ആനുകൂല്യങ്ങൾ നൽകണമെന്ന് ആവശ്യം: എൽസ്റ്റൺ എസ്റ്റേറ്റ് തൊഴിലാളികൾ അനിശ്ചിതകാല സമരം തുടങ്ങി
text_fieldsഎൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾ സംയുക്ത തൊഴിലാളി യൂനിയന്റെ നേതൃത്വത്തിൽ തുടങ്ങിയ അനിശ്ചിതകാല സമരം സി.ഐ.ടി.യു ജില്ല ട്രഷറർ പി. ഗഗാറിൻ ഉദ്ഘാടനം ചെയ്യുന്നു
കൽപറ്റ: തങ്ങൾ പുനരധിവാസത്തിന് എതിരല്ലെന്നും എന്നാൽ, വർഷങ്ങളായി പണിയെടുക്കുന്ന തങ്ങൾക്ക് ന്യായമായ ആനുകൂല്യങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ട് കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾ അനിശ്ചിതകാല സമരം തുടങ്ങി.
സംയുക്ത തൊഴിലാളി യൂനിയന്റെ നേതൃത്വത്തിൽ ടൗൺഷിപ് ഭൂമിക്കരികിലാണ് ഞായറാഴ്ച മുതൽ സമരം തുടങ്ങിയത്. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള ടൗൺഷിപ് വരുന്നത് കൽപറ്റ ബൈപ്പാസിന് സമീപത്തെ എൽസ്റ്റൺ എസ്റ്റേറ്റിലാണ്. എന്നാൽ, എസ്റ്റേറ്റിൽ വർഷങ്ങളായി പണയെടുക്കുന്ന സ്ഥിരം-കരാർ തൊഴിലാളികളായ മുന്നൂറോളം പേർക്ക് വിവിധ ഇനങ്ങളിലായി കോടിക്കണക്കിന് രൂപയാണ് എസ്റ്റേറ്റ് മാനേജ്മെന്റ് നൽകാനുള്ളത്. ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുക്കുമ്പോൾ മാനേജ്മെന്റിന് സർക്കാർ നൽകുന്ന നഷ്ടപരിഹാരത്തിൽനിന്ന് തൊഴിലാളികൾക്ക് നൽകേണ്ട ആനുകൂല്യം നൽകുമെന്നായിരുന്നു മുമ്പ് നടന്ന ചർച്ചയിൽ ബന്ധപ്പെട്ടവർ ഉറപ്പുനൽകിയത്.
എന്നാൽ, നിലവിലുള്ള നഷ്ടപരിഹാര തുക കോടതിയിലാണ് സർക്കാർ കെട്ടിവെച്ചതെന്ന നിലപാടിലാണ് മാനേജ്മെന്റ്.
ഹൈകോടതിയുടെ പുതിയ ഇടക്കാല ഉത്തരവുപ്രകാരമുള്ള നഷ്ടപരിഹാര തുകയും അപര്യാപ്തമെന്ന് കാണിച്ച് മാനേജ്മെന്റ് സുപ്രീംകോടതിയെ സമീപിക്കാനിരിക്കുകയാണ്. ഇതോടെ തൊഴിലാളികളുടെ ആനുകൂല്യം സംബന്ധിച്ച് വീണ്ടും അനിശ്ചിതത്വം ഉണ്ടായി.
എസ്റ്റേറ്റിന്റെ 64.47 ഹെക്ടറിലാണ് ടൗൺഷിപ് നിർമിക്കുക. ഈ ഭൂമിക്ക് സർക്കാർ നിശ്ചയിച്ച 26.5 കോടി രൂപ അപര്യാപ്തമാണെന്നും വിപണി മൂല്യമനുസരിച്ച് 549 കോടി രൂപ നൽകണമെന്നുമാണ് മാനേജ്മെന്റിന്റെ ആവശ്യം. ഹൈകോടതി വിധിപ്രകാരം ഭൂമി സർക്കാർ ഏറ്റെടുത്തതോടെ ഇനി ആരാണ് തൊഴിലാളികളുടെ കാര്യത്തിലെ ഉത്തരവാദി എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. ടീ ഫാക്ടറി ഏറ്റെടുക്കുകയും അത് കമ്യൂണിറ്റി ഹാളായി മാറ്റുകയും ചെയ്യുമെന്ന് വന്നതോടെ എസ്റ്റേറ്റിന്റെ പെരുന്തട്ട ഡിവിഷനിലെ തൊഴിലാളികളും ആശങ്കയിലാണ്.
‘ആനുകൂല്യം കിട്ടാൻ സർക്കാർ കോടതിയിൽ ഇടപെടൽ നടത്തണം’
എസ്റ്റേറ്റിലെ മുന്നൂറോളം വരുന്ന തൊഴിലാളികളുടെ 11 കോടിയിൽപരം വരുന്ന വിവിധ ആനുകൂല്യങ്ങളാണ് വർഷങ്ങളായി കുടിശ്ശികയായുള്ളത്. ടൗൺഷിപ്പിനായി എസ്റ്റേറ്റിന്റെ പുൽപാറ ഡിവിഷൻ പൂർണമായും സർക്കാർ ഏറെടുത്ത് നിർമാണ പ്രവൃത്തി ആരംഭിച്ചതോടെ തൊഴിൽ നഷ്ടപ്പെടുന്ന നൂറിലധികം വരുന്ന തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നുണ്ട്.
