എ.ഐ കാമറയിൽ പതിഞ്ഞു; തോട്ടിയുമായി പോയ കെ.എസ്.ഇ.ബി വാഹനത്തിന് 20,500 രൂപ പിഴ
text_fieldsഅമ്പലവയൽ: വിവിധ ജോലികൾക്കായി വാഹനങ്ങൾക്കു മുകളിലായി സാധനങ്ങൾ കൊണ്ടുപോയാൽ ‘പണി’ കിട്ടും. കാരണം എ.ഐ കാമറയിൽ പതിഞ്ഞാൽ ആയിരങ്ങൾ വാഹന ഉടമ പിഴ ചുമത്തേണ്ടി വരും. നിർമാണ ജോലികൾക്കടക്കം ആവശ്യമായ സാധനങ്ങൾകൊണ്ടുപോകാൻ നിലവിൽ മറ്റുവഴികളല്ല. കഴിഞ്ഞദിവസം മരക്കൊമ്പുകൾ നീക്കം ചെയ്യാൻ ജീപ്പിനുമുകളിൽ തോട്ടിയുമായി പോയ കെ.എസ്.ഇ.ബി വാഹനവും എ.ഐ കാമറയിൽ കുടുങ്ങി.
മരക്കൊമ്പ് മുറിക്കാൻ തോട്ടിയുമായി പോയ അമ്പലവയൽ കെ.എസ്.ഇ.ബിയിലെ ജീപ്പിനാണ് ‘പണി’ കിട്ടിയത്. മോട്ടോർ വാഹന വകുപ്പ് 20,500 രൂപ പിഴയുമിട്ടു. കെ.എസ്.ഇ.ബിക്കായി കരാറിൽ ഓടുന്ന ജീപ്പിനാണ് പിഴയിട്ടത്. പിഴയടക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ് കൈപ്പറ്റിയപ്പോഴാണ് വാഹനയുടമ വിവരം അറിയുന്നത്.
കെ.എസ്.ഇ.ബി അധികൃതർ മോട്ടോർ വാഹന വകുപ്പുമായി സംസരിച്ചതിനെ തുടർന്ന് സാധനങ്ങൾ കൊണ്ടുപോയതിന് ചുമത്തിയ 20000 രൂപ പിഴ ഒഴിവാക്കുകയും ഡ്രൈവർക്ക് സീറ്റ് ബെൽറ്റ് ഇടാത്തതിന് 500 രൂപ പിഴ അടക്കാൻ നിർദേശിക്കുകയും ചെയ്തു.