Begin typing your search above and press return to search.
exit_to_app
exit_to_app
വയനാടിനെ കേട്ട ബജറ്റ്
cancel

കൽപറ്റ: യു.ഡി.എഫ് സർക്കാറിന്റെ ആദ്യ ബജറ്റ് വയനാടിന്റെ പ്രശ്നങ്ങളും ആവശ്യങ്ങളും പരിഗണിച്ചതെന്ന് പൊതുവിലയിരുത്തൽ. ജില്ലക്കായുള്ള പ്രത്യേക പദ്ധതികൾക്ക് പുറമേ കാർഷിക-വിനോദസഞ്ചാര-വന-ഗോത്രമേഖലകൾക്കുള്ള സംസ്ഥാനതലത്തിലുള്ള നിർദേശങ്ങളും പദ്ധതികളും വയനാടിന് ഏറെ ഗുണകരമാകും. അതേസമയം, മുണ്ടക്കൈ ഉരുൾദുരന്ത ബാധിതർക്കായി പ്രത്യേക പദ്ധതികളടക്കമുള്ളവ ബജറ്റിൽ ഇല്ലെന്നത് ആരോപണത്തിനിടയാക്കുന്നുണ്ട്.

വയനാട് ട്രൈബൽ യൂനിവേഴ്സിറ്റി സ്ഥാപിക്കാനുള്ള പ്രാഥമിക നടപടികൾക്ക് ബജറ്റിൽ 50 കോടി വകയിരുത്തിയിട്ടുണ്ട്. ചരിത്രകാരനും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെ.കെ.എന്‍. കുറുപ്പ് ഗോത്ര സർവകലാശാല സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സജീവമായി രംഗത്തുണ്ടായിരുന്നു. ആദിവാസി കുട്ടികളുടെ ബുദ്ധിവൈഭവം സമൂഹനന്‍മയ്ക്ക് പ്രയോജനപ്പെടുത്താൻ യൂനിവേഴ്‌സിറ്റിയിലൂടെ സാധ്യമാകുമെന്നും പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് ഇത് അനിവാര്യമാകുമെന്നും അദ്ദേഹം പറയുന്നു.

സുൽത്താൻ ബത്തേരി ചെതലയത്തെ ട്രൈബല്‍ സ്റ്റഡി സെന്ററില്‍ യൂനിവേഴ്‌സിറ്റിക്ക് താത്കാലിക സൗകര്യം ഒരുക്കാനാകും. ആദിവാസി സമൂഹങ്ങളുടെ സവിശേഷമായ സാംസ്‌കാരിക പൈതൃകം, പരമ്പരാഗത വിജ്ഞാന സമ്പ്രദായങ്ങള്‍, വികസനാഭിലാഷങ്ങള്‍ എന്നിവയ്ക്കു വേണ്ടി ‘വയനാട് ട്രൈബല്‍ സര്‍വകലാശാലയും തദ്ദേശീയ വിജ്ഞാന മേഖല’ ആരംഭിക്കുമെന്നാണ് ബജറ്റിൽ പറയുന്നത്.

പ്രത്യേക പാക്കേജ് ഗുണം വയനാടിനും

വയനാട്, ഇടുക്കി, കാസർകോട് എന്നീ പിന്നാക്ക ജില്ലകൾക്കായി ബജറ്റിൽ പ്രത്യേക പാക്കേജുണ്ട്. ഇത് വയനാടിന്റെ സമൂല മേഖലക്ക് ഗുണം ചെയ്യും. മനുഷ്യ-വന്യജീവി സംഘർഷം കുറക്കാൻ നടപടി, കോളജുകളിലെ റാഗിങ് തടയാൻ സിദ്ധാർഥന്റെ പേരിൽ ആന്റി റാഗിങ് നിയമം നടപ്പിലാക്കുമെന്നും ബജറ്റിൽ ഉണ്ട്. പൂക്കോട് വെറ്ററിനറി യൂനിവേഴ്സിറ്റിയിൽ റാഗിങ്ങിനിരയായി മരണപ്പെട്ട വിദ്യാർഥിയാണ് സിദ്ധാർഥൻ. വയനാട് മെഡിക്കൽ കോളജിൽ അടിസ്ഥാന സൗകര്യം ഒരുക്കുമെന്നതും ജില്ലക്ക് പ്രതീക്ഷ നൽകുന്നു. ബജറ്റിൽ പ്രഖ്യാപിച്ച പട്ടികജാതി-പട്ടിക വർഗക്കാർക്കുള്ള പുതിയ ഭവന പദ്ധതിയും വയനാടിന് ഏറെ ഗുണകരമാകും.

