കാണാതെപോകരുത്, ഈ തൊഴിലാളികളുടെ കണ്ണുനീർ
text_fieldsകടപ്പാട്: ബി.ബി.സി
മേപ്പാടി: ഇത് മേരി. 14ാം വയസ്സിൽ ജോലിക്കിറങ്ങി. എച്ച്.എം.എൽ നെടുങ്കരണ ഡിവിഷനിലാണ്. തമിഴ്നാട്ടിൽനിന്ന് എത്തിയ കുടുംബത്തിലെ അഞ്ചാം തലമുറയിൽപ്പെട്ടതാണ്. 1982ൽ ലോക്കൽ തൊഴിലാളിയാവുകയും 95ൽ സ്ഥിരമാകുകയും ചെയ്തു. ആകെ 36 വർഷത്തെ സർവിസ്. രോഗബാധിതയായപ്പോൾ 2016ൽ കമ്പനി പിരിച്ചുവിട്ടു. ഗ്രാറ്റിവിറ്റി, പി.എഫ്, പെൻഷൻ അനുകൂല്യങ്ങളെല്ലാം കമ്പനി തടഞ്ഞുവെച്ചിരിക്കുന്നു. കേസ് നടത്താൻ കഴിവില്ല. ഒരു പാടി മുറിയിൽ ദുരിതങ്ങളോട് മല്ലിടുകയാണ് ഇവരിപ്പോൾ. നാലു പതിറ്റാണ്ടോളം ജോലി ചെയ്തിട്ട് ഒടുവിൽ ലഭിച്ചത് രോഗങ്ങളും ദുരിതവും കണ്ണീരും.
മേരിയെപോലെ വെറും കൈയോടെ പിരിയുമ്പോൾ ആനുകൂല്യങ്ങൾ തടയപ്പെട്ട് നിറ കണ്ണുകളുമായി തോട്ടങ്ങളുടെ പടിയിറങ്ങിയ നിരവധി പേർ ഹാരിസൺസ് കമ്പനിയുടെ എസ്റ്റേറ്റുകളിലുണ്ട്. അധികവും സ്ത്രീകളാണ്. പിരിയുന്ന തൊഴിലാളികളുടെ മുൻ തലമുറയിൽപ്പെട്ട ആരെങ്കിലും കമ്പനിയുടെ ഭൂമി അനധികൃതമായി കൈവശം വെച്ചിരുന്നു എന്നും അത് തിരിച്ചേൽപിക്കാതെ ഗ്രാറ്റിവിറ്റിയും മറ്റാനുകൂല്യങ്ങളും തരില്ലെന്നും പറഞ്ഞാണ് മാനേജ്മെൻറ് തൊഴിലാളികളുടെ ആനുകൂല്യം തടഞ്ഞുവെക്കുന്നത്.
ആനുകൂല്യം ലഭിക്കുന്നതിനു മുമ്പേ മരിച്ചുപോയവരും ഇക്കൂട്ടത്തിലുണ്ട്. കൗമാരത്തിൽ ജോലിക്കിറങ്ങി, 20 വർഷവും അതിലധികവും കാലം തോട്ടങ്ങളിൽ ലോക്കൽ തൊഴിലാളികളായി, ദിവസക്കൂലി ഒഴികെ മറ്റൊരാനുകൂല്യവുമില്ലാതെ ജോലിചെയ്ത ശേഷമാണ് പലരെയും സ്ഥിരപ്പെടുത്തുന്നത്. സ്ഥിരംതൊഴിലാളിയായി 30ഉം 40ഉം വർഷം ജോലിചെയ്ത ശേഷമാണ് പലരും വിരമിക്കുന്നത്. എസ്റ്റേറ്റിനുവേണ്ടി 30-40 വർഷം ചോര നീരാക്കി ജോലിചെയ്ത, ഒരു മനുഷ്യായുസ്സ് മുഴുവൻ തോട്ടത്തിൽ ഹോമിച്ച തൊഴിലാളികളുടെ വിരമിക്കൽ ആനുകൂല്യങ്ങളാണ് നിസ്സാര കാരണങ്ങൾ നിരത്തി തടഞ്ഞുവെക്കുന്നത്. 200ലധികം വർഷങ്ങളുടെ പൈതൃകവും പാരമ്പര്യവും കേരളത്തിലെ തോട്ടങ്ങൾക്കുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിക്കപ്പെട്ടവയാണ് സംസ്ഥാനത്തെ പ്രമുഖ തോട്ടങ്ങളേറെയും.


