തട്ടുകടയിൽ രുചിക്കൂട്ടൊരുക്കി പി.ജിക്കാരിയും എൽ.എൽ.ബിക്കാരിയും പ്ലസ്ടുകാരിയും
text_fieldsവൈത്തിരി: സഞ്ചാരികൾക്ക് രുചിയൂറും പലഹാരങ്ങളൊരുക്കുന്ന തിരക്കിലാണ് ഈ സഹോദരിമാർ. ഓട്ടോ ഡ്രൈവർ ലക്കിടി സ്വദേശി പൊട്ടച്ചോല അലിയുടെ പെൺമക്കളായ, കണക്കിൽ ബിരുദാനന്തര ബിരുദം നേടിയ മിഷ്ബാ ഷെറിനും എൽ.എൽ.ബിക്കുശേഷം ബി.ബി.എ ചെയ്യുന്ന അഷ്മില തെസ്നിയും പ്ലസ് ടു കഴിഞ്ഞ അൻഷാരയുമാണ് ഈ മിടുക്കികൾ.
പഠന ചെലവുകൾക്കും മറ്റുമായി സ്വയം വരുമാന മാർഗം കണ്ടെത്താൻവേണ്ടിയാണ് ലക്കിടി എൽ.പി സ്കൂളിനു സമീപം ദേശീയ പാതയോരത്ത് ഇവർ രാത്രികാല തട്ടുകട തുടങ്ങിയത്. ഉപ്പ അലിയുടെയും ഉമ്മ ഷാനിബയുടെയും പിന്തുണയും കൂടിയായപ്പോൾ പിന്നെ മറ്റൊന്നും ആലോചിച്ചില്ല.
നിലവാരമുള്ള നല്ല പലഹാരങ്ങൾ വീട്ടിലുണ്ടാക്കി കൊണ്ടുവരുകയാണ് പതിവ്. ചിക്കൻ കട് ലറ്റ്, മോമോസ്, ചിക്കൻ ഷവർമ, കോഴിയട, ബ്രെഡ് പോക്കറ്റ്, കാട മുട്ട ഫ്രൈ തുടങ്ങി നാവിൽ വെള്ളമൂറുന്ന നിരവധി പലഹാരങ്ങളാണ് എത്തിക്കുന്നത്. വാഹനങ്ങളിലെത്തുന്ന കുടുംബങ്ങളാണ് മുഖ്യമായും തട്ടുകടയിലെ സന്ദർശകർ. വൈകീട്ട് നാല് മുതൽ എട്ട് വരെ തുറക്കുന്ന കടയിലേക്ക് കൊണ്ടുവരുന്ന പലഹാരങ്ങളെല്ലാം ആ ദിവസംതന്നെ വിറ്റുപോകും. കട പൂട്ടുന്നതുവരെ പിതാവ് അലി കൂടെയുണ്ടാകും.