ജോസിന്റെ മരണം; കുപ്രചാരകർക്കെതിരെ നിയമനടപടിയെന്ന് കുടുംബം
text_fieldsപുൽപള്ളി: കോൺഗ്രസ് നേതാവും മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തംഗവുമായ ജോസ് നെല്ലേടത്തിൽ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പൊലീസ്. ജോസ് നെല്ലേടത്തിന്റേത് ആത്മഹത്യയെന്ന് സ്ഥിരീകരണമുണ്ടെങ്കിലും ഇതിലേക്ക് നയിച്ച കാരണങ്ങൾ സംബന്ധിച്ചാണ് അന്വേഷണം. മരണവുമായി ബന്ധപ്പെട്ട് നിരവധി രാഷ്ട്രീയ വിവാദങ്ങളാണ് ഉയരുന്നത്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ജോസ് നെല്ലേടം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണിത്.
പെരിക്കല്ലൂരിലെ കോൺഗ്രസ് വാർഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയെന്ന ആരോപണങ്ങളെ തുടർന്ന് ജോസുൾപ്പെടെയുള്ള ചില നേതാക്കൾക്കെതിരെ വ്യാപക പ്രചാരണങ്ങൾ നടന്നിരുന്നു. ഇതിൽ മനം നൊന്താണ് അദ്ദേഹം ജീവനൊടുക്കിയതെന്നാണ് സൂചന. പുറത്തുവന്ന ദൃശ്യങ്ങളിൽ തന്റെ നിരപരാധിത്വം ജോസ് നെല്ലേടം വ്യക്തമാക്കുന്നുണ്ട്.
പെരിക്കല്ലൂരിൽ മദ്യവും തോട്ടയും പിടിച്ച സംഭവത്തിൽ തനിക്ക് തെറ്റായ വിവരം ലഭിച്ചു. എന്നാൽ ഇതറിയാതെ പൊലീസിനെ അറിയിക്കുകയായിരുന്നെന്നും ജോസ് പറഞ്ഞു. ഒരാളിൽനിന്ന് അനർഹമായി ഒന്നും കൈപ്പറ്റിയിട്ടില്ലെന്നും മക്കളുടെ ഭാവി നശിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, പരസ്യ പ്രതികരണത്തിനില്ലെന്നാണ് ജോസിന്റെ കുടുംബാംഗങ്ങൾ പറയുന്നത്. പ്രതികരണങ്ങൾ നടത്തി മറ്റൊരു കുടുംബത്തെ ഇല്ലാതാക്കാനില്ല. സമൂഹ മാധ്യമങ്ങളിലൂടെ കുപ്രചാരണങ്ങൾ നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെയാണ് ജോസ് നെല്ലേടത്തിനെ വീടിന് സമീപത്തെ കുളത്തിനടുത്ത് അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ജോസിന്റെ മരണം വയനാട് കോൺഗ്രസിൽ സമീപകാലത്തുണ്ടായ ദുരൂഹ മരണങ്ങളുടെ തുടർച്ചയാണെന്നാണ് സി.പി.എമ്മും സി.പി.ഐയും ആരോപിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷത്തിനിടെ അഞ്ചിലേറെ കോൺഗ്രസ് പ്രവർത്തകരാണ് വിവിധ കാരണങ്ങളാൽ വയനാട്ടിൽ ജീവനൊടുക്കിയത്.