ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച് 28 പേർക്ക് പരിക്ക്
text_fieldsഅപകടത്തിൽപ്പെട്ട സ്വകാര്യ ബസും പിക്കപ് വാനും
കൽപറ്റ: അപകടങ്ങൾ പതിവായ കൽപറ്റ പടിഞ്ഞാറത്തറ റോഡിൽ കൽപറ്റ വെയർ ഹൗസിന് സമീപം സ്വകാര്യ ബസും പിക് അപ്പും കൂട്ടിയിടിച്ച് 28 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നേ മൂക്കാലോടെയായിരുന്നു അപകടം. കൽപറ്റയിൽനിന്ന് മാനന്തവാടിക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിരെ വന്ന പിക്കപ്പും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ കൽപറ്റ ഫാത്തിമ മാതാ മിഷൻ ആശുപത്രിയിലെത്തിച്ചു. ബസിലുണ്ടായിരുന്ന 28 പേർക്കാണ് പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല. വാരിയെല്ലിന് പരിക്കേറ്റ ബസ് യാത്രക്കാരനായ പടിഞ്ഞാറത്തറ സ്വദേശി അബ്ദുൾ റഹ്മാനെ കിടത്തി ചികിത്സക്ക് വിധേയനാക്കി ബാക്കിയുള്ളവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. അപകടത്തെത്തുടന്ന് റോഡിൽ ഏറെ നേരം ഗതാഗത തടസ്സമുണ്ടായി. ബസിന്റെ മുൻഭാഗം തകർന്നു.
മഴയുള്ളതിനാൽ കാഴ്ച മറഞ്ഞതാണ് വാഹനങ്ങൾ കൂട്ടിയിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഥിരം അപകടം നടക്കുന്ന സ്ഥലത്താണ് ഇത്തവണയും അപകടമുണ്ടായതെന്ന് രക്ഷാപ്രവർത്തനത്തിന് എത്തിയവർ പറഞ്ഞു.