തെരഞ്ഞെടുപ്പ് ഓട്ടം; ഒരുകോടി പ്രതിഫലം കിട്ടാതെ വാഹന ഉടമകൾ
text_fieldsകല്‍പറ്റ: നിയമസഭ തെരഞ്ഞെടുപ്പുകാലത്ത് പൊലീസിന് വിട്ടുകൊടുത്ത വാഹനങ്ങളുടെ ഉടമകള്‍ക്ക് വാടക കിട്ടിയില്ല. ജില്ലയില്‍ ടൂറിസ്റ്റ് ബസും ട്രാവലറും ഉള്‍പ്പെടെ 98 കോണ്‍ട്രാക്ട് കാര്യേജുകളാണ് പൊലീസ് വാടകക്ക് എടുത്തത്. ഫെബ്രുവരി 20 മുതല്‍ ഏപ്രില്‍ 10 വരെ ഇത്രയും വാഹനങ്ങള്‍ പൊലീസാണ് ഉപയോഗിച്ചത്. വാടക ഇനത്തില്‍ ഒരുകോടിയോളം രൂപയാണ് ഉടമകള്‍ക്ക് ലഭിക്കാനുള്ളത്.
തെരഞ്ഞെടുപ്പ് നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും വാടക ലഭിക്കാത്തത് വാഹന ഉടമകളെ പ്രതിസന്ധിയിലാക്കിയെന്ന് കോണ്‍ട്രാക്ട് കാര്യേജ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് കെ.ബി. രാജുകൃഷ്ണ, ഭാരവാഹികളായ സി. രാജീവന്‍, സനില്‍ ഐസക്, സി. അബ്ബാസ്, ഫാസില്‍, രാണിത്‌രാജ്, സി. അരുണ്‍, പി. അര്‍ഷാദ്, കെ. ഷമീര്‍, ഒ.വി. അഭിലാഷ്, പി.വി. ജിബിന്‍, പി.വി. വിനീഷ് എന്നിവര്‍ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
മുന്‍കാലങ്ങളില്‍ വാടക വൈകിയാലും ഡ്യൂട്ടി സമയം ഓടാനുള്ള ഇന്ധനം പൊലീസ് ലഭ്യമാക്കിയിരുന്നു. ഇത്തവണ ഡീസലിനുള്ള തുക ഉടമകള്‍ സ്വന്തമായി കണ്ടെത്തേണ്ടിവന്നു. ധനകാര്യ സ്ഥാപനങ്ങളില്‍നിന്നു വായ്പയെടുത്ത് വാങ്ങിയ വാഹനങ്ങളാണ് ഉടമകള്‍ തെരഞ്ഞെടുപ്പ് ജോലിക്ക് വിട്ടുകൊടുത്തത്. വാടക കുടിശ്ശികയായതോടെ വാഹനങ്ങളുടെ മാസത്തവണ മുടങ്ങി. വാടക ലഭിക്കാത്തത് തൊഴിലാളികളെയും ബാധിച്ചു. ഡ്രൈവര്‍മാര്‍ക്കും സഹായികള്‍ക്കും ശമ്പളവും ബാറ്റയും തീര്‍ത്തുകൊടുക്കാന്‍ ഉടമകളില്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല.
വാര്‍ഷിക ഇന്‍ഷുറന്‍സ് പ്രീമിയം, ആര്‍.ടി.ഒ ടാക്‌സ്, ഫിറ്റ്‌നസ് പുതുക്കല്‍ എന്നിവക്ക് പണം കണ്ടെത്താനാകാതെ ഉടമകളില്‍ ചിലര്‍ വാഹനങ്ങള്‍ ഷെഡില്‍ കയറ്റിയിരിക്കുകയാണ്. സീസണിലെ മറ്റ് ഓട്ടങ്ങളെല്ലാം മാറ്റിവെപ്പിച്ചാണ് വാഹനങ്ങള്‍ പൊലീസ് കൊണ്ടുപോയതെന്ന് ഉടമകള്‍ പറയുന്നു.
ബില്ലുകള്‍ സമര്‍പ്പിക്കുന്നതിലെ സാങ്കേതിക നൂലാമാലകളും ഫണ്ടിന്റെ അഭാവവും ചൂണ്ടിക്കാട്ടിയാണ് വാടക വിതരണം വൈകിക്കുന്നത്. വാടക കുടിശ്ശിക അക്കൗണ്ടുകളില്‍ ഒറ്റത്തവണയായി ഉടന്‍ ലഭ്യമാക്കണമെന്നാണ് ഉടമകളുടെ ആവശ്യം.