വിനോദ സഞ്ചാരത്തിന് 325 കോടി, വന്യമൃഗശല്യ പരിഹാരത്തിന് 192.20 കോടി: നേട്ടം വയനാടിനും

വിനോദസഞ്ചാര മേഖലയ്ക്ക് 325 കോടി രൂപ വകയിരുത്തിയതും റബ്ബറിന്റെ താങ്ങ് വില ഉയർത്തിയതുമെല്ലാം വയനാടിനും ഗുണം ചെയ്യും. മലയോരമേഖലയിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതിനായി 192.20 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. കടുവ പുലി എന്നിവയുടെ ശാസ്ത്രീയ സെന്‍സസ് നടത്തി മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നതും ജില്ലക്ക് ഏറെ ആശ്വാസകരമാണ്.

പട്ടികവര്‍ഗ ഉപ പദ്ധതിക്കായി മുന്‍ ബജറ്റില്‍നിന്ന് 152.52 കോടി രൂപ അധിക വിഹിതമായി വകയിരുത്തിയതും ഇവര്‍ക്കുള്ള പ്രത്യേക ഭവന പദ്ധതി പ്രഖ്യാപനവും സ്വാഗതാര്‍ഹമാണ്. ടൂറിസം മേഖലയില്‍ ‘ബ്രാന്‍ഡ് വയനാട്’ എന്ന ആശയം നടപ്പാക്കുമെന്നതും, സുല്‍ത്താന്‍ ബത്തേരിയില്‍ ഗവ. ആര്‍ട്‌സ് സയന്‍സ് കോളജ് ആരംഭിക്കുമെന്ന പ്രഖ്യാപനവും വയനാടിന് ഏറെ ഗുണകരമാകും.

ബജറ്റിൽ ഇടംകണ്ട്
നിലമ്പൂർ-നഞ്ചങ്കോട് റെയിൽപാത

വയനാട് പാക്കേജിൽ ഉൾപ്പെടുത്തി മൈസൂർ-നഞ്ചങ്കോട് നിലമ്പൂർ റെയിൽപാതയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി രണ്ടു കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഏറെ കാലങ്ങളായി വയനാട്ടുകാരുടെ നിരന്തര ആവശ്യമാണ് നിലമ്പൂർ-നഞ്ചൻകോട് റെയിൽപാത. 10 വർഷമായി മുടങ്ങിയ ഈ റയിൽപദ്ധതിക്ക് ഇതിലൂടെ പുതുജീവൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉ​രു​ൾ​ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് പ​ദ്ധ​തി​ക​ളി​ല്ല

സം​സ്ഥാ​ന ബ​ജ​റ്റി​ൽ മു​ണ്ട​ക്കൈ ഉ​രു​ൾ​ദു​ര​ന്ത ബാ​ധി​ത​ർ​ക്കാ​യി പ്ര​ത്യേ​ക സ​ഹാ​യ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കാ​ത്ത​ത് ആ​രോ​പ​ണ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ അ​തി​ജീ​വി​ത​ർ​ക്കു​ള്ള പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ള​ട​ക്ക​മു​ള്ള​വ​യെ​ല്ലാം പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​ത് ജ​ന​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ൽ​കി​യ പ​ണ​മു​പ​യോ​ഗി​ച്ചാ​ണ്. എ​ന്നാ​ൽ ഇ​വ​യൊ​ക്കെ സ​ർ​ക്കാ​ർ പ​ട്ടി​ക​യി​ൽ ഉ​ള്ള​വ​ർ​ക്കാ​ണ്. ദു​ര​ന്തം നേ​രി​ട്ടു​ത​ന്നെ ബാ​ധി​ച്ച എ​ന്നാ​ൽ സ​ർ​ക്കാ​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത നി​ര​വ​ധി അ​തി​ജീ​വി​ത​ർ ഇ​പ്പോ​ഴും സ​ഹാ​യ​പ​ദ്ധ​തി​ക​ൾ​ക്ക് പു​റ​ത്താ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​തെ​ങ്കി​ലും പ​ദ്ധ​തി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഉ​ണ്ടാ​യി​ല്ല.

Show Full Article
TAGS:Kerala Budget VD Satheesan finance minister Wayanad 
News Summary - A perfect Budget for Wayanad
Next Story