ഉരുൾ ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ; കേന്ദ്ര നിലപാടിനെതിരെ വ്യാപക പ്രതിഷേധം
text_fieldsദുരന്ത ബാധിതരുടെ വായ്പകൾ എഴുതിത്തള്ളില്ലെന്ന കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൽപറ്റയിൽ നടത്തിയ പ്രകടനം
കൽപറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്ത ബാധിതരുടെ ബാങ്ക് വായ്പകൾ എഴുതി തള്ളാനാകില്ലെന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ വ്യാപക പ്രതിഷേധം. വായ്പ എഴുതിത്തള്ളാനാകില്ലെന്നു കേന്ദ്ര സർക്കാർ കേരള ഹൈകോടതിയിൽ സത്യവാങ്മൂലം നൽകിയതോടെ എല്ലാം നഷ്ടപ്പെട്ട ദുരന്ത ബാധിതർക്ക് കനത്ത തിരിച്ചടിയായി. കഴിഞ്ഞ വർഷം ദുരന്തമുണ്ടായി 10 ദിവസം കഴിഞ്ഞപ്പോൾ മേഖല സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾ ബാധിതർക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, കേന്ദ്ര സഹായത്തിൽ കാണിച്ച് നിസ്സംഗത വായ്പ എഴുതിത്തള്ളുന്ന കാര്യത്തിലും കാണിച്ചതോടെ കേന്ദ്രസർക്കാറിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ആവശ്യം നിരസിക്കുന്നത് ഞെട്ടിക്കുന്ന നടപടി -പ്രിയങ്ക ഗാന്ധി എം.പി
വലിയ ബിസിനസുകളുടെ വായ്പകൾ മടിയില്ലാതെ എഴുതി തള്ളുന്ന കേന്ദ്ര സർക്കാർ, ദുരിതബാധിതരുടെ ചെറിയ തുക എഴുതി തള്ളണമെന്ന ആവശ്യം നിരസിക്കുന്നത് ഞെട്ടിക്കുന്ന നടപടിയെന്ന് പ്രിയങ്ക ഗാന്ധി എം.പി. വയനാട്ടിലെ ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പകൾ എഴുതി തള്ളാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ ഹൈകോടതിയിൽ അറിയിച്ച വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അവർ. ജനങ്ങൾക്ക് ആവശ്യമായ സമയത്ത് കേന്ദ്ര സർക്കാർ അവരെ പരാജയപ്പെടുത്തിയിരിക്കുന്നുവെന്ന കോടതിയുടെ നിരീക്ഷണത്തോട് പൂർണമായും യോജിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
യൂത്ത് കോൺഗ്രസ് പ്രതിഷേധം
ചൂരൽമല, മുണ്ടക്കൈ ദുരന്ത ബാധിതരുടെ വായ്പകൾ എഴുതി തള്ളില്ലെന്ന് കേന്ദ്രസർക്കാർ ഹൈകോടതിയിൽ സ്വീകരിച്ച നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ജില്ല ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ, നിയോജക മണ്ഡലം പ്രസിഡണ്ട് ഡിന്റോ ജോസ്, മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഫെബിൻ, സുനീർ ഇത്തിക്കൽ, ഷംസുദ്ദീൻ, രമ്യ ജയപ്രസാദ്, അർജുൻ ദാസ്, ആൽബർട്ട് ആന്റണി, ഷബീർ പുത്തൂർവയൽ, എം.വി. ഷനൂബ് , രഞ്ജിത്ത് ബേബി, അമൽ മണിയങ്കോട്, വിഷ്ണു അമ്പിലേരി തുടങ്ങിയവർ നേതൃത്വം നൽകി.
നിലപാട് മനുഷ്യത്വരഹിതം -സി.പി.എം
മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതരുടെ വായ്പകള്‍ എഴുതി തള്ളില്ലെന്ന് കേന്ദ്ര സർക്കാർ ഹൈകോടതിയില്‍ നിലപാട് സ്വീകരിച്ചത് അങ്ങേയറ്റം ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി കെ. റഫീഖ്. ദുരന്ത ബാധിതരോടുള്ള കേന്ദ്ര സർക്കാരിന്റെ ശത്രുതാപരമായ നിലപാട് അംഗീകരിക്കാനാവില്ല. ഇതിനെതിരേ ശക്തമായ പ്രതിഷേധമുയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
നിലപാട് തിരുത്തണം -സി.പി.ഐ
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിലെ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളില്ലെന്ന കേന്ദ്രസർക്കാർ നിലപാട് തിരുത്തണമെന്ന് സി.പി.ഐ വയനാട് ജില്ല സെക്രട്ടറി ഇ.ജെ. ബാബു ആവശ്യപ്പെട്ടു. വായ്പ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്ന് ന്യായീകരിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ബാങ്കുകളുടെ ആഭ്യന്തര തീരുമാനങ്ങളില്‍ ഇടപെടാനാകില്ലെന്നു കേന്ദ്രറിയിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണം.
