വനംവകുപ്പിന് ഒരേ ഭൂമിയിൽ വ്യത്യസ്ത നീതി
text_fieldsആദ്യകാലത്തെ തരിയോട്-പൂഴിത്തോട്-മംഗളംകുന്ന് റോഡ്. വനംവകുപ്പിന്റെ ജണ്ടക്കകത്താണ് ഈ റോഡ്
രണ്ടുതരം നീതിയുടെ കാഴ്ചകൾ കാണാനാവുന്ന റോഡാണ് പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ്. ഒരുഭാഗത്ത് വനഭൂമി വനേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് പറയുന്ന അധികൃതരും ഭരണകൂടവും അവർക്ക് താൽപര്യമുള്ള ഇടങ്ങളിൽ വനം ആവശ്യം പോലെ ഉപയോഗിക്കുന്നു. മറുഭാഗത്ത് നിയമം പറഞ്ഞ് നാട്ടുകാരുടെ സഞ്ചാരസ്വാതന്ത്ര്യം തടയുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയവും.
‘വൻകിട പദ്ധതികൾക്ക് അനുകൂല റിപ്പോർട്ടും ചെറുകിട പദ്ധതികൾക്ക് തടസ്സവും’ എന്ന ലൈനാണ് അധികൃതർക്ക്. കെ.എസ്.ഇ.ബിക്ക് വനം ഉപയോഗിക്കാം, പൂഴിത്തോട് റോഡിന് പറ്റില്ല. 1978 കാലഘട്ടത്തിൽ ചർച്ച തുടങ്ങുകയും 1994ൽ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചതാണ് പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിന്. 1994ൽ വനംവകുപ്പ് അനുകൂല തീരുമാനമെടുക്കുകയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.
പിന്നീട് എവിടെയാണ് മറിമായം സംഭവിച്ചതെന്നറിയില്ലെന്ന് സമരസമിതി ചൂണ്ടിക്കാട്ടുന്നു. 1995ൽ കേന്ദ്രവനം പരിസ്ഥിതി വകുപ്പ് അനുമതി നിഷേധിച്ചെങ്കിലും തടസ്സങ്ങൾ നീക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ ‘അത് നടക്കില്ല’ എന്ന ഒറ്റവാക്കിലുത്തരം പറഞ്ഞ് ബന്ധപ്പെട്ടവർ മാറിനിന്നു.
വനംവകുപ്പ് പറയുന്ന തടസ്സവാദങ്ങൾ നിലനിൽക്കെ അവർക്ക് താൽപര്യമുള്ള വികസന പ്രവൃത്തികൾ ഇവിടെ നടക്കുകയും ചെയ്യുന്നുണ്ടായിരുന്നു. നിർദിഷ്ട പാത കടന്നുപോകുന്ന പ്രദേശങ്ങൾ നിത്യഹരിത വനവും ഇലപൊഴിയും കാടുമാണെന്ന് റിപ്പോർട്ട് എഴുതിയ വനംവകുപ്പാണ് പലതും കണ്ടില്ലെന്ന് നടിച്ചതും പലതിനും അനുവാദം നൽകിയതും. അതും ഒരേ ഭൂമിയിലാണെന്നതാണ് തമാശ.
വനംവകുപ്പിന്റെ ജണ്ടക്കകത്തും റോഡും വാഹനവും പോകും
ബാണാസുര സാഗർ ഡാമിനടുത്ത് പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുറ്റ്യാംവയലിലാണ് ഇന്ത്യയിലെ ആദ്യത്തെ ക്രിസ്റ്റ്യൻ മഠങ്ങളിലൊന്ന് നിലനിൽക്കുന്നത്. അത്രയും പഴക്കമുള്ള റോഡും അവിടെയുണ്ട്. ബാണാസുര ഡാം വരുന്നതിന് മുമ്പ് നാട്ടുകാർ കോഴിക്കോട് ജില്ലയിലേക്ക് ഇറങ്ങാൻ ഉപയോഗിച്ചിരുന്ന റോഡാണിത്. ആ റോഡടക്കം ഇന്ന് വനംവകുപ്പ് കൈയടക്കി.
പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിനോട് ചേർന്ന സ്ഥലത്തുകൂടെ പോകുന്ന റോഡ് വനംവകുപ്പിന്റെ ജണ്ടയുടെ അകത്താണ് ഇന്നുള്ളത്. റോഡിന് അപ്പുറത്തേക്ക് വനംവകുപ്പിന് സ്ഥലമില്ലെങ്കിലും റോഡ് വനത്തിൽപ്പെടുത്തുകയായിരുന്നു. ഇതിലൂടെ വാഹനഗതാഗതവും നടക്കുന്നുണ്ട്. വനംവകുപ്പിന്റെ തടസ്സവാദങ്ങൾ നിലനിൽക്കുന്ന ഭൂപ്രദേശത്തുള്ള റോഡിനോടും വനംവകുപ്പ് കാരുണ്യം കാണിച്ചില്ല. അതിനാൽ അറ്റകുറ്റപ്പണികളും പ്രതിസന്ധിയിലാണ്.
ആദിവാസികൾക്ക് പതിച്ചുനൽകിയ ഭൂമിയും ഇവിടെ
നിത്യഹരിത വനമെന്ന തടസ്സവാദമുള്ള സ്ഥലത്ത് ഭരണസംവിധാനം ഇടപെട്ട് വനംവകുപ്പിന്റെ ഭൂമി ആദിവാസികൾക്ക് പതിച്ചു നൽകിയതും ഇതേ സ്ഥലത്താണ്. മുമ്പ് വനംവകുപ്പ് പിടിച്ചെടുത്ത മംഗളംകുന്ന് എസ്റ്റേറ്റിന്റെ ഭൂമിക്ക് സമീപത്തുകൂടിയാണ് പൂഴിത്തോട് റോഡ് തുടങ്ങുന്നത്. എസ്റ്റേറ്റ് ഭൂമിയിൽ എ.കെ.എസിന്റെ നേതൃത്വത്തിൽ ആദിവാസികൾ ഭൂസമരം നടത്തിയിരുന്നു. ഈ ഭൂമി പിന്നീട് ആദിവാസികൾക്ക് പതിച്ചു നൽകുകയും വീടനുവദിക്കുകയും ചെയ്തു.
അവിടെ റോഡും വൈദ്യുതിയും നൽകിയിട്ടുമുണ്ട്. എല്ലാം ഗ്രാമപഞ്ചായത്തും ഭരണസംവിധാനവും പ്രത്യേക താൽപര്യമെടുത്ത് ഇടപെട്ട് നേടിയതുമാണ്. ഇത് നിലനിൽക്കേ, സമാന സ്വഭാവത്തിൽ വനം വകുപ്പ് പിടിച്ചെടുത്ത ഭൂമികളിലൂടെ റോഡ് അനുവദിക്കണമെന്ന ആവശ്യത്തിന് മാത്രമെങ്ങനെ തടസ്സം വരുന്നുവെന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്.
കെ.എസ്.ഇ.ബിക്ക് റോഡ് നിർമിക്കാൻ അനുവാദം നൽകിയത് ആരാണെന്നും അതിന്റെ പകർപ്പ് നൽകണമെന്നും ആവശ്യപ്പെട്ട് സമരസമിതി കോഓഡിനേറ്റർ കമൽ ജോസഫ് നൽകിയ വിവരാവകാശ അപേക്ഷക്ക് കൃത്യമായ മറുപടി നൽകാനും വനംവകുപ്പ് തയാറായില്ലെന്ന് ആക്ഷേപമുണ്ട്. ‘ക്രോഡീകരിച്ചില്ല’ എന്ന മറുപടിയാണ് ലഭിച്ചത്. കേന്ദ്ര വനം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പഠനം നടത്തിയെന്ന് പറയുന്നുണ്ടെങ്കിലും ആരൊക്കെയാണ് വന്നതെന്ന ചോദ്യത്തിനും വിവരാവകാശത്തിൽ മറുപടി ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു പൊതുതാൽപര്യ ഹരജിയും കോടതിയിലുണ്ട്.
