നിയമസഭ തെരഞ്ഞെടുപ്പ്; ചൂടിൽ വാടാതെ സ്ഥാനാർഥികൾ
text_fieldsകൽപറ്റയിലെ യു.ഡി.എഫ് സ്ഥാനാർഥി ടി. സിദ്ദീഖ് മുണ്ടേരി മരവയൽ സ്റ്റേഡിയത്തിൽ രാവിലെ മറ്റുള്ളവർക്കൊപ്പം ജോഗിങിൽ
കൽപറ്റ: ജില്ലയിലിപ്പോൾ വേനലിന് കനത്ത ചൂടാണ്. ഉച്ചയാകുമ്പോൾ പുറത്തിറങ്ങാൻപോലും വയ്യ. പക്ഷേ മുന്നണികളെയും സ്ഥാനാർഥികളെയും ചൂട് തളർത്തുന്നേയില്ല. ഇനി ആകെ ഒമ്പതുദിവസങ്ങൾ കൂടിയാണ് നിയമസഭ തെരഞ്ഞെടുപ്പിനുള്ളത്. ഏറ്റവും കുറവ് പ്രചാരണ ദിവസം കിട്ടുന്ന തെരഞ്ഞെടുപ്പായതിനാൽ പരമാവധി ആളുകളിലേക്ക് സ്ഥാനാർഥിയുടെ വിവരങ്ങൾ എത്തിക്കാനുള്ള പെടാപാടിലാണ് എല്ലാവരും
പി.കെ. അനിൽകുമാർ
കൽപറ്റ: സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് ആദ്യദിനം തന്നെ പ്രചാരണം ആരംഭിച്ച കൽപറ്റ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പി.കെ. അനിൽകുമാറിന്റെ രണ്ടാംഘട്ടത്തിലെ വാഹന പര്യടന ജാഥക്ക് വിവിധയിടങ്ങളിൽ സ്വീകരണം നൽകി. തിങ്കളാഴ്ച മൂന്നാം ദിന ജാഥ പുത്തൂർവയലിൽ നിന്നാണ് ആരംഭിച്ചത്. ആനോത്ത്, ആറാം മൈൽ, പൊഴുതന, കല്ലൂർ, വൈത്തിരി, കോളിച്ചാൽ, തളിപ്പുഴ തുടങ്ങിയ പ്രദേശങ്ങളിലൂടെയും ജാഥ സഞ്ചരിച്ചു. തളിമല, ചേലോട് എസ്റ്റേറ്റ്, ചുണ്ടേൽടൗൺ, ചുണ്ടേൽ എസ്റ്റേറ്റ് എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം നടുപ്പാറയിലാണ് തിങ്കളാഴ്ച ജാഥ സമാപിച്ചത്.
ടി. സിദ്ദീഖ്
കല്പറ്റ: കൽപറ്റ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ടി. സിദ്ദീഖ് മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളും സ്വന്തം നിലയില്‍ ആവിഷ്ക്കരിച്ച് യാഥാര്‍ഥ്യമാക്കിയ പദ്ധതികളുമാണ് പ്രചാരണങ്ങളിൽ പ്രധാനമായും ഉന്നയിക്കുന്നത്. നാലാം ദിവസത്തെ പര്യടനം പൊഴുതന ഇടിയംവയലില്‍ നിന്നാണ് തുടങ്ങിയത്. മുസ്ലിം ലീഗ് ആക്ടിങ് പ്രസിഡന്റ് എന്‍.കെ. റഷീദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു.ഡി.എഫ് ചെയര്മാന് കെ.വി. ഉസ്മാന് അധ്യക്ഷത വഹിച്ചു. വൈത്തിരി ടൗണിലായിരുന്നു നാലാം ദിവസത്തെ പര്യടനപരിപാടികള്‍ക്ക് പരിസമാപ്തിയായത്.
ഒ.ആർ. കേളു
മാനന്തവാടി: മാനന്തവാടി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ഒ.ആർ. കേളുവിന്റെ പ്രചാരണം പുരോഗമിക്കുന്നു. തലപ്പുഴ കമ്പമലയിലെ തേയിലത്തോട്ടം തൊഴിലാളികളോട് വോട്ടുതേടി. ആറാട്ടുതറ, വട്ടർക്കുന്ന്, പാലാക്കുളി, തവിഞ്ഞാൽ ചുങ്കം, കാപ്പാട്ടുമല, വെൺമണി, ആറോല എന്നിവിടങ്ങിലെ കുടുംബയോഗങ്ങളിലും പങ്കെടുത്തു. സ്ത്രീകളുൾപ്പെടെയുള്ളവരുടെ വലിയ പങ്കാളിത്തമാണ് ഓരോ കുടുംബയോഗങ്ങളിലും. ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ എടവക പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ പര്യടനം നടത്തും. വൈകീട്ട് നാലിന് മാനന്തവാടിയിൽ റോഡ് ഷോയിലും പങ്കെടുക്കും.
ഉഷാ വിജയൻ
മാനന്തവാടി: മാനന്തവാടി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഉഷ വിജയന്റെ തിങ്കളാഴ്ചത്തെ തെരഞ്ഞെടുപ്പ് പര്യടനം രാവിലെ ഒമ്പതു മണിക്ക് അഞ്ച്കുന്നിൽനിന്ന് ആരംഭിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി. മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. കാരക്കാമല, കാപ്പുംകുന്ന്, പീച്ചങ്കോട്, ദ്വാരക, തോണിച്ചാൽ, പാലമൊക്ക്, എള്ളുമന്ദം എന്നിവടങ്ങളിൽ ഊഷ്മള വരവേൽപാണ് സ്ഥാനാർഥിക്ക് ലഭിച്ചത്. പി.കെ. ജയലക്ഷ്മി, എച്ച്.ബി. പ്രദീപ് മാസ്റ്റർ, എൻ.കെ. വർഗീസ്, പടയൻ മുഹമ്മദ് എന്നിവർ കൂടെയുണ്ടായിരുന്നു. വിവിധയിടങ്ങളിൽ സ്ത്രീകളടക്കം ജനക്കൂട്ടമണ് സ്ഥാനാർഥിയെ സ്വീകരിക്കാനെത്തുന്നത്.


