അടിയേറ്റ് വയോധികൻ മരിച്ച സംഭവം: പ്രതിക്ക് തടവും പിഴയും
text_fieldsപ്രതി രാമൻകുട്ടി
അമ്പലവയൽ: വീട്ടിൽ അതിക്രമിച്ചു കയറി കൈകൊണ്ടും മുളവടി കൊണ്ടും അടിച്ചു ഗുരുതര പരിക്കേറ്റ വയോധികൻ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ പ്രതിക്ക് അഞ്ചു വർഷം തടവും 25000 രൂപ പിഴയും. അമ്പലവയൽ കുമ്പളേരി കരംകൊല്ലി കോളനിയിലെ രാമൻകുട്ടി (49)യെയാണ് കൽപ്പറ്റ അഡിഷണൽ സെഷൻസ് കോടതി ജഡ്ജി വി. അനസ് ശിക്ഷിച്ചത്. 2023 ഫെബ്രുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ആയിരംകൊല്ലി കോളനിയിലെ മാതൻ (60) ആണ് മരണപ്പെട്ടത്.
രാമൻകുട്ടിയുടെ മകന്റെ ഭാര്യ ബന്ധുവായ മാതനെ കാണാൻ പോയ വിരോധത്താൽ മാതന്റെ വീട്ടിൽ അതിക്രമിച്ചു കയറി മർദിക്കുകയായിരുന്നു. വാരിയെല്ല് തകർന്ന് ശ്വാസകോശത്തിൽ തറച്ച് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. അന്നത്തെ അമ്പലവയൽ എസ്.എച്ച്.ഒ എം.വി. പളനിയാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. എസ്.ഐ പി.ജി. രാംജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.എം. പ്രഭാകരൻ, സിവിൽ പൊലീസ് ഓഫീസർ പി. മുഹമ്മദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഭിലാഷ് ജോസഫ് ഹാജരായി.