കോവിഡിനുശേഷം ബത്തേരി ഡിപ്പോക്ക് റെക്കോഡ് വരുമാനം; ജനുവരിയിൽ ടിക്കറ്റ് വരുമാനം നാലുകോടി കടന്നു
text_fieldsകൽപറ്റ: രണ്ടു വർഷത്തെ കോവിഡ് പ്രതിസന്ധിക്കുശേഷം ഒരു മാസത്തിൽ ടിക്കറ്റിനത്തിൽ മാത്രമായി നാലു കോടിയിലധികം രൂപയുടെ റെക്കോഡ് വരുമാനവുമായി കെ.എസ്.ആർ.ടി.സി സുൽത്താൻ ബത്തേരി ഡിപ്പോ. 2023 ജനുവരിയിൽ മാത്രം 4,00,54,973 രൂപയുടെ റെക്കോഡ് വരുമാനമാണ് നേടിയത്.
ജനുവരി ഒന്ന് മുതൽ 15 വരെ നടത്തിയ പൂപ്പൊലി സ്പെഷൽ ബസ് സർവിസുകളും വിനോദസഞ്ചാരികൾക്കായുള്ള ജംഗിൾ സഫാരിയുമാണ് ജില്ലയിൽ ഒരു മാസത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ഡിപ്പോയാകാൻ കാരണമായത്.
ജനുവരിയിൽ മാനന്തവാടി ഡിപ്പോയിൽ മൂന്നു കോടി ഒമ്പതു ലക്ഷവും കൽപറ്റ ഡിപ്പോയിൽ രണ്ടു കോടി 94 ലക്ഷവുമാണ് ലഭിച്ചത്. കോവിഡിനുശേഷം ജില്ലയിലെ മൂന്ന് കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും 2023ലെ ആദ്യ മാസത്തിൽ വരുമാന വർധനയുണ്ടായി.
ജനുവരിയിൽ ജംഗിൾ സഫാരിയിലൂടെ മാത്രമായി 2,73,000 രൂപയും 15 ദിവസത്തെ അമ്പലവയൽ പൂപ്പൊലി സ്പെഷൽ ബസ് സർവിസുകളിലൂടെയായി 1,59,183 രൂപയും സുൽത്താൻ ബത്തേരി ഡിപ്പോക്ക് ലഭിച്ചത്. ഇതോടൊപ്പം കോവിഡിനിടെ നിർത്തലാക്കിയ ബസ് സർവിസുകൾ പുനരാരംഭിച്ചതോടെ ദീർഘദൂര ബസ് സർവിസുകളിലൂടെയും പ്രാദേശിക സർവിസുകളിലൂടെയും ലഭിച്ച വരുമാനവും ചേർത്താണ് ജനുവരിയിലെ വരുമാനം നാലു കോടി കടന്നത്.
ലോക്ഡൗണിന് മുമ്പ് 2019 ഡിസംബറിലാണ് ഇതിനുമുമ്പ് സുൽത്താൻ ബത്തേരി ഡിപ്പോയിലെ മാസ വരുമാനം 4.2 കോടിയിലെത്തിയത്. 2020 ജനുവരിയിൽ 3.91 കോടി ലഭിച്ചിരുന്നു. 2022 സെപ്റ്റംബറിൽ 3.85 കോടി, ഒക്ടോബറിൽ 3.77 കോടി, നവംബർ 3.44 കോടി, ഡിസംബറിൽ 3.76 കോടി എന്നിങ്ങനെ ശരാശരി മൂന്നര കോടിയുണ്ടായിരുന്ന വരുമാനമാണ് 2023 ജനുവരിയിൽ നാലു കോടി കടന്നത്.
ഒക്ടോബറിൽ ആരംഭിച്ച ജംഗിൾ സഫാരിയിലൂടെ മാത്രം ഇതുവരെയായി 11 ലക്ഷത്തിലധികം രൂപയാണ് ഡിപ്പോയുടെ വരുമാനം. കഴിഞ്ഞ മാസം മാനന്തവാടി ഡിപ്പോയിലും ജംഗിൾ സഫാരി ആരംഭിച്ചിരുന്നു. മൂന്നു ഡിപ്പോകളിലും കോവിഡ് കാലത്ത് നിർത്തലാക്കിയ ബസ് സർവിസുകൾ ഉൾപ്പെടെ ഇതിനോടകം പുനരാരംഭിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് നിർത്തിയ ബത്തേരി ഡിപ്പോയുടെ വടകര-ബംഗളൂരു ബസ് സർവിസ് ഈ വരുന്ന 12ന് വീണ്ടും ആരംഭിക്കും.
ജീവനക്കാരുടെ കൂട്ടായ പ്രവർത്തനവും ആത്മാർഥതയുമാണ് വരുമാന വർധനക്ക് നിർണായകമായതെന്നും അർപ്പണബോധത്തോടെ കൃത്യമായി സർവിസുകൾ ഓപറേറ്റ് ചെയ്ത ജീവനക്കാരാണ് ഈ നേട്ടത്തിന് പിന്നിലെന്നും കെ.എസ്.ആർ.ടി.സി വയനാട് ഡി.ടി.ഒ ജോഷി ജോൺ 'മാധ്യമ'ത്തോട് പറഞ്ഞു. ഇതിന് പുറമെ ഡിപ്പോയിലെ സ്ലീപ്പർ ബസ് സംവിധാനത്തിലൂടെ 1,68,820 രൂപയും ലഭിച്ചു.