തിരുവനന്തപുരം ജില്ല പഞ്ചായത്ത് ആര് നേടും?
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കേളികൊട്ട് ഉയർന്നതോടെ നാടും നഗരവുമെങ്ങും രാഷ്‌ട്രീയ ചർച്ചകൾ മാത്രമാണ്. തിരുവനന്തപുരം കോർപറേഷനെപ്പോലെ തന്നെ സംസ്ഥാനമൊട്ടുക്കും ശ്രദ്ധ നേടുന്ന മറ്റൊരു തെരഞ്ഞെടുപ്പാണ് തിരുവനന്തപുരം ജില്ല പഞ്ചായത്തിന്റേത്. കഴിഞ്ഞ 10 വർഷമായി എൽ.ഡി.എഫാണ് ജില്ല പഞ്ചായത്തിന്റെ അമരക്കാർ. നാടിന്റെ വികസനത്തിന് മുൻതൂക്കം നൽകി നടപ്പാക്കിയ വികസന പദ്ധതികളുമായാണ് ഇക്കുറി എൽ.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
നടപ്പാക്കേണ്ട വിഷയങ്ങളിൽ പോലും കാണിച്ച വേർതിരിവുകളും പ്രശ്‌നങ്ങളും ഭരണ പോരായ്‌മയും ചൂണ്ടിക്കാട്ടാൻ യു.ഡി.എഫ് മുന്നിൽത്തന്നെയുണ്ട്. ഒരു സീറ്റിൽ പോലും വിജയിച്ചിട്ടില്ലെങ്കിലും ശക്‌തമായ സമരവുമായി ബി.ജെ.പിയും മത്സരരംഗത്തുണ്ട്. കഴിഞ്ഞ അഞ്ചു വർഷവും മാതൃകാപരമായ വികസന പ്രവർത്തനമാണ് നടത്തിയതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ പറയുമ്പോൾ തുടർപദ്ധതികളായിരുന്നു പലതുമെന്ന വിമർശനം ഉന്നയിക്കുകയാണ് യു.ഡി.എഫിലെ അൻസജിത റസൽ.
വികസനം, അതു മാത്രമാണ് എന്നും ലക്ഷ്യം
തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വർഷവും മാതൃകാപരമായ വികസന പ്രവർത്തനമാണ് നിലവിലെ ഭരണസമിതിയുടെ നേതൃത്വത്തിൽ ജില്ല പഞ്ചായത്തിൽ നടന്നതെന്ന് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ. റോഡുകളുടെ വികസനം, പരമ്പരാഗത വ്യവസായങ്ങളുടെ വളർച്ച. സ്കൂളുകളിൽ നടത്തിയ ആധുനിക നവീകരണ പ്രവർത്തനങ്ങൾ, സ്‌ത്രീകളുടെ മുന്നേറ്റത്തിനായുള്ള സമഗ്രമായ മാറ്റം, ആശുപത്രികളുടെ നവീകരണം, ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിൽ തുടങ്ങി സമസ്‌തയിടങ്ങളിലും വികസനം കൊണ്ടുവരാൻ കഴിഞ്ഞു. വികസന പ്രവർത്തന വിഷയങ്ങളിൽ ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിച്ചു നിന്നു. അതു തന്നെയാണ് ഞങ്ങൾ ജനങ്ങളോട് പറയുന്നതും. വികസനം, അതു മാത്രമാണ് എന്നും ലക്ഷ്യം.
ജില്ല പഞ്ചായത്ത് കീഴിലുള്ള 78 ഓളം എച്ച്.എസ്, എച്ച്.എസ്.എസ് സ്‌കൂളുകളിൽ സോളാർ സംവിധാനം നടപ്പാക്കി. കുട്ടികളിലെ ഇംഗ്ലീഷ് കമ്യൂണിക്കേഷൻ മികച്ചതാക്കാൻ ഗോട്ട്‌ലെക്ക് പദ്ധതി കൊണ്ടുവന്നു. കാർബൺ ന്യൂട്രൽ ജില്ലയാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. എല്ലാ മേളകളിലും ഗോട്ട്‌ലെക്ക് സ്‌റ്റാളുകൾക്ക് വൻ ഡിമാൻഡാണ്. കൗമാരക്കാരിലെ ലഹരി ഉപയോഗം കുറയ്ക്കുക, ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരാക്കുക എന്നീ ലക്ഷ്യങ്ങളോടെ 26 എച്ച്.എസ്.എസുകളിൽ ഹൈടെക് ജിം സ്ഥാപിച്ചു.
