പൊലീസ് നാടുകടത്തിയ യുവാവ് വധശ്രമ കേസിൽ അറസ്റ്റിൽ
text_fieldsഅഭിജിത്
കല്ലമ്പലം: കാപ്പ നിയമപ്രകാരം പൊലീസ് പിടികൂടി നാടുകടത്തിയ യുവാവ് വധശ്രമ കേസിൽ അറസ്റ്റിലായി. ഒറ്റൂർ വെട്ടിമൺകോണം കുന്നുവിള വീട്ടിൽ അഭിജിത് (27) ആണ് അറസ്റ്റിലായത്.
ജൂലൈ 16ന് തിരുവനന്തപുരം ജില്ലയിൽ എട്ട് മാസത്തേക്ക് വിലക്ക് ഏർപ്പെടുത്തി പൊലീസ് ഇയാളെ നാടുകടത്തിയിരുന്നു. വിലക്ക് ലംഘിച്ച് തിരിച്ചുവന്ന് കഴിഞ്ഞദിവസം രാത്രിയിൽ കല്ലമ്പലം ജങ്ഷനിൽ സ്വകാര്യ ബസ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പിടിയിലാകുന്നത്.
കല്ലമ്പലം, കടയ്ക്കാവൂർ ,വർക്കല പൊലീസ് സ്റ്റേഷനുകളിലായി കൊലപാതക ശ്രമം ഉൾപ്പടെ എട്ടോളം കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കല്ലമ്പലം എസ്.എച്ച്.ഒ ഗോപകുമാർ, എസ്.ഐ സുനിൽകുമാർ, എ.എസ്.ഐ ഇർഷാദ്, എസ്.സി.പി.ഒ മാരായ അസീം, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കാപ്പ ലംഘനത്തിനും വധ ശ്രമത്തിനും കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


