കൽപറ്റയിൽ16കാരന് മർദനം;18കാരൻ ഉൾെപ്പടെ നാലുപേർ അറസ്റ്റിൽ
text_fieldsകൽപറ്റ: കൽപറ്റയിൽ 16കാരനെ സഹപാഠികൾ കൂട്ടംചേർന്ന് ക്രൂരമായി മർദിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. കൽപറ്റ സ്വദേശി മുഹമ്മദ് നാഫിലിനെയും (18) പ്രായപൂർത്തിയാകാത്ത മൂന്നു ആൺകുട്ടികളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് സംഘം ചേർന്ന് വിദ്യാർഥിയെ മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ഈ മാസം 21ന് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
കൽപറ്റ മെസ് ഹൗസ് റോഡിൽ എൻ.സി.സി ഓഫിസിനടുത്ത് ആളൊഴിഞ്ഞ ഗ്രൗണ്ടിലേക്ക് 16കാരനെ മൊബൈലിൽ വിളിച്ചുവരുത്തിയാണ് മർദിച്ചത്. ഇതിന്റെ ഏഴു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയാണ് പുറത്തുവന്നത്. ആക്രമണത്തിൽ വിദ്യാർഥിയുടെ മുഖത്തും തലക്കും പരിക്കേറ്റു. വലിയ വടിയുപയോഗിച്ചാണ് മുഖത്തും തലയിലും അടിച്ചത്. മുഖത്ത് തൊഴിക്കുകയും നിലത്തുവീണപ്പോൾ നിർബന്ധിച്ച് കാലുപിടിച്ച് മാപ്പുപറയിപ്പിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. നാഫലിനെ കോടതി റിമാൻഡ് ചെയ്തു.