ആശുപത്രികളിലെ പ്രധാന പരാതിയായിരുന്ന മരുന്നുക്ഷാമം ഇല്ലാതാക്കി. ഒരു ആശുപത്രിക്ക് 60 മുതൽ 70 ലക്ഷം രൂപ വരെ മരുന്നിനായി മാറ്റിവച്ചു. ലാബുകൾ സ്ഥാപിച്ചു. വൃദ്ധ, അഗതിമന്ദിരങ്ങൾ നവീകരിച്ചു. വയോജന യാത്രകൾ സംഘടിപ്പിച്ചു. മാനസികാരോഗ്യത്തിൽ നിന്ന് മുക്തരായവർക്കായി വെഞ്ഞാറമൂട്ടിൽ ഒരു കെയർ ഹോം സ്ഥാപിച്ചിട്ടുണ്ട്. സ്‌ത്രീകൾക്കായും ഒരു കെട്ടിടം പണിയണം. അതിനായി 90 സെന്റ് സ്ഥലം വാങ്ങി.
വൃക്ക രോഗികൾക്കായി സൗജന്യ ഡയാലിസിസ് ആരംഭിച്ചു. അവയവമാറ്റ ശസ്‌ത്രക്രിയ നടത്തിയവർക്ക് മരുന്നുകൾ വീട്ടിലെത്തിച്ചു. നവോത്ഥാന കേന്ദ്രങ്ങളിൽ വിശ്രമകേന്ദ്രങ്ങൾ സ്ഥാപിച്ചു. ഭിന്നശേഷിക്കാർക്കായി മുച്ചക്ര വാർഹനങ്ങളും ട്രൈസ്‌കൂട്ടറുകളും നൽകി. വീട്ടമ്മയായി ഒതുങ്ങിയ നൂറോളം നഴ്‌സുമാർക്ക് വിവിധ ആശുപത്രികളിൽ ജോലി നൽകി. 73 സ്‌കൂളുകളിൽ 12000 രൂപ ഓണറേറിയത്തിൽ ലൈബ്രേറിയന്മാരെ നിയമിച്ചു.
നദികളിൽ നാട്ടുമത്സ്യകൃഷി വർധിപ്പിച്ചു. പട്ടികജാതി വിദ്യാർഥികൾക്കായി പഠനമുറിയും ആദിവാസി വിദ്യാർഥികൾക്കായി രാത്രികാല പഠനക്ലാസും ഒരുക്കി. ഫാം ഫെസ്‌റ്റും നിക്ഷേപ സംഗമങ്ങളും നടത്തി. ആറു പൊതുശ്‌മശാനങ്ങൾ തുറന്നു. നാലു തവണ സംസ്ഥാനത്തെ മികച്ച ജില്ല പഞ്ചായത്തായും രണ്ട് തവണ ഇന്ത്യയിലെ മികച്ച ജില്ല പഞ്ചായത്തായും തെരഞ്ഞെടുക്കപ്പെട്ടു. ആശുപത്രികളിലെ സ്റ്റാഫ് പാറ്റേൺ നവീകരിക്കുക, സ്‌കൂളുകളിലെ അക്കാഡമിക് നിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് ഇനിയുള്ള ലക്ഷ്യമെന്നും സുരേഷ് കുമാർ പറഞ്ഞു. -ഡി. സുരേഷ് കുമാർ (ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്)
ഇക്കുറി ഭരണത്തിന്റെ അമരത്ത് യു.ഡി.എഫ്
കഴിഞ്ഞ 10 വർഷമായി തുടർച്ചയായി എൽ.ഡി.എഫാണ് തിരുവനന്തപുരം ജില്ല പഞ്ചായത്ത് ഭരിക്കുന്നത്. ഫണ്ടുകളുടെ പദ്ധതി വിഹിതം വളരെയധികം വെട്ടിക്കുറയ്‌ക്കുകയാണ് ഇടതുസർക്കാർ ചെയ്‌തത്. റോഡു വികസനത്തിനായി നയാപൈസ തന്നിട്ടില്ല. ഇക്കുറി തെരഞ്ഞെടുപ്പായതുകൊണ്ടു മാത്രം പേരിന് കുറച്ച് ഫണ്ട് അനുവദിച്ചു, പക്ഷേ അത് കൈയിൽ കിട്ടിയിട്ടില്ല. പഴയ പ്രോജക്‌ടുകളുടെ ബാക്കികൾ നടപ്പാക്കിയെന്നല്ലാതെ പുതിയ ഒരു പ്രോജക്‌ടും ഉണ്ടായില്ല.
