നിയമസഭ തെരഞ്ഞെടുപ്പ്; ബത്തേരിയിൽ ഒ.ആർ. രഘുവിന്റെ പേരും പരിഗണനയിൽ
text_fieldsകൽപറ്റ: നിയമസഭ തെരഞ്ഞെടുപ്പിൽ സംവരണ മണ്ഡലമായ സുൽത്താൻ ബത്തേരിയിൽ യു.ഡി.എഫ് സ്ഥാനാർഥിയായി കോൺഗ്രസ് നേതാവ് അഡ്വ. ഒ.ആർ. രഘുവിന്റെ പേരും പരിഗണനയിൽ. കുറുമ വിഭാഗത്തിൽപെട്ട രഘുവിനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം ശക്തമായി രംഗത്തുവരുകയും ദേശീയ -സംസ്ഥാന നേതാക്കളെ കണ്ട് വിഷയം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കുറുമ സമുദായത്തിലെ വലിയൊരു വിഭാഗം ഞായറാഴ്ച യോഗം ചേരുമെന്നാണ് വിവരം. മുൻ ഡി.സി.സി പ്രസിഡന്റിന്റെ ആത്മഹത്യ ഉൾപ്പെടെ വിവിധ വിവാദങ്ങൾ നിലനിൽക്കുന്നത് കാരണം നിലവിലെ എം.എൽ.എ ഐ.സി. ബാലകൃഷ്ണന് നാലാമത്തെ ഊഴം നൽകാതിരിക്കുകയോ മാനന്തവാടിയിലേക്ക് മാറുകയോ ചെയ്താൽ രഘുവിനെ പരിഗണിക്കാനുള്ള സാധ്യത കൂടുതലാണ്.
കെ.എസ്.യുവിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ രഘു അതിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു. പിന്നീട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായി. വിദ്യാർഥിയായിരിക്കെ കോഴിക്കോട് ലോ കോളജിൽ നടന്ന ആക്രമണത്തിൽ രഘുവിന് ഒരു കണ്ണിന്റെ കാഴ്ചതന്നെ നഷ്ടമായിരുന്നു. പിന്നീട് കേരള പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നെങ്കിലും ശാരീരിക വൈകല്യം കാരണം പരിഗണിച്ചില്ല. നിലവിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പറായ അദ്ദേഹം വയനാട് ഡി.സി.സി ജനറൽ സെക്രട്ടറി കൂടിയാണ്. ആദിവാസി സമൂഹങ്ങളുടെ അവകാശങ്ങൾ, ഭൂമി പ്രശ്നങ്ങൾ, സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന രഘുവിന് ഇത്തവണ അവസരം നൽകണമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം.


