400 കിലോ കുരുമുളക് മോഷ്ടിച്ച യുവാക്കൾ പിടിയിൽ
text_fieldsഅഭിജിത്ത് രാജ്, നന്ദകുമാര്‍, അമല്‍, നവീന്‍രാജ്
അമ്പലവയല്‍: 400 കിലോയോളം ഉണക്ക കുരുമുളക് മോഷ്ടിച്ച യുവാക്കളെ അമ്പലവയല്‍ പൊലീസ് പിടികൂടി. തോമാട്ടുച്ചാല്‍ ആനപ്പാറ തോണിക്കല്ലേല്‍ വീട്ടില്‍ അഭിജിത്ത് രാജ്(18), മഞ്ഞപ്പാറ കാളിലാക്കല്‍ വീട്ടില്‍ നന്ദകുമാര്‍ (22), ബീനാച്ചി പഴപ്പത്തൂര്‍ ആനയംകുണ്ട് വീട്ടില്‍ എ.ആര്. നവീന്‍രാജ് (20), അമ്പലക്കുന്ന് വീട്ടില്‍ എം.എ. അമല്‍ (19) എന്നിവരെയാണ് എസ്.എച്ച്.ഒ കെ.പി. പ്രവീൺ കുമാറിന്റെ മേൽനോട്ടത്തിൽ എസ്.ഐ കെ.എ. ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
മാര്‍ച്ച് 15ന് രാത്രിയാണ് സംഭവം. മഞ്ഞപ്പാറയില്‍ അമ്പലവയല്‍ സ്വദേശി ലീസിന് എടുത്ത വീട്ടില്‍ കയറിയാണ് ഇവര്‍ മോഷണം നടത്തിയത്. വില്പനക്ക് പാകമായ രണ്ടു ലക്ഷത്തോളം രൂപ വില വരുന്ന ഉണക്ക കുരുമുളകാണ് കവര്‍ന്നത്. എസ്.സി.പി.ഒ വി.കെ. രവി, സി.പി.ഒമാരായ കെ.ബി. പ്രശാന്ത്, ജോജി, വി.എസ്. സന്തോഷ്, ഹോംഗാര്‍ഡ് രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.