കാരാപ്പുഴ ഡാമിനോട് ജലസേചന വകുപ്പിന്റെ അവഗണന
text_fieldsകുട്ടികളുടെ പാർക്ക്
അമ്പലവയൽ: ജില്ലയിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന കാരാപ്പുഴ ഡാമിനോട് ജലസേചന വകുപ്പിന് അവഗണന. അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്ന കാര്യത്തിൽപോലും അധികൃതർ തികഞ്ഞ അലംഭാവം കാണിക്കുന്നതായാണ് സഞ്ചാരികൾ പരാതിപ്പെടുന്നത്. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കുട്ടികളുടെ പാർക്കിന്റെ നവീകരണ പ്രവൃത്തി നിലച്ച മട്ടാണ്. നൂറുകണക്കിന് വാഹനങ്ങൾ ദിവസേന എത്തുന്ന കാരാപ്പുഴ ഡാമിൽ അവ പാർക്ക് ചെയ്യാനുള്ള സൗകര്യം നാമമാത്രമാണ്.
ഡാമിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനും സഞ്ചാരികൾക്ക് വേണ്ടത്ര സൗകര്യം ഒരുക്കിയിട്ടില്ല. മഴയും വെയിലും കൊണ്ടുവേണം ടിക്കറ്റെടുക്കുന്നതിന് ക്യൂ നിൽക്കാൻ. സാഹസിക റൈഡുകളും ഉദ്യാനവുമെല്ലാം കാരാപ്പുഴയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. കാരാപ്പുഴ അണക്കെട്ടിന്റെ പ്രവേശനകവാടത്തോടു ചേര്‍ന്ന 14 ഏക്കര്‍ വിസ്തൃതിയിലാണ് കാഴ്ചകളുടേയും സാഹസികതയുടേയും ലോകം സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്.
വാഹന പാർക്കിങ് ഏരിയ
ജലസേചനപദ്ധതിയായ കാരാപ്പുഴ അണക്കെട്ടും അഡ്വഞ്ചർ ടൂറിസവുമാണ് ഈ കേന്ദ്രത്തിന്റെ പ്രത്യേകത. എന്നാൽ, അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്ന കാര്യത്തിൽ അധികൃതർ കാണിക്കുന്ന അലംഭാവം ഇവിടെയെത്തുന്ന സഞ്ചാരികളെ ദുരിതത്തിലാക്കുന്നു. അണക്കെട്ടിനഭിമുഖമായി ക്രമീകരിച്ചിരിക്കുന്ന കേരളത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള സിപ് ലൈൻ ഉൾപ്പെടെയുള്ള ടൂറിസം നിരവധി സഞ്ചാരികളെയാണ് ഇവിടേക്ക് ആകർഷിക്കുന്നത്.
വേനലവധിക്കാലമായതോടെ കാരാപ്പുഴയിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് ആറ് വരെയാണ് പ്രവേശനം. എന്നാൽ, രാത്രി കാഴ്ചകള്‍ ഉൾപ്പെടെ ആസ്വദിക്കാനും തിരക്ക് കുറക്കാനും സഞ്ചാരികളുടെ സൗകര്യം പരിഗണിച്ച് പ്രവേശന സമയം ദീർഘിപ്പിക്കണമെന്ന ആവശ്യവും അധികൃതർ ഇതുവരെ പരിഗണിച്ചിട്ടില്ല.