പെരിക്കല്ലൂരിൽ കലുങ്ക് നിർമാണം തുടങ്ങിയില്ല
text_fieldsകലുങ്ക് നിർമാണ പ്രവൃത്തികൾ ആരംഭിക്കുന്നതിന് മുന്നോടിയായി തറക്കല്ലിട്ടതിന്റെ ബോർഡ്
പുൽപള്ളി: പെരിക്കല്ലൂരിൽ കലുങ്ക് ഉൾപ്പെടെയുള്ള റോഡ് നിർമാണ പ്രവൃത്തികൾക്ക് തുടക്കമായില്ല. 15 ലക്ഷം രൂപ ചിലവിൽ കലുങ്ക് ഉൾപ്പെടെയുള്ള പ്രവൃത്തികൾ ആരംഭിക്കുന്നതിന് മുന്നോടിയായി തറക്കല്ലിട്ടതല്ലാതെ പ്രവൃത്തി ആരംഭിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
പെരിക്കല്ലൂരിൽ നിന്നും തോണിക്കടവ് റോഡിലേക്കുള്ള കലുങ്ക് കാലപ്പഴക്കത്താൽ തകർച്ചയിലാണ്. ഈ കലുങ്ക് മാറ്റി പണിയുന്നതിനോടൊപ്പം ഈ ഭാഗത്തെ റോഡിന്റെ ഉയരം വർധിപ്പിക്കാനും തീരുമാനിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി തെരഞ്ഞെടുപ്പിന് മുമ്പായി ശിലാസ്ഥാപനം നടത്തി. എന്നാൽ, തുടർ പ്രവൃത്തികൾ ഒന്നും ആരംഭിച്ചിട്ടില്ല.
ഒരു മാസം കഴിഞ്ഞാൽ മഴക്കാലമാകും. ആ സമയത്തിനുള്ളിൽ പണി പൂർത്തീകരിക്കാൻ ഇടപെടലുകൾ ഉണ്ടാകണമെന്നാണ് ആവശ്യം. നിത്യവും നിരവധി വാഹനങ്ങൾ ഇതു വഴി കടന്നുപോകുന്നുണ്ട്. വലിയ വാഹനങ്ങൾ കൊണ്ടുപോകാൻ ഡ്രൈവർമാർ ഭയപ്പെടുകയാണ്. 40 വർഷത്തിലേറെ പഴക്കം കലുങ്കിനുണ്ട്. കബനി നദിയിൽ ജലനിരപ്പ് ഉയരുമ്പോൾ കലുങ്ക് നിറഞ്ഞുകവിഞ്ഞ് വെള്ളം റോഡിലേക്കും എത്താറുണ്ട്. ഇത് ഒഴിവാക്കുന്നതിനാണ് റോഡിന്റെ ഉയരം കൂട്ടി കലുങ്ക് പണിയാൻ തീരുമാനിച്ചത്.


