ചുരം ബൈപാസിനു പ്രസക്തിയേറുന്നു; അധികൃതർ നിസ്സംഗതയിൽ
text_fieldsവൈത്തിരി: വയനാട് ചുരത്തിലൂടെയുള്ള യാത്ര കൂടുതൽ ദുഷ്കരമായതോടെ ചുരം ബൈപാസ് റോഡിനു പ്രസക്തിയേറുന്നു. വയനാട് ജില്ലക്കാർക്ക് മെഡിക്കൽ കോളജ്, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് എത്തിപ്പെടാനുള്ള ഏക മാർഗം കോഴിക്കോട്-കൊല്ലഗൽ ദേശീയ പാതയാണ്. കോഴിക്കോട് ഉൾപ്പടെയുള്ള ജില്ലക്കാർ മൈസൂർ, ബംഗളൂരു, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാൻ ആശ്രയിക്കുന്നതും ഈ പാതയാണ്.
ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടിയ വയനാട് ജില്ലയിലേക്ക് സഞ്ചാരികൾക്ക് പ്രവേശിക്കണമെങ്കിലും ചുരം റോഡിനെ ആശ്രയിക്കണം. സംസ്ഥാനത്ത് ചരക്കുനീക്കം നടക്കുന്ന ദേശീയ പാത എന്നനിലയിൽ എൻ.എച്ച് 766 പാതയുടെ വാണിജ്യ താൽപര്യവും വളരെ വലുതാണ്. ഇത്രയേറെ പ്രാധാന്യമുള്ള ഈ ദേശീയപാതയിൽ വയനാട് ചുരത്തിൽ അനുഭവപ്പെടുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്ക് യാത്രക്കാർക്ക് വലിയ പേടിസ്വപ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. ദിനം പ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് വയനാട് ചുരംവഴി കയറിയിറങ്ങിക്കൊണ്ടിരിക്കുന്നത്.
നിലവിലെ വാഹനബാഹുല്യം ചുരം റോഡിന് താങ്ങാൻ കഴിയില്ലെന്ന് മാത്രമല്ല, ഒട്ടേറെ പാരിസ്ഥിതിക പ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തുകയും ചെയ്യുന്നു. രാവും പകലും ഒരുപോലെ അഴിയാക്കുരുക്കിൽപെട്ട് അന്നപാനീയങ്ങൾ ലഭിക്കാതെയും പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാതെയും യാത്രക്കാർ നരകയാതന അനുഭവിക്കുന്ന സ്ഥിതിയാണുള്ളത്. മെഡിക്കൽ കോളജിലേക്കും മറ്റും പോകുന്ന രോഗികളും ഇന്റർവ്യൂവിനും റെയിൽവേ സ്റ്റേഷനിലേക്കും വിമാനത്താവളത്തിലേക്കും മറ്റും അടിയന്തരമായി പോകുന്നവരും ഗതാഗതക്കുരുക്കിൽപെടുന്നത് നിത്യസംഭവമാണ്.
വയനാട് ചുരത്തിൽ യാത്രക്കാർ അനുഭവിക്കുന്ന ഗതാഗത ദുരിതത്തിന് പരിഹാരമാർഗമായി നിർദേശിക്കപ്പെട്ട ബൈപാസ് റോഡുകളുടെ നിർമാണത്തിന് സർക്കാർ നടപടികൾ ഒച്ചിഴയും വേഗത്തിലാണ്. നിർദിഷ്ട ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബൈപാസ് റോഡിന് പൊതുമരാമത്തു വകുപ്പ് രണ്ടു തവണ റോഡ് സർവേ നടത്തുകയും പ്ലാനും എസ്റ്റിമേറ്റും തയാറാക്കി 2007ൽ പൊതുമരാമത്ത് ചീഫ് എൻജിനീയറുടെ അംഗീകാരത്തിനായി സർക്കാറിൽ സമർപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ, പിന്നീട് ഒരു നടപടിയും ഉണ്ടായില്ലെന്നു മാത്രമല്ല ഇതിന്റെ ഫയലുകൾപോലും കാണാനില്ലാത്ത അവസ്ഥയുമാണ്. പടിഞ്ഞാറത്തറ പൂഴിത്തോട് ഉൾപ്പെടെയുള്ള ബൈപാസിനും നടപടികളുമായി മുന്നോട്ടുപോയെങ്കിലും എവിടെയും എത്തിയില്ല. വയനാട്ടുകാർ ബൈപാസ് റോഡിനായി വിവിധ ആക്ഷൻ കമ്മിറ്റികൾ രൂപവത്കരിച്ച് രംഗത്തുണ്ടെങ്കിലും നടപടികൾ എങ്ങും എത്തിയിട്ടില്ല. വിവിധ സമരങ്ങളും ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്.
കഴിഞ്ഞ നാലു വർഷമായി പ്രവർത്തിക്കുന്ന വയനാട് ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി വ്യാപാരി വ്യവസായി ഏകോപന സമിതിയുമായി സഹകരിച്ച് സെപ്റ്റംബർ 17നു സുൽത്താൻ ബത്തേരി മുതൽ കോഴിക്കോട് വരെ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സമരജാഥ നടത്തുന്നുണ്ട്. മിക്കവാറും എല്ലാ ദിവസങ്ങളിലും ചുരത്തിൽ മണിക്കൂറുകളാണ് യാത്രക്കാർ കുരുക്കിൽ പെടുന്നത്.