കൃഷിയിടങ്ങൾക്ക് രക്ഷയൊരുക്കി ഏറുമാടങ്ങൾ
text_fieldsപുൽപള്ളി ചേകാടി വയലിലെ ഏറുമാടം
പുൽപള്ളി: കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് പതിവായതോടെ വയനാട്ടിലെ വനാതിർത്തി പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ ഏറുമാടങ്ങൾ കൂടുന്നു. പാടശേഖരങ്ങളിലടക്കം ഏറുമാടങ്ങൾ നിർമിച്ച് രാവും പകലും കർഷകർ കൃഷിക്ക് കാവലിരിക്കുകയാണ്. കണ്ണൊന്നു തെറ്റിയാൽ കൃഷിയിടത്തിലേക്ക് കാട്ടാനയടക്കമുളള വന്യജീവികൾ എത്തും. ഇത് തടയുന്നതിനായാണ് പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചുമെല്ലാം കർഷകർ ഏറുമാടങ്ങളിൽ തങ്ങുന്നത്.
നെൽ ചെടികൾ കതിരിടുന്ന സമയമാണിനി. ഈ സമയം മുതൽ കൊയ്ത്തുവരെയുള്ള കാലത്താണ് കൂടുതൽ കരുതൽ വേണ്ടത്. പലയിടങ്ങളിലും വനാതിർത്തികളിലെ ഫെൻസിങ് അടക്കം തകർന്നുകിടക്കുകയാണ്. ഇക്കാരണത്താൽ കാട്ടിൽനിന്ന് വന്യജീവികൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുകയാണ്. അധ്വാനിച്ചുണ്ടാക്കുന്ന കാർഷിക വിളകൾ സംരക്ഷിക്കാൻ വേറെ വഴികളില്ലെന്നാണ് കർഷകനായ ബേബി കൈനിക്കുടി പറയുന്നത്. പുൽപള്ളി ചാത്തമംഗലം പാടശേഖരത്തിൽ മാത്രം 14 ഏറുമാടങ്ങളാണ് കർഷകർ നിർമിച്ചിരിക്കുന്നത്.