തുടർപദ്ധതികളായിരുന്നു പലതും. അനുമതി കിട്ടിയതിനോ പണമില്ലാത്തതിനാൽ പൂർത്തിയാക്കാനും കഴിഞ്ഞിട്ടില്ല. ഭൂരിപക്ഷം മറുവിഭാഗത്തിനായതിനാൽ ഫണ്ട് അനുവദിക്കുന്നതിൽ വേർതിരിവുണ്ട്. അടിച്ചമർത്തൽ രീതിയിലുള്ള പ്രവർത്തനങ്ങളായിരുന്നു ഏറെയും. യു.ഡി.എഫിന് അഞ്ച് അംഗങ്ങളാണ് ഉണ്ടായിരുന്നത്. ലഭ്യമായ തുക വച്ച് പരമാവധി ജോലികൾ ഞങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
വെള്ളറട വാർഡിൽ ചെമ്പൂര് മാർക്കറ്റ് നവീകരിച്ചു. അഞ്ച് ഇടങ്ങളിൽ വെയിറ്റിങ് ഷെഡ് സ്ഥാപിച്ചു. മൈലച്ചൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വികസന പ്രവർത്തനങ്ങൾ നടത്തി. സ്‌പോർട്സ് കിറ്റുകൾ സമ്മാനിച്ചു. സ്‌കൂളുകളിൽ 195 ജോഡി ബെഞ്ചും ഡെസ്‌കും വൈറ്റ് ബോർഡുകളും നൽകി. ഗ്രന്ഥശാലകളുടെ നവീകരണം നടത്തി. റോഡും പാലവും ഒക്കെ ഫണ്ട് ലഭ്യമാകുന്നതനുസരിച്ച് ശരിയാക്കി. അതോടൊപ്പം അടുത്ത തലമുറയെ വാർത്തെടുക്കാൻ മികച്ച സൗകര്യങ്ങൾ ഒരുക്കുകയെന്ന ലക്ഷ്യവും മുന്നോട്ടുകൊണ്ടുപോയി.
ഇക്കുറി തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ഉറപ്പായും തിരുവനന്തപുരം ജില്ല പഞ്ചായത്ത് ഭരണത്തിന്റെ അമരത്ത് യു.ഡി.എഫ് തന്നെയായിരിക്കും. ജില്ല പഞ്ചായത്തിൽ മാത്രമല്ല ബ്ലോക്കിലും ഗ്രാമപഞ്ചായത്തിലും കോർപറേഷനിലുമൊക്കെ യു.ഡി.എഫ് നേട്ടമുണ്ടാക്കും. അതിനായി കൂട്ടായ പ്രവർത്തനങ്ങൾ ഞങ്ങൾ തുടങ്ങികഴിഞ്ഞതായും അൻസജിത റസൽ പറഞ്ഞു.- അൻസജിത റസൽ (പ്രതിപക്ഷ നേതാവ്)


