വായ്പ തിരിച്ചടക്കൽ; വൻവീഴ്ചയൊഴിവാക്കി കോൺഗ്രസ്,ഇനി ബ്രഹ്മഗിരി ആയുധം
text_fieldsഎൻ.എം. വിജയൻ
സുൽത്താൻ ബത്തേരി: ആത്മഹത്യ ചെയ്ത ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ ബാധ്യത തീർക്കാമെന്ന് കെ.പി.സി.സി കുടുംബത്തിന് കൊടുത്ത വാഗ്ദാനങ്ങൾ നടപ്പാക്കാൻ വൈകിയത് കോൺഗ്രസിനുണ്ടാക്കിയ പരിക്ക് ചില്ലറയില്ല. സി.പി.എമ്മും ബി.ജെ.പിയുമടക്കം ഇത് രാഷ്ട്രീയമായി ഏറ്റെടുത്തതതോടെ സംസ്ഥാനതലത്തിൽ തന്നെ കോൺഗ്രസിന് ഏറെ നാണക്കേടുണ്ടായി. എന്നാൽ, വിജയന് സുൽത്താൻബത്തേരി അർബൻ ബാങ്കിലുണ്ടായിരുന്ന മുഴുവൻ ബാധ്യതയും കെ.പി.സി.സി ബുധനാഴ്ച അടച്ചുതീർത്തതോടെ നേതാക്കളും പാർട്ടി പ്രവർത്തകരും ആശ്വാസത്തിലായി.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തതോടെ കൂടുതൽ പരിക്കിൽ നിന്ന് പാർട്ടി രക്ഷപ്പെടുകയായിരുന്നു. സെപ്റ്റംബർ 30നുള്ളിൽ സുൽത്താൻ ബത്തേരി അർബൻ ബാങ്കിലെ കടം തീർത്ത് തരാത്ത സാഹചര്യത്തിൽ ഡി.സി.സി ഓഫിസിനു മുമ്പിൽ നിരാഹാരം കിടക്കുമെന്നായിരുന്നു വിജയന്റെ കുടുംബം കോൺഗ്രസിന് അന്ത്യശാസനം നൽകിയത്. വായ്പ തീർത്തു കൊടുത്തില്ലെങ്കിൽ കുടുംബം നിരാഹാരം കിടക്കുകയും അത് പ്രതിപക്ഷ കക്ഷികൾ പരമാവധി ഉപയോഗപ്പെടുത്തുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യുമായിരുന്നു. ഇതോടെയാണ് കെ.പി.സി.സി ഉടൻ പരിഹാരമുണ്ടാക്കിയത്.
കഴിഞ്ഞ ജൂൺ മാസം 30നുള്ളിൽ വിജയന്റെ എല്ലാ ബാധ്യതകളും തീർത്തു കൊടുക്കുമെന്നായിരുന്നു അതിനും ഒരു മാസം മുമ്പ് കൽപറ്റയിൽ കോൺഗ്രസിന്റെ ഒത്തുതീർപ്പ് ചർച്ചയിൽ തീരുമാനിച്ചിരുന്നത്. ഇത് സംബന്ധിച്ചുള്ള കരാറിന്റെ കോപ്പി കുടുംബത്തിന് കൈമാറാൻ കോൺഗ്രസ് നേതൃത്വം തയാറായിരുന്നില്ല. ഗ്രൂപ് വഴക്കിന്റെ ഭാഗമായി പുൽപ്പള്ളിയിൽ പഞ്ചായത്ത് അംഗം ആത്മഹത്യ ചെയ്തത് വിവാദമായതോടെയാണ് അൽപം ഒതുങ്ങിയിരുന്ന വിഷയം വീണ്ടും എടുത്തിടാൻ കുടുംബം തയാറായത്.
അർബൻ ബാങ്കിൽ നിയമനങ്ങൾ നടത്താൻ കോൺഗ്രസ് നേതാക്കൾ വാങ്ങിയ കൈക്കൂലി പണം തിരിച്ചുകൊടുക്കാനാണ് ബാങ്കിൽ നിന്ന് എൻ.എം. വിജയൻ വായ്പയെടുത്തതെന്ന് മരുമകൾ പത്മജ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ചു.
പ്രതിരോധത്തിലായ കോൺഗ്രസ് ബാങ്ക് ഡയറക്ടർമാരെ രംഗത്തിറക്കി. ടി. സിദ്ദീഖ് എം.എൽ.എ, എ.പി. അനിൽകുമാർ എം.എൽ.എ എന്നിവർ അറിയിച്ചതുകൊണ്ട് മാത്രമാണ് ബാങ്ക് വായ്പ തിരിച്ചുപിടിക്കാനുള്ള നടപടി കൈക്കൊള്ളാത്തതെന്ന് വാർത്തസമ്മേളനം നടത്തി പറഞ്ഞു. വേണ്ടിവന്നാൽ വായ്പ തിരിച്ചു പിടിക്കാൻ നിയമനടപടി സ്വീകരിക്കുമെന്നും അതിനാൽ കുടുംബം അൽപമൊന്ന് ഒതുങ്ങണമെന്നുമുള്ള സൂചനകൾ അതിന് പിന്നിലുണ്ടായിരുന്നു. എന്നാൽ, അതിന്റെ പിറ്റേന്ന് ഡി.സി.സി ഓഫിസിനു മുന്നിൽ നിരാഹാരം കിടക്കുമെന്ന് കുടുംബം പ്രഖ്യാപിക്കുകയായിരുന്നു.
ടി. സിദ്ദീഖ് എം.എൽ.എയുടെ കൽപറ്റയിലെ ഓഫിസിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ച്, ബത്തേരിയിൽ വിജയന്റെ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇടതുപക്ഷം നടത്തിയ പ്രകടനങ്ങൾ, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജന്റെ വരവും വിജയന്റെ കുടുംബത്തെ ആശ്വസിപ്പിക്കലും തുടങ്ങിയവയുണ്ടായത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കി. കുടുംബം ആവശ്യപ്പെട്ടാൽ ബാങ്ക് വായ്പ അടക്കാനുള്ള സഹായം സി.പി.എം ചെയ്തു കൊടുക്കുമെന്നുവരെ ജയരാജൻ പറഞ്ഞു.
എൻ.എം. വിജയന്റെ കുടുംബവുമായി കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്നത് കോൺഗ്രസിനുള്ളിൽ തന്നെ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. പ്രശ്നപരിഹാരം നീളുന്നതിനുള്ള അതൃപ്തിയായിരുന്നു തിരുവഞ്ചൂർ പ്രകടിപ്പിച്ചത്. ഏതായാലും, വിജയന്റെ ബാധ്യതകൾ തീർത്തുക്കൊടുത്തതോടെ ബ്രഹ്മഗിരി വിഷയത്തിൽ സി.പി.എമ്മിനെ അടിക്കാൻ യു.ഡി.എഫിന് ഊർജം ലഭിക്കുകയായിരുന്നു. ബുധനാഴ്ച ടി.സിദ്ദീഖ് എം.എൽ.എ അതിന് തുടക്കമിടുകയും ചെയ്തു. സി.പി.എം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി സൊസൈറ്റയിൽ കോടികൾ മുടക്കിയവരെ വഞ്ചിച്ചുവെന്നാണ് നിക്ഷേപകരുടെ ആക്ഷേപം. സൊസൈററി ഓഫിസിന് മുന്നിൽ നിക്ഷേപകർ സമരം നടത്തുക വരെ ചെയ്തിരുന്നു.


