപുരി എഫ്.സി റോവേഴ്സ് എഫ്.സിയെ 5-0 ന് തകർത്തു. ജി.വി. രാജ സ്പോർട്സ് സ്കൂൾ പ്രിൻസിപ്പൽ ഡോ. എം.കെ. സുരേന്ദ്രൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ജില്ല ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി റഫീക്ക് കെ.എം, ട്രഷറർ സി. സെൽവകുമാർ, വൈസ് പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ, ജോയന്റ് സെക്രട്ടറി സനൽകുമാർ, എക്സിക്യുട്ടീവ് അംഗം ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.


