സ്ഥാനാർഥികളേ... പണമെറിയേണ്ട, പിടിവീഴും
text_fieldsകൽപറ്റ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാർഥിയോ, സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ഏജന്റോ ചെലവഴിച്ച തുകയുടെ വിവരങ്ങള്‍ ഫലപ്രഖ്യാപനം കഴിഞ്ഞ് 30 ദിവസത്തിനകം അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നല്‍കണം. നാമനിർദേശം ചെയ്യപ്പെട്ട തീയതി മുതല്‍ ഫലം പ്രഖ്യാപിക്കുന്ന തീയതി വരെ തെരഞ്ഞെടുപ്പ് ആവശ്യത്തിനായി നടത്തിയ ചെലവുകളുടെ വിശദമായ കണക്കുകള്‍ സ്ഥാനാർഥിയും ഏജന്റും സൂക്ഷിക്കണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥകൂടിയായ ജില്ല കലക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു.
സ്ഥാനാർഥികള്‍ക്ക് ഗ്രാമപഞ്ചായത്തില്‍ 25,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും നഗരസഭയിലും 75,000 രൂപയും ജില്ല പഞ്ചായത്തിലും കോര്‍പറേഷനിലും 1,50,000 രൂപയുമാണ് പരമാവധി വിനിയോഗിക്കാവുന്ന തുക. ചെലവ് കണക്കില്‍ ചെലവ് നടന്ന തീയതി, ചെലവിന്റെ സ്വഭാവം, നല്‍കിയതോ നല്‍കേണ്ടതോ ആയ തുക, തുക നല്‍കിയ തീയതി, തുക കൈപ്പറ്റിയ ആളിന്റെ പേര്, മേല്‍വിലാസം, വൗച്ചറിന്റെ സീരിയല്‍ നമ്പര്‍, തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തണം.
ചെലവ് നിരീക്ഷകനോ മറ്റ് ഉദ്യോഗസ്ഥരോ ആവശ്യപ്പെടുമ്പോള്‍ സ്ഥാനാര്‍ഥികള്‍ ചെലവ് കണക്ക് ഹാജരാക്കണം. സ്ഥാനാര്‍ഥികളുടെ ദൈനംദിന കണക്കുകള്‍ പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ചെലവ് നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. സ്ഥാനാർഥിക്ക് ഇലക്ഷന്‍ എക്സ്പെന്‍ഡിച്ചര്‍ മൊഡ്യുള്‍ സോഫ്റ്റ്‌വെയറില്‍ ഓണ്‍ലൈനായും തെരഞ്ഞെടുപ്പ് ചെലവുകള്‍ സമര്‍പ്പിക്കാം. https://www.sec.kerala.gov.in സന്ദര്‍ശിച്ച് ലോഗിന്‍ ക്രിയേറ്റ് ചെയ്ത് ചെലവ് കണക്കുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നല്‍കാം.
പ്രചാരണത്തിന് ചെലവഴിക്കാൻ സാധിക്കുന്ന തുക:
- ഗ്രാമപഞ്ചായത്തിൽ 25,000 രൂപ
- ബ്ലോക്കിലും നഗരസഭയിലും 75,000
- ജില്ല പഞ്ചായത്തിൽ 1,50,000 രൂപ


