ആഫ്രിക്കയിൽനിന്ന് സ്ഥിരീകരണം; കരിങ്കൊക്ക് വഴിതെറ്റിയെത്തിയത്
text_fieldsകരിങ്കൊക്ക് പറക്കുന്ന ദൃശ്യം
തൃക്കരിപ്പൂർ: കുണിയൻ ചതുപ്പിൽ കഴിഞ്ഞദിവസം കണ്ട കരിങ്കൊക്ക് ആഫ്രിക്കൻ ബ്ലാക്ക് ഹെറോൺ (ഈഗ്രറ്റ ആർഡെസിയാക്ക) തന്നെയാണെന്ന് കിഴക്കൻ ആഫ്രിക്കയിലെ പ്രമുഖ പക്ഷിനിരീക്ഷകൻ ടെറി സ്റ്റീവൻസൺ സ്ഥിരീകരിച്ചു.
മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി മുൻ സെക്രട്ടറി സത്യൻ മേപ്പയൂരാണ് കുണിയനിൽ കണ്ട പക്ഷിയുടെ പടം അയച്ച് ടെറിയെ ബന്ധപ്പെട്ടത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ സഹാറ മരുഭൂമിയുടെ തെക്കുഭാഗത്തും മഡഗാസ്കറിലുമാണ് ഇവയെ കാണാറുള്ളത്.ഇവിടെനിന്ന് ദേശാടനം നടത്തുന്നതായി നിരീക്ഷകർ രേഖപ്പെടുത്തിയിട്ടില്ല.
ഫീൽഡ് ഗൈഡ് ടു ബേർഡ്സ് ഓഫ് ഈസ്റ്റ് ആഫ്രിക്ക എന്ന പുസ്തകത്തിന്റെ രചയിതാവായ ടെറി വിഖ്യാത പക്ഷിനിരീക്ഷകനാണ്. ഇര പിടിക്കുന്നതിനുമുമ്പ്, പക്ഷി അതിന്റെ ചിറകുകൾ കുടപോലെ വിടർത്തി, തല അതിനടിയിലേക്ക് താഴ്ത്തിനിർത്തുന്നു. മത്സ്യങ്ങൾ ആ തണലിലേക്ക് ആകർഷിക്കപ്പെട്ട് എത്തുമ്പോൾ പിടികൂടുന്നു.
മഞ്ഞ പാദങ്ങളാണ് ഇവയെ തിരിച്ചറിയാനുള്ള മറ്റൊരു മാർഗം. ഫോട്ടോഗ്രാഫർ അഭിലാഷ് പത്മനാഭൻ പക്ഷിയുടെ സവിശേഷ ഇരപിടിത്തവും പറക്കലും പകർത്തിയതോടെയാണ് അത്യപൂർവ അതിഥിയുടെ സാന്നിധ്യം ശാസ്ത്രലോകമറിയുന്നത്.
പൊതുവേ ദേശാടകരല്ലാത്ത ഈ പറവ കൂട്ടംതെറ്റി കുണിയനിൽ എത്തിയതാവാമെന്ന് സുവളോജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞൻ ഡോ. ജാഫർ പാലോട്ട് അഭിപ്രായപ്പെട്ടു. ഒരു പക്ഷിയെ മാത്രമാണ് കുണിയനിൽ നിരീക്ഷിച്ചത്. അതേസമയം, സൗദിയിലും ഇന്ത്യയിൽ ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലും നേരത്തെ പക്ഷിയെ കണ്ടതായി റിപ്പോർട്ട് ഉള്ളതായി സത്യൻ മേപ്പയൂർ പറഞ്ഞു.


