റെയിൽവേയിൽ ജോലി വാഗ്ദാനം; 4.5 ലക്ഷം രൂപ തട്ടിയ യുവതി അറസ്റ്റിൽ
text_fieldsരേഷ്മ
തിരുവനന്തപുരം: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തു 4.5 ലക്ഷം രൂപ തട്ടിയ കേസിൽ യുവതി അറസ്റ്റിലായി. കൊല്ലം മുഖത്തല സ്വദേശി രേഷ്മയെ (23) ആണ് കൊച്ചുവെളിയിൽ നിന്ന് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. റെയിൽവേ തിരുവനന്തപുരം ഡിവിഷനിലെ റിക്രൂട്ട്മെന്റ് വിഭാഗം സീനിയർ ക്ർക്ക് ആണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
മണക്കാട് സ്വദേശിയായ യുവതിക്ക് തിരുവനന്തപുരം ഡിവിഷനിൽ ജൂനിയർ ക്ലാർക്കയും സഹോദരന് കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലാർക്കയും ജോലി തരപ്പെടുത്തി നൽകാമെന്നായിരുന്നു വാഗ്ദാനം. മേയ് 16നു റെയിൽവേയുടെ മുദ്രയുള്ള വിവിധ ഫോമുകൾ യുവതിയിൽ നിന്നും സഹോദരനിൽ നിന്നും ഒപ്പിട്ടു വാങ്ങി. തുടർന്ന് യുവതിയിൽ നിന്ന് 1.75 ലക്ഷം രൂപയും സഹോദരനിൽ നിന്ന് 2.8 ലക്ഷം രൂപയും ബാങ്ക് ഇടപാടിലൂടെ കൈപ്പറ്റിയ ശേഷം വ്യാജ നിയമന ശുപാർശ ഇരുവർക്കും അയച്ചു കൊടുത്തുവെന്ന് പൊലീസ് പറഞ്ഞു.
റെയിൽവേയുടെ പേരിൽ രേഖകളും നിയമന ഉത്തരവും വ്യാജമായി ചമച്ചായിരുന്നു തട്ടിപ്പ്. രേഷ്മ റെയിൽവേയിലെ മുൻ താൽകാലിക ജീവനക്കാരിയായിരുന്നു. ഈ പരിചയം വെച്ചാണ് റെയിൽവേയുടെ പേരിൽ രേഖകൾ നിർമിച്ചത്. ഇതിനു മറ്റാരുടെയെങ്കിലും സഹായമോ, പ്രേരണയോ ഉണ്ടോ എന്നു പൊലീസ് പരിശോധിച്ചുവരികയാണ്.
2022ൽ സമാന തട്ടിപ്പിൽ തമ്പാനൂർ പൊലീസ് രേഷ്മയെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നു വർഷം മുമ്പ് റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തു അരക്കോടിയോളം രൂപ തട്ടിയ റെയിൽവേ മുൻ ജീവനക്കാരനും തമിഴ്നാട് സ്വദേശിയുമായ മുരുകേശൻ പിള്ള വ്യാജമായി നിർമിച്ച നിയമന ഉത്തരവ് അടക്കമുള്ള രേഖകളും രേഷ്മ നൽകിയ രേഖകളും ഒരേ മാതൃകയിലുള്ളവയാണ്.
ക്ലർക്ക്, ഗ്രൂപ്പ് ഡി വിഭാഗങ്ങളിൽ ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് ഒട്ടേറെ പേരിൽ നിന്ന് രണ്ട് ലക്ഷം മുതൽ എട്ട് ലക്ഷം രൂപ വരെയാണ് മുരുകേശൻ വാങ്ങിയത്. രേഷ്മയും ക്ലർക്ക് തസ്തികയിൽ ജോലി നൽകാമെന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.