കുറ്റ്യാംവയൽ ഭാഗത്ത് കെ.എസ്.ഇ.ബി നിർമിച്ച നാല് കിലോമീറ്റർ റോഡിന് പുറമെ റിപ്ലെയ്സ്മെന്റ് റോഡിനായി വനംവകുപ്പിന്റെ അനുമതിയോടെ വനഭൂമിയിൽ കല്ല് പതിച്ചത് ഇന്നുമുണ്ട്. കെ.എസ്.ഇ.ബി മാർക്ക് ചെയ്ത് നിർമിക്കാനുദേശിച്ച വനഭാഗത്തെ ഈ റോഡ് കൂടി പൂർത്തിയാക്കിയാൽ എളുപ്പത്തിൽ പൂഴിത്തോട് റോഡ് പൂർത്തിയാക്കാനാകുമെങ്കിലും ഭരണസംവിധാനവും താൽപര്യം കാണിക്കുന്നില്ല.
കെ.എസ്.ഇ.ബിയുടെ റോഡ് വരുന്നതിനു മുമ്പ് നിലവിലെ ഒരു സ്വകാര്യ റിസോർട്ട് നിൽക്കുന്ന ഭൂമിയിലേക്ക് വനം വകുപ്പിന്റെ തടസ്സവാദം തള്ളി കോടതി ഇടപെട്ട് റോഡനുവദിച്ചതും രേഖകളിലുണ്ട്. ബാണാസുരസാഗർ വന്ന സമയത്ത് തന്റെ തോട്ടത്തിലേക്കുള്ള വഴി തടസ്സപ്പെട്ട സ്വകാര്യവ്യക്തി റോഡ് ആവശ്യപ്പെട്ടെങ്കിലും നൽകാൻ വനം വകുപ്പ് തയാറായില്ല. തുടർന്ന് ഹൈകോടതിൽ കേസ് നൽകുകയും തോട്ടത്തിലേക്ക് റോഡ് അനുവദിക്കണമെന്ന് കോടതി വിധിക്കുകയുമായിരുന്നു. ആ റോഡിന്റെ ഭാഗം കൂടി ഉൾപ്പെടുന്നതാണ് ബദൽപാത.
വാദം ശരിയെങ്കിൽ ഒരു നിർമാണവും പാടില്ല, പക്ഷേ...
പൂഴിത്തോട് റോഡ് വിഷയത്തിൽ വനംവകുപ്പിന്റെ വാദം ശരിയാണെങ്കിൽ പ്രദേശത്തും ഒരു നിർമാണപ്രവർത്തനവും നടത്താൻ പാടില്ലായിരുന്നു. എന്നാൽ, നിത്യഹരിത സംരക്ഷിത വനമായി കണ്ട ഭൂമിയിൽ റോഡ് നിർമാണപ്രവർത്തനങ്ങൾക്ക് അനുമതി നൽകിയതും നാട് കണ്ടു. 95ൽ അനുമതി നിഷേധിച്ച പ്രദേശത്ത് ഭരണസംവിധാനം ഇടപെട്ട് 1998ൽ കെഎസ്.ഇ.ബിക്കായി നാല് കിലോമീറ്റർ റോഡ് നിർമിച്ചതും ഇതേ പ്രദേശത്താണ്.