സർക്കാർ കോടതിയിൽ കെട്ടിവെച്ച തുകയിൽനിന്ന് തൊഴിലാളികൾക്ക് ലഭിക്കാനുള്ള മുഴുവൻ ആനുകൂല്യങ്ങളും ലഭ്യമാക്കണം. ഇതിന് സർക്കാറും ജില്ല കലക്ടറും സ്പെഷൽ ഓഫിസറും ഇടപെടണണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു.
സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തിലാണ് അനിശ്ചിതകാല സമരം തുടങ്ങിയത്. സമരം സി.ഐ.ടി.യു ജില്ല ട്രഷറർ പി. ഗഗാറിൻ ഉദ്ഘാടനം ചെയ്തു. ഗീരിഷ് കൽപറ്റ അധ്യക്ഷതവഹിച്ചു.
കെ.ടി. ബാലകൃഷണൻ, എൻ.ഒ. ദേവസി, എൻ. വേണുഗോപാൽ, യു. കരുണൻ, ഡി. രാജൻ, പി.കെ. മുരളി, കെ.കെ. രാജേന്ദ്രൻ, കെ. സെയ്തലവി, എസ്. മണി, ജയൻ പുൽപാറ തുടങ്ങിയവർ സംസാരിച്ചു.
തൊഴിലാളികൾക്ക് കിട്ടാനുള്ളത് 11 കോടിയിലധികം
വിവിധ വിഭാഗങ്ങളിലായി തങ്ങൾക്ക് എൽസ്റ്റൺ എസ്റ്റേറ്റ് മാനേജ്മെന്റ് നൽകാനുള്ളത് 11 കോടിയിലധികം രൂപയാണെന്ന് തൊഴിലാളകൾ പറയുന്നു. വർഷങ്ങളായി നിരന്തരം തൊഴിൽ പ്രശ്നങ്ങളുള്ള തോട്ടമാണിത്. എട്ടുമാസത്തോളമായി എസ്റ്റേറ്റിൽ സ്ഥിരം തൊഴിലില്ല.
തൊഴിലാളികൾ പല പ്രതിഷേധങ്ങൾ നടത്തിയെങ്കിലും കാര്യമുണ്ടായില്ല. തേയിലച്ചെടികൾ പലയിടത്തും ഒരാൾപ്പൊക്കത്തിൽവരെ വളർന്നിരിക്കുകയാണ്. പി.എഫ്, ഗ്രാറ്റ്വിറ്റി, ദിവസവേതനം, ബോണസ്, മറ്റാനുകൂല്യങ്ങൾ എന്നിവയും തടഞ്ഞുവെച്ചിട്ടുണ്ട്. ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി തൊഴിൽമന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശപ്രകാരം സംയുക്ത സമരസമിതിയുമായി നടന്ന യോഗത്തിനുശേഷം ആറുകോടി രൂപയുടെ ആനുകൂല്യങ്ങൾ നൽകാനുണ്ടെന്ന് തൊഴിൽവകുപ്പ് അറിയിച്ചിരുന്നു.
2015 ഫെബ്രുവരി മുതൽ 2024 ഡിസംബർ വരെയുള്ള പി.എഫ് കുടിശ്ശികയായ 2.73 കോടിരൂപയും ആയതിന് പ്രോവിഡന്റ് ഫണ്ട് കമീഷണർ നിർദേശിക്കുന്ന പിഴപ്പലിശയും കൈമാറാനുണ്ട്. തൊഴിലാളികൾക്ക് 2023 മുതലുള്ള ബോണസായി 4.43 ലക്ഷം രൂപയും 2022 മുതലുള്ള വർഷങ്ങളിലെ ആന്വൽ ലീവ് സറണ്ടർ ആനുകൂല്യമായി 14 ലക്ഷം രൂപയും നൽകണം. 2019, 2023 വർഷങ്ങളിലെ സാലറി അരിയറായ നാലുലക്ഷം രൂപ, പ്രോവിഡന്റ് ഫണ്ടിൽ അധികമായി ഈടാക്കിയ 7.21 ലക്ഷം രൂപയും തൊഴിലാളികളുടെയും സൂപ്പർവൈസർമാരുടെയും നാലുമാസത്തെ വേതനക്കുടിശ്ശികയായ 17.9 ലക്ഷം രൂപയും നൽകണം. ഇതിനു പുറമേ കഴിഞ്ഞ ആറുവർഷത്തെ മറ്റാനുകൂല്യങ്ങളും നൽകാനുണ്ട്.
ഡെപ്യൂട്ടി ലേബർ കമീഷണറുടെ ഉത്തരവിൽ ഉൾപ്പെട്ടതടക്കം 150 തൊഴിലാളികളുടെ ഗ്രാറ്റിവിറ്റി തുകയായ 2.35 കോടിയും നൽകാനുണ്ട്. ഇപ്പോൾ ഏറ്റെടുത്ത പുൽപാറ ഡിവിഷനിലെ 33 സ്ഥിരം തൊഴിലാളികൾക്ക് നിയമാനുസൃത ഗ്രാറ്റിവിറ്റി നൽകാനും ഒരു വർഷത്തെ സർവിസിന് 15 ദിവസത്തെ വേതനം എന്ന നിരക്കിൽ റിട്രെഞ്ച്മെന്റ് കോമ്പൻസേഷൻ നൽകുന്നതിനും തീരുമാനിച്ചിരുന്നു. ഇതടക്കമുള്ള കോടിക്കണക്കിന് രൂപയാണ് തൊഴിലാളികൾക്ക് കിട്ടാനുള്ളത്.