ഫെൻസിങ് നിർമാണം; വനത്തിൽ നിന്ന് ഇരുന്നൂറോളം മരങ്ങൾ മുറിച്ചുനീക്കി
text_fieldsഫെൻസിങ്ങിനായി നിർമിച്ച റോഡ്
കൽപറ്റ: വന്യമൃഗ ശല്യം തടയുന്നതിന് ഫെൻസിങ് നിർമിക്കാൻ ഇത്തരവിറങ്ങിയ സ്ഥലത്ത് ഇരുന്നോറോളം മരങ്ങൾ മുറിച്ചു നീക്കിയതായി ആരോപണം. ഫെൻസിങ് നിർമാണത്തിന് വേലി കെട്ടുന്ന സ്ഥലത്തെ മാത്രം കാടുകളും മരങ്ങളും മുറിച്ചു മാറ്റേണ്ട സ്ഥാനത്ത് റോഡിനെന്ന പോലെ നിലമൊരുക്കി ഇരുന്നൂറോളം മരങ്ങൾ മുറിച്ചു മാറ്റിയതായാണ് ആരോപണം.
വൈത്തിരി 10ാം മൈൽ കുന്നംപുറം വനമേഖലയിലാണ് മൂന്ന് കിലോമീറ്റർ ഫെൻസിങ് നിർമിക്കാൻ വനംവകുപ്പ് തീരുമാനിക്കുകയും എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തത്. എന്നാൽ, ഫെൻസിങ് നിർമാണത്തിന് നിലമൊരുക്കേണ്ട സ്ഥാനത്ത് എർത്ത് വർക്ക് നിർമാണമെന്ന് വരുത്തി തീർത്താണ് 2.3 കിലോ മീറ്ററിൽ മരങ്ങൾ മുറിച്ചുമാറ്റി റോഡ് നിർമിച്ചതെന്ന് പറയുന്നു. ചില ഉദ്യോഗസ്ഥർ ഇടപെട്ടതോടെ മരംമുറി ഉൾപ്പടെ പ്രവൃത്തി നിർത്തിവെക്കുകയായിരുന്നു.
തൊട്ടടുത്ത് മറ്റൊരു ഭാഗത്തുകൂടെ മരങ്ങളൊന്നും മുറിക്കാതെ തന്നെ ഫെൻസിങ് നിർമാണം നടത്താൻ കഴിയുമായിരുന്നിട്ടും ചില ഉദ്യോഗസ്ഥരുടെ ഇടപെടലിൽ ഇത്തരത്തിൽ നിരവധി മരങ്ങൾ മുറിച്ചുമാറ്റിയത് സ്വകാര്യ വ്യക്തിയെ സഹായിക്കാനാണെന്നും ആരോപണമുണ്ട്. കഴിഞ്ഞ ആഗസ്റ്റിലാണ് വലിയ ഹിറ്റാച്ചി ഉപയോഗിച്ച് മരങ്ങൾ മുറിച്ചുമാറ്റുകയും റോഡ് നിർമിക്കുകയും ചെയ്തത്. ഇതിനകം മുറിച്ച 152 മരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
നിരവധി മരങ്ങൾ ഇനിയും മണ്ണിനടിയിലുണ്ടെന്നാണ് വിവിരം. ഫെൻസിങ് നിർമാണത്തിന് സാധാരണ വളരെ കുറച്ചു മരങ്ങൾ മാത്രമമേ മുറിച്ചു മാറ്റേണ്ടി വരികയുള്ളൂ. എന്നാൽ, റോഡ് നിർമാണത്തിന് എർത്ത് വർക്ക് എന്ന തരത്തിലാണ് ഇവിടെ പ്രവർത്തികൾ നടന്നത്. നിർത്തിവെച്ച 700 മീറ്റർ ഫെൻസിങ് നിർമാണം മരങ്ങൾ ഇല്ലാത്ത ഭാഗത്തു കൂടി നടത്താനാണ് ആലോചന. സംഭവത്തെ കുറിച്ച് വിജിലൻസും പൊലീസും അന്വേഷണം നടത്തുന്നതായാണ് വിവരം.
നിർമാണത്തിൽ അപാകതയില്ലെന്ന് ഡി.എഫ്.ഒ
വൈത്തിരി 10ാം മൈൽ കുന്നംപുറം വനമേഖലയിലെ ഫെൻസിങ് നിർമാണവുമായി ബന്ധപ്പെട്ട് അപാകതയില്ലെന്ന് ഡി.എഫ്.ഒ അജിത് കെ. രാമൻ മാധ്യമത്തോട് പറഞ്ഞു. മുറിച്ചു മാറ്റേണ്ട മരങ്ങൾ നേരത്തേ തന്നെ അടയാളപ്പെടുത്തുകയും മരങ്ങൾ മുറിക്കുന്നതിന് അനുമതി വാങ്ങുകയും ചെയ്തിരുന്നു.
വന്യമൃഗ ശല്യം തടയുന്നതിന് അവിടെ ഫെൻസിങ് നിർമിക്കേണ്ടത് അത്യാവശ്യമാണ്. മരങ്ങൾ മുറിക്കാതെ ഈ സ്ഥലത്തുകൂടെ നിർമാണ പ്രവൃത്തികൾ നടത്താൻ കഴിയില്ല. നിർത്തിവെച്ച നിർമാണം മഴ കഴിഞ്ഞാൽ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.