റോഡിന്റെ നല്ലൊരു ഭാഗവും കടന്നുപോകുന്നത് വനത്തിലൂടെയും. ഈ റോഡും ഉൾപ്പെടുന്നതാണ് നിർദിഷ്ട ബദൽപാത. ഇതേ പ്രദേശത്ത് തരിയോട് പത്താം മൈലിൽ നിന്ന് ഏഴുമീറ്റർ വീതിയിൽ 32 കിലോമീറ്റർ ദൂരത്തിൽ മറ്റൊരു റോഡും കെ.എസ്.ഇ.ബിക്കായി നിർമിച്ചിട്ടുണ്ട്. ബാണാസുര ഡാമിന്റെ റിസർവോയറിന്റെ സമീപത്ത് കൂടെ റിസർവ് വനത്തിലൂടെയാണ് ആ റോഡും നിർമിച്ചിരിക്കുന്നതെന്ന് സാമൂഹികപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
വനംവകുപ്പ് പിടിച്ചെടുത്ത, പിന്നീട് ആദിവാസികൾക്ക് പതിച്ചുനൽകിയ മംഗളംകുന്ന് എസ്റ്റേറ്റ് ഭൂമിയിലെ ഉന്നതിയിലെ വീട്
ഒരു വനത്തിൽ ഒരു സ്ഥലത്ത് മാത്രം അപൂർവ ജീവജാലങ്ങളെ കാണാനാവുന്ന പ്രതിഭാസവും പൂഴിത്തോട് റോഡ് കടന്നുപോകുന്ന ഭൂമിക്ക് സ്വന്തം. പൂഴിത്തോട് റോഡിന് ലഭിക്കാത്ത അനുമതി കെ.എസ്.ഇ.ബിക്ക് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിൽ നിന്ന് എങ്ങനെ കിട്ടി എന്നതാണ് ചോദ്യം. കെ.എസ്.ഇ.ബിക്ക് അനുമതി കിട്ടിയിട്ടുണ്ടെങ്കിൽ അതേ അനുമതി ബദൽ പാതക്കുവേണ്ടി ഉപയോഗിക്കാനും കഴിയേണ്ടതായിരുന്നു. അതിനെ കുറിച്ച് പഠിക്കാൻ ഭരണസംവിധാനം ഇതുവരെ തയാറായിട്ടില്ല.
വനനിയമത്തിൽ മാറ്റം വന്നു, എന്നിട്ടും...
2023ൽ വനനിയമത്തിൽ ചില മാറ്റങ്ങൾ വന്നിരുന്നു. 1996ന് മുമ്പ് ഭരണാനുമതി കിട്ടിയ പദ്ധതികൾക്ക് വനം വിട്ടുനൽകാം എന്നതായിരുന്നു നിർദേശം. പൂഴിത്തോട് റോഡിന് 94ൽ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കെ. കരുണാകരൻ മന്ത്രിസഭ അന്ന് പ്രാഥമിക ഫണ്ട് എന്ന നിലയിൽ 20000 രൂപ പദ്ധതിക്കായി അനുവദിച്ചിരുന്നു. പൂഴിത്തോട് പദ്ധതിക്ക് ജനങ്ങളിൽ നിന്നും ഭൂമി ഏറ്റെടുത്ത് പകരം വനഭൂമി എത്രയും പെട്ടെന്ന് നൽകണമെന്ന കരുണാകരന്റെ നിർദേശവും രേഖകളായി മുന്നിലുണ്ട്.
കെ.എസ്.ഇ.ബിക്കു വേണ്ടി നിർമിച്ച വയനാട് കുറ്റ്യാംവയൽ ഭാഗത്തെ റോഡ്. പൂഴിത്തോട് റോഡിന്റെ തുടർച്ചയാണിത്
എന്നിട്ടും എന്തുകൊണ്ട് തുടർനടപടിയുണ്ടായില്ല എന്നതാണ് ചോദ്യം. തുരങ്കപാതക്ക് അനുകൂല റിപ്പോർട്ട് എഴുതിയ വനംവകുപ്പ് എന്തുകൊണ്ട് ബദൽ റോഡിന് അനുകൂല റിപ്പോർട്ട് നൽകുന്നില്ല. എല്ലാ സംവിധാനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ച് കേന്ദ്രാനുമതി വാങ്ങി തുരങ്കപാതയുടെ നിർമാണം തുടങ്ങാൻ കഴിഞ്ഞ ഭരണകൂടം ബദൽ റോഡിന്റെ വിഷയത്തിൽ ഒരു ഇടപെടലും ഇതുവരെ നടത്തിയിട്ടില്ല. ജില്ലയിലെ ഒരു പ്രമുഖ രാഷ്ടീയ നേതാവിന്റെ ഇടപെടൽ ബദൽ റോഡിന് തടസ്സമായിട്ടുണ്ടെന്ന ആരോപണവും ശക്തമായി നിലനിൽക്കുന്നു.
(തുടരും)