Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഒ​ടു​വി​ൽ സീ​റ്റ്...

ഒ​ടു​വി​ൽ സീ​റ്റ് തെ​റി​ച്ചു; ആ​രോ​പ​ണ വി​ധേ​യ​രാ​യ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൂ​ട്ട സ്ഥ​ലംമാ​റ്റം

text_fields
bookmark_border
ഒ​ടു​വി​ൽ സീ​റ്റ് തെ​റി​ച്ചു; ആ​രോ​പ​ണ വി​ധേ​യ​രാ​യ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൂ​ട്ട സ്ഥ​ലംമാ​റ്റം
cancel

കൽപറ്റ: വിജിലൻസ് കേസിൽ ഉൾപ്പെട്ട റവന്യൂ ജീവനക്കാർക്ക് ഒടുവിൽ കൂട്ട സ്ഥലംമാറ്റം. ജോയന്‍റ് കൗൺസിൽ നേതാക്കൾ ഉൾപ്പെടെയുള്ളവരെയാണ് ഗത്യന്തരമില്ലാതെ സ്ഥലംമാറ്റിയത്. ആരോപണ വിധേയർ സ്വാധീനമുപയോഗിച്ച് നിയമവിരുദ്ധമായി ജനസമ്പർക്ക ഓഫിസുകളിൽ തുടരുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം 'മാധ്യമം' വാർത്ത നൽകിയിരുന്നു. അഴിമതി ആരോപണങ്ങളുയരുകയും ഇന്റലിജൻസ് എ.ഡി.ജി.പി കത്ത് നൽകുകയും ചെയ്തതോടെയാണ് കലക്ടറുടെ ഇടപെടലിൽ നാല് ഉദ്യോഗസ്ഥരെ മറ്റിടങ്ങളിലേക്ക് സ്ഥലം മാറ്റിയത്.

കൂടാതെ മാനദണ്ഡ വിരുദ്ധമായി നേരത്തേ സ്ഥലം മാറ്റിയ ജീവനക്കാരിക്കും പരാതിയെ തുടർന്ന് സ്ഥലം മാറ്റം നൽകി. അഴിമതി ആരോപണ വിധേയരായവരെ ഭരണകക്ഷി സർവിസ് സംഘടന സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് ജീവനക്കാർക്കിടയിൽ തന്നെ ശക്തമായ പ്രതിഷേധമുയർന്നിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ മറവിൽ ഇവരെ വീണ്ടും സംരക്ഷിക്കാനുള്ള നീക്കം കലക്ടറുടെയും എ.ഡി.എമ്മിന്‍റെയും ശക്തമായ ഇടപെടലിൽ നടന്നില്ല.

'മാധ്യമം' വാർത്തയെ തുടർന്ന് മന്ത്രിയുടെ ഇടപെടൽ ഉണ്ടായതായാണ് വിവരം. വിഷയത്തിൽ വെള്ളമുണ്ട വില്ലേജ് ഓഫിസറേയും കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു. അതേസമയം, ആരോപണ വിധേയർക്ക് ഏറ്റവുമടുത്തുള്ള സ്ഥലങ്ങളിലേക്ക് തന്നെ സ്ഥലം മാറ്റം നൽകിയതിനെതിരെ ജീവനക്കാരിൽ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ ആരോപണ വിധേയരിൽ കലക്ടറേറ്റിൽ ജോലി ചെയ്യുന്ന സർക്കാർ അനുകൂല സർവിസ് സംഘടനയുടെ ജില്ല നേതാവിനെ ഉൾപ്പെടെ സ്ഥലം മാറ്റാതെ സംരക്ഷിക്കുകയാണെന്നും ആരോപണമുണ്ട്.

ഇന്‍റലിജൻസ് എ.ഡി.ജി.പിയുടെ കത്തിന്‍റെ അടിസ്ഥാനത്തിൽ 2024ൽ അഴിമതി ആരോപണങ്ങളിൽ ഉൾപ്പെട്ടവരുടെ വിവരങ്ങളടങ്ങിയ കുറിപ്പ് കലക്ടറേറ്റിലെ എസ് വൺ സെക്ഷനിൽനിന്ന് ബന്ധപ്പെവർക്ക് കൈമാറിയിരുന്നെങ്കിലും നേതാക്കളുടെ ഇടപെടലിൽ നടപടിയെടുക്കാനായില്ല. ഒരു വർഷം കഴിഞ്ഞാണ് ഇപ്പോൾ നടപടി ഉണ്ടായത്. ആരോപണ വിധേയർക്കെതിരെ അച്ചടക്കനടപടി വൈകിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം ജീവനക്കാർ ലാൻഡ് റവന്യൂ കമീഷണർക്കും വിജിലൻസ് ഡയറക്ടർക്കും പരാതി നൽകിയിട്ടുണ്ട്.

നിലവിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ജില്ലയിലെ അര ഡസനോളം ഉദ്യോഗസ്ഥർ ഇപ്പോഴും ജനസമ്പർക്കമുള്ള ഓഫിസുകളിൽ തുടരുന്നതായാണ് വിവരം. ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് സി.പി.ഐ നിയന്ത്രണത്തിലുള്ള ഭരണകക്ഷി സർവിസ് സംഘടനയായ ജോയന്റ് കൗൺസിലിൽ അഴിമതി ആരോപണം ഉയർന്ന സംസ്ഥാന കൗൺസിൽ അംഗം ഉൾപ്പെടെ മൂന്ന് നേതാക്കളെ പ്രാഥമിക അംഗത്വം മാത്രം നിലനിർത്തി സംഘടന ചുമതലകളിൽനിന്നും കഴിഞ്ഞ മാസം നീക്കിയിരുന്നു. എന്നാൽ, ഇത് സംഘടയുടെ മുഖം രക്ഷിക്കാനുള്ള തന്ത്രം മാത്രമാണെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. അഴിമതി ആരോപണ വിധേയരെ സംരക്ഷിക്കുന്ന സർവിസ് സംഘടന നടപടി സർക്കാറിനും ഭരണ കക്ഷികൾക്കും വലിയ നാണക്കേടുണ്ടാക്കിയിട്ടുണ്ട്.

ജീവനക്കാരുടെ സ്ഥലംമാറ്റം കൈകാര്യം ചെയ്യുന്ന സീറ്റിലും അച്ചടക്ക നടപടി കൈകാര്യം ചെയ്യുന്ന സീറ്റിലും നിരവധി ഫയലുകളിൽ തീരുമാനമാകാതെ വൈകിപ്പിക്കുന്നത് സർവിസ് സംഘടനയുടെ സമ്മർദ ഫലമാണെന്നാണ് ആരോപണം. പുതിയ സ്ഥലം മാറ്റം നടപടി നിർത്തിവെപ്പിക്കാനും സർവിസ് സംഘടനാ നേതാവ് കലക്ടറുടെ മേൽ ശക്തമായ സമ്മർദം ചെലുത്തിയെങ്കിലും വഴങ്ങിയില്ലെന്നാണ് വിവരം.

Show Full Article
TAGS:Latest News news Kerala News Wayanad News 
News Summary - a large number of accused revenue officials were transferred
Next Story