ഭിന്നശേഷിക്കാരായ കായികതാരങ്ങളെ അനുമോദിച്ചു
text_fieldsകൽപറ്റ: സംസ്ഥാന ഇൻക്ലൂസിവ് കായികമേളയിൽ പങ്കെടുത്ത ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാരായ കായിക താരങ്ങളെ അനുമോദിച്ചു. ജില്ല സ്പോർട്സ് കൗൺസിലിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി ജില്ല വിദ്യാഭ്യാസ ഓഫിസർ സി.വി. മൻമോഹൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ഇൻക്ലൂസിവ് കായികമേളയിൽ ജില്ല അഞ്ചാം സ്ഥാനവും മാർച്ച് പാസ്റ്റ് മത്സരത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. കാഴ്ചപരിമിത വിഭാഗത്തിലെ 100 മീറ്റർ ഓട്ടത്തിൽ കരിംകുറ്റി ജി.വി.എച്ച്.എസ്.എസിലെ അതുല്യ ജയൻ ഒന്നാം സ്ഥാനം നേടി. ഗൈഡ് റണ്ണറായിരുന്ന മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ അനീഷ അതിലും ഈ വിജയത്തിൽ പ്രധാന പങ്കുവഹിച്ചു. 14 വയസ്സിന് മുകളിലുള്ളവരുടെ ക്രിക്കറ്റ്, ഫുട്ബാൾ മത്സരങ്ങളിൽ ജില്ല മൂന്നാം സ്ഥാനം നേടി.
എമർജിങ് പ്ലെയർ ഓഫ് ദ സ്റ്റേറ്റ് ആയി തലപ്പുഴ ജി.എച്ച്.എസ്.എസിലെ സിനദിൻ സിദാനെ തിരഞ്ഞെടുത്തു. എസ്.എസ്.കെ ജില്ല കോഓഡിനേറ്റർ വി. അനിൽകുമാർ അധ്യക്ഷനായ പരിപാടിയിൽ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് കെ.എം. ഫ്രാൻസിസ്, വൈത്തിരി അസിസ്റ്റന്റ് എജ്യുക്കേഷൻ ഓഫിസർ ടി. ബാബു, സുൽത്താൻ ബത്തേരി അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫിസർ ബി.ജെ. ഷിജിത, സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്‍റ് കെ.പി. വിജയ, എക്സിക്യൂട്ടിവ് ഹരി നാരായണൻ, എസ്.എസ്.കെ ഡി.പി.ഒ വിൽസൺ തോമസ്, ട്രെയ്നർ സതീഷ് ബാബു, ഡയറ്റ് സീനിയർ ലക്ചറർ ഡോ. മനോജ്കുമാർ, എസ്.എസ്.കെ ഡി.പി.ഒ എൻ.ജെ. ജോൺ എന്നിവർ സംസാരിച്ചു.
സംസ്ഥാന സ്കൂൾ കായിക മേളയിൽ വിജയികളായവർക്ക് കഴിഞ്ഞ ദിവസം സ്പോർട്സ് കൗൺസിലും ജില്ല ഭരണകൂടവും ചേർന്ന് വലിയ സ്വീകരണം ഒരുക്കിയിരുന്നു. എന്നാൽ, ഈ പരിപാടിയിൽ ഇൻക്ലൂസിവ് വിഭാഗത്തിൽ പെട്ട വിജയികളെ പങ്കെടുപ്പിക്കാതെ മാറ്റിനിർത്തിയത് സംബന്ധിച്ച് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു.