പ്രകൃതി ദുരന്തത്തിൽ മറ്റ് സംസ്ഥാനങ്ങളോട് കാണിക്കുന്ന സമീപനമല്ല കേരളത്തോട് കേന്ദ്രം കാണിക്കുന്നത്. വയനാട്ടിലെ ജനങ്ങൾക്ക് അർഹമായ സഹായം അനുവദിക്കുന്നതിനും ദുരന്തബാധിതരുടെ വായ്പ എഴുതിതള്ളുന്നതിനും കേന്ദ്ര സർക്കാർ തയാറകണമെന്നും ഇ.ജെ. ബാബു ആവശ്യപ്പെട്ടു.
ഡി.വൈ.എഫ്.ഐ പ്രതിഷേധം
ചൂരൽമല മുണ്ടകൈ ദുരന്ത ബാധിതരുടെ ലോൺ എഴുതി തള്ളില്ലെന്ന കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി. ജില്ല സെക്രട്ടറി കെ.എം. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. കെ.ആർ. ജിതിൻ അധ്യക്ഷനായി. ജില്ല കമ്മറ്റി അംഗങ്ങളായ സി. ഷംസുദ്ധീൻ, ഹരിശങ്കർ, അഷിഖ്, പി. സുഭാഷ് എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അർജുൻ ഗോപാൽ സ്വാഗതവും കൽപറ്റ ബ്ലോക്ക് പ്രസിഡന്റ് എം.കെ. റിയാസ് നന്ദിയും പറഞ്ഞു.
കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കൽപറ്റയിൽ നടത്തിയ പ്രകടനം
ക്രൂരവും മനുഷ്യത്വരഹിതവുമായ നടപടി -ടി. സിദ്ദീഖ് എം.എൽ.എ
കേന്ദ്രസർക്കാർ ദുരന്തബാധിതരോട് സ്വീകരിച്ചത് ക്രൂരവും മനുഷ്യത്വരഹിതവുമായ നടപടിയെന്ന് ടി.സിദ്ധീഖ് എം.എൽ.എ. ചേർത്തു നിർത്തലും സഹാനുഭൂതിയോടു കൂടിയുള്ള ഇടപെടലും വേണ്ടിടത്ത് കേന്ദ്രസർക്കാർ സ്വീകരിച്ചത് ഒരു സർക്കാർ ഒരിക്കൽ പോലും ചെയ്യാൻ പാടില്ലാത്ത നടപടിയാണ്. ദുരന്തത്തിൽ രാഷ്ട്രീയ മുഖം കാണുന്നത് സർക്കാരിന് ചേർന്ന നടപടിയല്ല. കടംമേറ്റെടുക്കാൻ നിയമപരമായി തങ്ങൾക്ക് സാധ്യമല്ലെന്ന കേന്ദ്രസർക്കാർ നിലപാട് ലജ്ജാകരമാണ്. ദുരന്തമുണ്ടായ സമയത്ത് ദേശീയ ദുരന്ത ലഘൂകരണ നിയമം അനുസരിച്ച് ദുരന്തബാധിതരുടെ സാമ്പത്തിക ബാധ്യത കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്തമായിരുന്നു. എന്നാൽ പിന്നീട് നിയമം പാസാക്കി ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് കേന്ദ്രസർക്കാർ. ചേർത്തു നിർത്തലിന്റെയും അതിജീവനത്തിന് കരുത്ത് നൽകാനുമുള്ള നടപടികളുമാണ് സർക്കാർ സ്വീകരിക്കേണ്ടതെന്നും എം.എൽ.എ പറഞ്ഞു.
അങ്ങേയറ്റം മനുഷ്യത്വരഹിതം -സംഷാദ് മരക്കാര്‍
മുണ്ടക്കൈ ചൂരല്‍മല ദുരന്ത ബാധിതരുടെ വായ്പ എഴുത്തിത്തള്ളാന്‍ കഴിയില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അങ്ങേയറ്റം മനുഷ്യത്വരഹിതമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. ദുരന്തബാധിതരും രാജ്യത്തെ പൗരന്മാരാണെന്നത് മറക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാറില്‍ നിന്നുണ്ടായത്. വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നായി വായ്പകളെടുത്തിരുന്ന ദുരന്തബാധിതര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍, മനുഷ്യത്വരഹിതമായ നിലപാടാണ് കേന്ദ്രം കൈകൊണ്ടിരിക്കുന്നത്. ദുരന്തബാധിതരുടെ മുന്നോട്ടുള്ള ജീവിതത്തിന്റെ സകല പ്രതീക്ഷങ്ങളുമില്ലാതാക്കുന്നതാണ് കേന്ദ്ര സമീപനം. മനുഷ്യത്വരഹിത തീരുമാനങ്ങളില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും വിഷയം ചര്‍ച്ച ചെയ്യാൻ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി സര്‍വകക്ഷിയോഗം വിളിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


