വെള്ളമുണ്ടയിൽ മഞ്ഞപ്പിത്തം പടരുന്നു
text_fieldsവെള്ളമുണ്ട: ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം പടരുന്നത് ആശങ്കക്കിടയാക്കുന്നു. മൂന്നാഴ്ചക്കിടയിൽ 60 പേർക്ക് രോഗം പിടിപെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ വിവിധ വാർഡുകളിലായി 30 ലധികം രോഗികളുണ്ട്. ചെറുകര വാർഡിൽ മാത്രം 36 രോഗികളുണ്ടായിരുന്നതായാണ് കണക്ക്. കൃത്യമായ ഇടപെടൽ നടത്തിയതിനാൽ ചെറുകരയിൽ ഇപ്പോൾ ആറ് രോഗികളായി കുറഞ്ഞതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു. നാല്, 19 വാർഡുകളിലാണ് നിലവിൽ ഏറ്റവും കൂടുതൽ മഞ്ഞപ്പിത്ത രോഗികളുള്ളത്.
മലപ്പുറം, എടവക എന്നിവിടങ്ങളിൽനിന്ന് വിരുന്നു വന്നവരിൽനിന്നാണ് രോഗവ്യാപനം എന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ. എന്നാൽ, ആറ് രോഗികൾക്ക് എവിടെനിന്നാണ് രോഗം പിടിപെട്ടതെന്ന് കണ്ടെത്താനായിട്ടില്ല. കുട്ടികളിൽ രോഗം കണ്ടെത്തിയതും ആശങ്കയുണ്ടാക്കുന്നുണ്ട്. വാരാമ്പറ്റ പ്രദേശത്ത് കുട്ടികളിലും രോഗവ്യാപനം വർധിക്കുകയാണ്. ആദിവാസികളിലും രോഗം കണ്ടെത്തിയിട്ടുണ്ട്. മുമ്പ് കോളറ വന്ന് ആദിവാസി മരിക്കാനിടയായ സംഭവത്തെതുടർന്ന് പ്രദേശത്ത് വ്യാപകമായ ജലപരിശോധന നടത്തുകയും കിണർ വെള്ളമടക്കം മലിനമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തിരുന്നു.
രോഗം മൂർച്ഛിക്കുന്ന അവസ്ഥയിൽ മാത്രമാണ് സർക്കാർ ആശുപത്രികളിൽ ഇത്തരം രോഗികൾ ചികിത്സക്കെത്തുന്നത്. മറ്റുള്ളവർ നാട്ടുവൈദ്യമാണ് പരീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ രോഗം ബാധിച്ചവരുടെ എണ്ണം കൃത്യമായി അധികൃതർക്ക് ലഭിച്ചിട്ടുമില്ല. അടുത്തകാലത്തായി ആശങ്കയുയർത്തും വിധം മഞ്ഞപ്പിത്ത രോഗികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. പൊതു സ്ഥലത്തെയും വീടുകളിലെയും കുടിവെള്ള സ്രോതസ്സുകൾ മലിനമായതാണ് കാരണമെന്നും നാട്ടുകാർ പറയുന്നു. രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.