ഉരുൾ ദുരന്തം; ‘11 പേർ നഷ്ടപ്പെട്ടയാളോട് നീതി കാട്ടണം’ - മനുഷ്യാവകാശ കമീഷൻ
text_fieldsകൽപറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ ദുരന്തബാധിതനായി പരിഗണിച്ച് താമസിക്കുന്ന വീടിന്റെ വാടക സർക്കാർ നൽകുന്നയാളെ പുനരധിവാസ പദ്ധതിയിൽനിന്ന് ഒഴിവാക്കുന്നത് വൈരുധ്യമാണെന്ന് മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
ദുരന്തബാധിതർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളിൽ തുല്യതയും നീതിയും ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും ഉത്തരവിൽ പറഞ്ഞു. മുണ്ടക്കൈ ദുരന്തത്തിൽ മകൻ റിൻഷാദ് (25) ഉൾപ്പെടെ കുടുംബത്തിലെ 11 പേരെ നഷ്ടപ്പെട്ട മുണ്ടക്കൈ സ്വദേശി കെ.ടി. സഹീറിനെ പുനരധിവാസ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് തടസ്സമാകുന്ന സാങ്കേതിക കാരണങ്ങൾ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ല കലക്ടർ വിശദീകരിക്കണമെന്നും കമീഷൻ നിർദേശിച്ചു. ഇക്കാര്യത്തിലുള്ള അവ്യക്തതകൾ നീക്കി 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.
കമീഷനിൽ ജില്ല ഭരണകൂടം സമർപ്പിച്ച റിപ്പോർട്ടിൽ പരാതിക്കാരൻ ദുരന്തബാധിത പ്രദേശത്തെ ‘നോ ഗോ സോൺ പരിധിക്ക്’ പുറത്തുള്ള വാടക ക്വാർട്ടേഴ്സിലാണ് താമസിക്കുന്നതെന്നും ഇക്കാരണത്താൽ പുനരധിവാസത്തിന് അർഹനല്ലെന്നും പറയുന്നു. ഇത്തരം ആളുകളെ പുനരധിവസിപ്പിക്കുന്നതിന് സർക്കാർ ഉത്തരവുകളൊന്നും നിലവിലില്ലെന്നും അതിനാലാണ് അപേക്ഷകൻ പട്ടികയിൽപെടാഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഈ റിപ്പോർട്ട് കമീഷൻ അംഗീകരിച്ചില്ല.


