പരാതിക്കാരി വന്നില്ല, വനംവകുപ്പിനെതിരായ കേസ് തീർപ്പാക്കി
text_fieldsകൽപറ്റ: വനംവകുപ്പിനെതിരെ വീട്ടമ്മ നൽകിയ പരാതി മനുഷ്യാവകാശ കമ്മീഷൻ തീർപ്പാക്കി. പരാതിക്കാരി റിപ്പോർട്ടിന് മറുപടി നൽകുകയോ സിറ്റിങ്ങിൽ ഹാജരാവുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് കമ്മീഷൻ കേസ് തീർപ്പാക്കിയത്.
വനം വകുപ്പ് വാഹനം വീടിന്റെ വഴിമുടക്കി പാർക്ക് ചെയ്തത് ചോദ്യം ചെയ്തപ്പോൾ ജീവനക്കാർ മകനെ ഉപദ്രവിച്ചതായി പരാതിപ്പെട്ട് പുൽപള്ളി കുറിച്ചിപ്പട്ട സ്വദേശിനി സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഡി.എഫ്.ഒയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, പുൽപള്ളി ആലൂർക്കുന്ന് കുറിച്ചി ഭാഗത്ത് കാട്ടാനയിറങ്ങിയതായി വ്യാജ ഫോൺ സന്ദേശം ലഭിച്ചതിനെതുടർന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ജീവനക്കാരെ പ്രദേശവാസികളായ ചിലർ ചേർന്ന് ആക്രമിച്ചതായാണ് ഡി.എഫ്.ഒ കമീഷനെ അറിയിച്ചത്. ഇതിനെതിരെ വനം വകുപ്പ് പുൽപള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു.
കഴിഞ്ഞ വർഷം ഫെബ്രുവരി 5 ന് രാത്രിയിലാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. മാരുതി കാറിലെത്തിയ പരാതിക്കാരിയുടെ മകനും മറ്റ് ചിലരും ചേർന്ന് യാതൊരു പ്രകോപനവുമില്ലാതെ ബീറ്റ് ഫോറസ്റ്റ് ഓഫിസറെയും വാച്ചർമാരെയും ആക്രമിക്കുകയായിരുന്നു.
തുടർന്ന് ജീവനക്കാർ സംഭവസ്ഥലത്ത് നിന്നും പിൻമാറി. ഇതിനുശേഷവും കാട്ടാനയിറങ്ങിയതായി ഫോൺ വന്നു. വീണ്ടും സ്ഥലത്തെത്തിയ ബീറ്റ് ഫോറസ്റ്റ് ഓഫിസറെ സംഘം തടഞ്ഞുവെക്കുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും മർദിക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറഞ്ഞു. ജീവനക്കാർ മദ്യപിച്ചിരുന്നുവെന്ന പരാതിയും ഡി.എഫ്.ഒ തള്ളിയിരുന്നു.


