ഇ-പാസ് പരിശോധന ആരംഭിച്ചു
text_fieldsഗൂഡല്ലൂർ: അന്തർ സംസ്ഥാന ബസ് സർവീസുകൾ, ചരക്ക് ലോറികൾ, സ്വകാര്യ വാഹനങ്ങൾ എന്നിവ ഇ-പാസ് പരിശോധനമൂലം യാത്ര തടസ്സം നേരിടുന്നത് ഒഴിവാക്കാൻ നീലഗിരി ജില്ലയിലെ ഊട്ടിയിലേക്കുള്ള ടൂറിസ്റ്റുകളുടെ പ്രവേശനത്തിനായി അഞ്ച് പുതിയ ചെക്ക്പോസ്റ്റുകൾ പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച മുതൽ കല്ലാറ്, കുഞ്ചപ്പന, മസിനഗുഡി, മേലെ ഗൂഡല്ലൂർ, ഗെത്തൈ എന്നിവിടങ്ങളിൽ മാത്രമായിരിക്കുമെന്ന് ജില്ല കലക്ടർ വാർത്തകുറിപ്പിൽ അറിയിച്ചു. കാരമട-മഞ്ചൂർ വഴി ഊട്ടിയിലേക്ക് വരുന്ന ചെക്ക് പോസ്റ്റ് ഒഴിവാക്കിയിരുന്നു. എന്നാൽ, ഇതുവഴിയും ഊട്ടിയിലേക്ക് വരാം എന്നിരിക്കെ പിന്നീട് കുന്തയിലെ ഗെത്തൈ പൊലീസ് ഔട്ട്പോസ്റ്റും ഇ-പാസ് പരിശോധന കേന്ദ്രമാക്കി. തിരക്ക് കൂടുന്നതിനനുസരിച്ച് പരിശോധനക്ക് കൂടുതൽ ജീവനക്കാരെ നിയോഗിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
മേലെ ഗൂഡല്ലൂർ ഫോറസ്റ്റ് ചെക്ക് പോസ്റ്റാണ് പരിശോധന കേന്ദ്രം. രാവിലെ നാലുപേരും പിന്നീട് നാലു പേരെ കൂടി ഉൾപ്പെടുത്തി എട്ട് പരിശോധകരെ ചുമതലപ്പെടുത്തി. ഇതിനിടെ മുതുമല കടുവ സങ്കേതം ഭാഗത്തിലൂടെ വരുന്ന ടൂറിസ്റ്റുകളിൽനിന്ന് പാസിന് 30 രൂപ ചാർജ് ആവശ്യപ്പെട്ടതായും മഹാരാഷ്ട്രയിൽനിന്നുള്ള ഒരു ഡോക്ടർ മാധ്യമപ്രവർത്തകരോട് പരാതിപ്പെട്ടു.